Sorry, you need to enable JavaScript to visit this website.

താന്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്നും പ്രതിഷേധിക്കണമെന്നും ട്രംപ്

ന്യൂയോര്‍ക്ക്- മാന്‍ഹട്ടന്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസിന്റെ കേസില്‍ താന്‍ ചൊവ്വാഴ്ച അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന് യു. എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ട്രൂപ്പ് സോഷ്യലില്‍ പോസ്റ്റിട്ടു. തന്റെ അനുയായികളോട് പ്രതിഷേധിക്കാനും അദ്ദേഹം പോസ്റ്റില്‍ ആഹ്വാനം ചെയ്തു. 

മാന്‍ഹട്ടന്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസില്‍ നിന്നും 'ചോര്‍ന്നു' കിട്ടിയ വിവരപ്രകാരം തന്നെ അറസ്റ്റു ചെയ്യുമെന്നാണ് കൂടുതല്‍ തെളിവുകള്‍ നല്‍കാതെ ട്രംപ് പറഞ്ഞത്.  
അശ്ലീലതാരം സ്റ്റോമി ഡാനിയല്‍സിന് നല്‍കിയ 130,000 ഡോളര്‍ കേസ് അന്വേഷിക്കുന്ന ഗ്രാന്‍ഡ് ജൂറിക്ക് മുന്നില്‍ മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ആല്‍വിന്‍ ബ്രാഗിന്റെ ഓഫീസ് ഈ വര്‍ഷം ആദ്യം തെളിവുകള്‍ ഹാജരാക്കിയിരുന്നു. സ്റ്റെഫാനി ക്ലിഫോര്‍ഡ് എന്നാണ് ഡാനിയല്‍സിന്റെ യഥാര്‍ഥ പേര്. തനിക്ക് ട്രംപുമായി ഒരു ദശാബ്ദം മുമ്പ് ബന്ധമുണ്ടായിരുന്നുവെന്നാണ് അവര്‍ പറയുന്നതെങ്കിലും ഇക്കാര്യം ട്രംപ് നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച പ്രോസിക്യൂട്ടര്‍മാരുമായി സംസാരിച്ചതായി ഡാനിയല്‍സിന്റെ അഭിഭാഷകന്‍ പറഞ്ഞു.

പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം തേടുന്ന ട്രംപ് അഭിമുഖീകരിക്കുന്ന നിയമപരമായ നിരവധി പ്രശ്നങ്ങളില്‍ ഒന്നാണ് അന്വേഷണം. ജോര്‍ജിയയിലെ 2020ലെ ഫലങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെച്ചൊല്ലി സംസ്ഥാനതല ക്രിമിനല്‍ അന്വേഷണത്തെയും ട്രംപ് അഭിമുഖീകരിക്കുന്നുണ്ട്.

ട്രംപ് അധികാരത്തില്‍ നിന്ന് പുറത്തുപോയതിന് ശേഷം രഹസ്യ സര്‍ക്കാര്‍ രേഖകള്‍ കൈകാര്യം ചെയ്തതിനെക്കുറിച്ചും ജോ ബൈഡനോട് പരാജയപ്പെട്ട 2020ലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അട്ടിമറിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ട്രംപ് ഓര്‍ഗനൈസേഷനെതിരെ നികുതി തട്ടിപ്പ് കുറ്റങ്ങളുമുണ്ട്.

Latest News