Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷത്ത് ഉദിക്കുമോ സ്റ്റാലിൻ നക്ഷത്രം

മുത്തുവേൽ കരുണാനിധി സ്റ്റാലിൻ

മുത്തുവേൽ കരുണാനിധി സ്റ്റാലിൻ. താപ്പാനകളായ അധികാര മോഹികൾ കൈയടക്കി വെച്ചിരിക്കുന്ന ദേശീയ രാഷ്ട്രീയത്തിൽ ആ പേരിന് അടുത്ത കാലം വരെ വലിയ സ്വാധീനമൊന്നുമുണ്ടായിരുന്നില്ല. തമിഴ്‌നാടിന്റെ അതിർത്തികൾ കടന്ന് തന്റെ സ്വാധീനം വലിയ തോതിൽ വർധിപ്പിക്കാൻ സ്റ്റാലിൻ ശ്രമിച്ചതുമില്ല. തമിഴ്‌നാട് മുഖ്യമന്ത്രിക്കസേരക്കപ്പുറമുള്ള അധികാരത്തോട് കലൈഞ്ജർ കരുണാനിധിയുടെ മകന് അത്ര പ്രതിപത്തിയുള്ളതായി തോന്നിയിട്ടുമില്ല. എന്നാൽ കാലം ചിലത് ആവശ്യപ്പെടാറുണ്ട്. അങ്ങനെയെങ്കിൽ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന്റെ അമരക്കാരനായി എം.കെ. സ്റ്റാലിൻ ഉയർന്നു വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. 
പ്രതിപക്ഷത്തെ തലയെടുപ്പുള്ള  നേതാക്കൾ പരസ്പരം പാരവെച്ചുകൊണ്ട് പരിഹാസ്യരായി മാറുന്ന കാലഘട്ടത്തിൽ സ്റ്റാലിന്റെ ഉദയം ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷ നിരക്ക് കരുത്തു പകരുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. എന്നാൽ അപ്പൻ ചത്തിട്ട് കട്ടിലൊഴിയാൻ കാത്തിരുക്കുന്ന, പ്രധാനമന്ത്രിക്കുപ്പായത്തിന് ഇപ്പോഴേ അളവെടുത്തുവെച്ച് പ്രതിപക്ഷ നിരയിലെ സ്വയം ശക്തിമാൻമാരായി അവരോധിക്കപ്പെട്ടവരിൽ എത്ര പേർ സ്റ്റാലിന്റെ പിന്നിൽ അണിനിരക്കുമെന്ന് വ്യക്തമല്ല, പക്ഷേ ഒരു കാര്യം ഉറപ്പിച്ചു പറയാം. പ്രതിപക്ഷ സഖ്യത്തെ മെരുക്കാനും നയിക്കാനുമുള്ള കരുത്ത് സ്റ്റാലിൻ ഇതിനകം തന്നെ ആർജിച്ചു കഴിഞ്ഞിട്ടുണ്ട്. 
അടുത്ത പൊതുതെരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡിയെയും കൂട്ടരെയും കെട്ടുകെട്ടിക്കുമെന്ന് വീമ്പിളക്കുകയും അതേസമയം തന്നെ പ്രതിപക്ഷ നിരയിൽ തക്കം കിട്ടിയാൽ പാരപണിയുകയും ചെയ്യുന്ന നേതാക്കളേക്കാൾ സ്വാധീനം ദക്ഷിണേന്ത്യയിൽ നിന്നുള്ള ഈ മുഖ്യമന്ത്രി നേടിയെടുത്തു കഴിഞ്ഞിട്ടുണ്ട്. മികച്ച മുഖ്യമന്ത്രി എന്ന നിലയിൽ മാത്രമല്ല, സംഘപരിവാറിന് ഏറ്റവും വലിയ പ്രഹരം ഏൽപിക്കാൻ കഴിവുള്ള നേതാവെന്ന നിലയിലും ദക്ഷിണേന്ത്യൻ രാഷ്ട്രീയം സ്റ്റാലിനെ ഇതിനകം അടയാളപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്.
അടുത്ത പൊതുതെരഞ്ഞെടുപ്പിൽ വിശാല സഖ്യം രൂപീകരിക്കാനായി പ്രതിപക്ഷത്തെ ഒട്ടുമിക്ക പാർട്ടികളും ആഗ്രഹിക്കുന്നുണ്ടെങ്കിലും ആര് നേതൃത്വം നൽകുമെന്നതിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പം പരിഹരിക്കുകയെന്നത് എളുപ്പമല്ല. തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു, ബിഹാർ മുഖ്യമന്ത്രി നിധീഷ്‌കുമാർ അങ്ങനെ പ്രതിപക്ഷ നിരയിൽ നിന്ന് പ്രധാനമന്ത്രിക്കുപ്പായം തയ്പിച്ച അര ഡസനോളം പേരുകൾ ഉയർന്നു വരുന്നുണ്ട്. പക്ഷേ ഇവർക്കെല്ലാം പൊതുവായുള്ള ഒരു ദോഷമുണ്ട്. രാഷ്ട്രീയമായി പരസ്പരം അംഗീകരിക്കാനുള്ള മാനസിക പക്വത ഇവരാരും കാണിക്കാറില്ല. ഒത്തുപോകുന്നതിന് പകരം അടിച്ചു പിരിയുന്നതിലേക്കാകും പലപ്പോഴും കാര്യങ്ങൾ നീങ്ങുക. പ്രതിപക്ഷം കാലങ്ങളായി അനുഭവിക്കുന്ന സങ്കീർണമായ പ്രശ്‌നമാണിത്. അടുത്ത പൊതു തെരഞ്ഞെടുപ്പിലും തങ്ങൾക്ക് അധികാരം കൈയാളാനാകുമെന്ന് ബി.ജെ.പി നേതൃത്വം പ്രതീക്ഷ പുലർത്തുന്നതും പ്രതിപക്ഷത്തിന്റെ ഈ ഐക്യമില്ലായ്മയിലാണ്. അവിടെയാണ് എം.കെ. സ്റ്റാലിന്റെ പ്രസക്തി.

കോൺഗ്രസും ഇടതു പാർട്ടികളുമെല്ലാം സ്റ്റാലിനിൽ വലിയ പ്രതീക്ഷയാണ് പുലർത്തുന്നത്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പ്രതിപക്ഷത്തെ ഒറ്റക്കെട്ടായി നയിക്കാനും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനുമുള്ള തലയെടുപ്പുള്ള ആരും തന്നെയില്ല. രാഹുൽ ഗാന്ധിയുടെ പിന്നിൽ അണിനരന്നുകൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ പ്രതിപക്ഷത്തെ പ്രധാന കക്ഷികളൊന്നും തന്നെ ധൈര്യം കാണിക്കില്ല. തിരിച്ച് കോൺഗ്രസിനാകട്ടെ ചന്ദ്രശേഖര റാവുവിനോടും മമത ബാനർജിയോടുമൊന്നും വലിയ മമതയില്ല. ഇടതു പാർട്ടികളും മമതയെ പിന്തുണയ്ക്കാനുള്ള സാധ്യത അതിവിദൂരമാണ്. ചന്ദ്രശേഖര റാവുവും  മമത ബാനർജിയും നിധീഷ് കുമാറുമെല്ലാം  പ്രധാനമന്ത്രിക്കസേരയിലേക്കുള്ള ദൂരം മാത്രമാണ് അളക്കുന്നത്.

മികച്ച ഭരണാധികാരിയെന്ന നിലയിലുള്ള തന്റെ വ്യക്തി പ്രഭാവം മാത്രമല്ല എം.കെ. സ്റ്റാലിനെ കരുത്തനാക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ ശക്തമായ അടിത്തറ പാകാൻ അദ്ദേഹത്തിന്റെ പാർട്ടിയായ ഡി.എം.കെ.ക്ക് കഴിഞ്ഞിട്ടുണ്ട്. തൃണമൂൽ കോൺഗ്രസിന് തൊട്ടുമുകളിൽ 24 എം.പിമാരുമായി ലോക്‌സഭയിലെ മൂന്നാമത്തെ ഏറ്റവും വലിയ പാർട്ടിയാണ് ഡി.എം.കെ. കോൺഗ്രസും ബി.ജെ.പിയുമാണ് ഡി.എം.കെക്ക് മുന്നിലുള്ളത്. തമിഴ്‌നാട്ടിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിൽ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിലും ഈ സീറ്റുകൾ നിലനിർത്താനുള്ള കെൽപ് എം.കെ. സ്റ്റാലിനുണ്ട്. അതുകൊണ്ട് തന്നെ പൊതുതെരഞ്ഞെടുപ്പിൽ  നിർണായക ശക്തിയായി മാറാൻ ഡി.എം.കെക്ക് കഴിയും.
വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നിർണായകമാകുമെന്ന് ബി.ജ.പി നേതൃത്വം കണക്കുകൂട്ടുന്നുണ്ട്. വീണ്ടും അധികാരത്തിലെത്തണമെങ്കിൽ ദക്ഷിണേന്ത്യയിൽ മുന്നേറ്റമുണ്ടാക്കണമെന്ന യാഥാർത്ഥ്യം അവർ തിരിച്ചറിയുന്നുമുണ്ട്. അത് അത്ര എളുപ്പമെല്ലെന്ന് നേതൃത്വത്തിനറിയുകയും ചെയ്യാം. അതുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമിത് ഷായുമെല്ലാം ഇപ്പോൾ തന്നെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു നേതാവ് തന്നെ പ്രതിപക്ഷ കൂട്ടായ്മയെ നയിക്കാനെത്തിയാൽ അത് രാഷ്ട്രീയമായി വലിയ നേട്ടമായിരിക്കും പ്രതിപക്ഷത്തിന് ഉണ്ടാക്കിക്കൊടുക്കുക. ദക്ഷിണേന്ത്യയിലേക്ക് സ്വാധീനം വർധിപ്പിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിന് തടയിടാനും ഇതിലൂടെ കഴിയും. ഇത്തരത്തിൽ സ്റ്റാലിന് അനുകൂലമായി നിരവധി ഘടകങ്ങൾ നിലനിൽക്കുന്നുണ്ട്. 
എന്നാൽ, പ്രതിപക്ഷം ഒറ്റക്കെട്ടായി ഒരു കുടക്കീഴിൽ നിൽക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെങ്കിൽ മാത്രമേ ഒരു സാഹസത്തിന് സ്റ്റാലിൻ തയാറാകുകയുള്ളൂ. പ്രതിപക്ഷത്തെ ഒറ്റക്കെട്ടായി അണിനിരത്താനുള്ള പ്രാഥമിക നീക്കങ്ങൾക്ക് അദ്ദേഹം തുടക്കമിട്ടു കഴിഞ്ഞിട്ടുണ്ട്. രണ്ടാഴ്ച മുൻപ് ചെന്നൈയിൽ നടന്ന സ്റ്റാലിന്റെ ജന്മദിനാഘോഷം ഇതിന്റെ മുന്നൊരുക്കമായി വേണം വിലയിരുത്താൻ. ദേശീയ നേതാക്കൾ പങ്കെടുത്ത ജന്മദിനാഘോഷ ചടങ്ങിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ളയുമെല്ലാം പ്രതിപക്ഷ ഐക്യത്തെ നയിക്കാനുള്ള കരുത്ത് സ്റ്റാലിനുണ്ടെന്ന രീതിയിലുള്ള പ്രസംഗങ്ങളാണ് നടത്തിയത്. 
അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് ആരെയും ഉയർത്തിക്കാണിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ ഈ ചടങ്ങിൽ നടത്തിയ പ്രസ്താവനയും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. മൂന്നാം മുന്നണിയെന്നത് അർത്ഥശൂന്യമാണെന്നും വിശാല പ്രതിപക്ഷ ഐക്യത്തിലൂടെ മാത്രമേ ബി.ജ.പിയെ തറപറ്റിക്കാൻ കഴിയുകയുള്ളൂവെന്നും സ്റ്റാലിൻ പറയുമ്പോൾ എന്തെല്ലാമോ മനസ്സിലുറച്ചുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ നീക്കങ്ങൾ എന്ന് വ്യക്തം. അത് എത്രത്തോളം യാഥാർത്ഥ്യമാകുമെന്നാണ് വരുംനാളുകളിൽ അറിയാനുള്ളത്.

Latest News