Sorry, you need to enable JavaScript to visit this website.

ലീഗിലെ സമവാക്യങ്ങൾ മാറിയില്ല, പി.എം.എ സലാമിന്റെ രണ്ടാമൂഴത്തിന് പ്രത്യേകതകളേറെ

മുസ്ലിം ലീഗിലെ അധികാര സമവാക്യങ്ങളെ കുടഞ്ഞെറിയാതെയാണ് പാർട്ടിയെ നയിക്കാൻ ജനറൽ സെക്രട്ടറിയായി പി.എം.എ സലാമും പ്രസിഡന്റായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും വീണ്ടും എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ജനറൽ സെക്രട്ടറി പദവിയിലേക്ക് ഡോ. എം.കെ മുനീറിന്റെ പേര് പരിഗണിക്കുന്നുവെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നുവെങ്കിലും ഇന്ന് ചേർന്ന സംസ്ഥാന കൗൺസിലിൽ പി.എം.എ സലാമിനെ വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു. 
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയിലാണ് കെ.പി.എ മജീദിന് പകരം പി.എം.എ സലാം ആക്ടിംഗ് ജനറൽ സെക്രട്ടറിയുടെ പദവിയിൽ എത്തുന്നത്. ജനറൽ സെക്രട്ടറിയുടെ പൂർണമായ അധികാരം കയ്യിൽ ഇല്ലാതിരുന്നിട്ടും പാർട്ടിയെ പൂർണമായ അർത്ഥത്തിൽ ചലിപ്പിക്കാൻ പി.എം.എ സലാമിന് സാധിച്ചു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് പാർട്ടി തെരഞ്ഞെടുപ്പ് താഴെ തട്ട് മുതൽ സംസ്ഥാന സമിതി വരെ തീർത്തും സമയബന്ധിതമായി നടത്തി എന്നതാണ്. മുസ്ലിം ലീഗിൽ ഇങ്ങിനെ തെരഞ്ഞെടുപ്പ് നടക്കുന്നത് അപൂർവമാണ്. വ്യക്തിപരമായും സംഘടന തലത്തിലും ഏറെ പ്രതിസന്ധികളിലൂടെയാണ് പി.എം.എ സലാം തുടക്കത്തിൽ പാർട്ടിയെ നയിച്ചിരുന്നത്. ഒരുവിഭാഗം നേതാക്കളിൽനിന്ന് പിന്തുണ ലഭിച്ചിരുന്നില്ല. എന്നാൽ, മുഴുവൻ പ്രതിബന്ധങ്ങളെയും ഫലവത്തായി നേരിടാൻ സാധിച്ചു. പാർട്ടിയിൽ ഹരിത വിഭാഗം ഉയർത്തിയ പ്രതിസന്ധിയെ അച്ചടക്കത്തിന്റെ വാളുയർത്തിയാണ് സലാം നേരിട്ടത്. 

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മുസ്്‌ലിം ലീഗിന് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. എങ്കിലും കോൺഗ്രസിന്റെത് അടക്കമുള്ള പ്രകടനത്തെ ആശ്രയിച്ച് മുസ്ലിം ലീഗിന്റേത് മെച്ചപ്പെട്ട പ്രകടനമായിരുന്നു. പിന്നീട് മുസ്ലിം ലീഗിൽ അച്ചടക്കം കൊണ്ടുവരുന്നതിനും തെരഞ്ഞെടുപ്പുകൾ സമയബന്ധിതമായി നടത്തുന്നതിനും പി.എം.എ സലാമിന്റെ നേതൃത്വത്തിൽ ആസൂത്രിത പ്രവർത്തനങ്ങളാണ് നടന്നത്. ഇതിനുള്ള അംഗീകാരം കൂടിയാണ് വീണ്ടുമൊരു ടേം കൂടി സലാമിന് നൽകാൻ പാർട്ടി തീരുമാനിച്ചത്. 
ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പിന്തുണ പി.എം.എ സലാമിനായിരുന്നു. സാദിഖലി ശിഹാബ് തങ്ങളും സലാമിനെയാണ് പിന്തുണച്ചിരുന്നത്. അതേസമയം, മിക്ക ജില്ലാ കമ്മിറ്റികളും സലാമിനൊപ്പം നിലയുറപ്പിക്കുകയും ചെയ്തു. 
അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പും തുടർന്നുള്ള തദ്ദേശ തെരഞ്ഞെടുപ്പുകളും മുസ്ലിം ലീഗിനും യു.ഡി.എഫിനും ഏറെ പ്രധാന്യമേറിയതാണ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 19 സീറ്റുകളിൽ യു.ഡി.എഫ് വിജയിച്ചിരുന്നു.  ദേശീയ രാഷ്ട്രീയത്തിൽ ഏറെ പ്രധാന്യമുള്ള തെരഞ്ഞെടുപ്പാണ് 2024-ലേത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എക്ക് എതിരെ വിശാലമായ പ്രതിപക്ഷ സഖ്യം രാജ്യത്ത് ഉരുത്തിരിഞ്ഞുവരുന്നുണ്ട്. ഈ സഖ്യത്തിനൊപ്പം നിന്ന് പ്രതിപക്ഷത്തെ ശക്തിപ്പെടുത്താനുള്ള ബാധ്യതയും ലീഗിനുണ്ട്. സംസ്ഥാനത്ത് മുസ് ലിം ലീഗിനകത്ത് ഉണ്ടാകുന്ന പ്രതിസന്ധി കേരളത്തിൽ യു.ഡി.എഫിനെ ബാധിക്കുമെന്ന് ഉറപ്പാണ്. ആ അർത്ഥത്തിൽ പാർട്ടിയുടെ കെട്ടുറപ്പ് തകരാതെ നോക്കേണ്ട ബാധ്യത കൂടി സാദിഖലി ശിഹാബ് തങ്ങളും പി.എം.എ സലാമും നയിക്കുന്ന മുസ്ലിം ലീഗിനുണ്ട്.
 

Latest News