Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുസ്‌ലിം നാമധാരികൾ നടത്തുന്ന പ്രവർത്തനങ്ങൾ മതത്തെ വികൃതമാക്കുന്നു-ആലുശൈഖ്

മദീന - മുസ്‌ലിം നാമധാരികൾ നടത്തുന്ന പ്രവർത്തനങ്ങൾ ഇസ്‌ലാമിനെ വികൃതമാക്കുന്നതായി ഇസ്‌ലാമികകാര്യ മന്ത്രിയും കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സ് സൂപ്പർവൈസർ ജനറലുമായ ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. കിംഗ് ഫഹദ് മുസ്ഹഫ് കോംപ്ലക്‌സിൽ സംഘടിപ്പിച്ച ചടങ്ങിൽ നടത്തിയ പ്രസംഗത്തിലാണ് ആലുശൈഖ് ഇക്കാര്യം പറഞ്ഞത്. ഇസ്‌ലാമിനോടുള്ള ശത്രുത ജന്മസിദ്ധമായ ഗ്രൂപ്പുകളും സമൂഹങ്ങളും രാഷ്ട്രങ്ങളുമുണ്ട്. ലോകത്ത് അറിവും സത്യവും പ്രചരിച്ചിട്ടും അവർ ഇസ്‌ലാമിനോട് നീതിപുലർത്തുമെന്നോ ഇസ്‌ലാമിനെ ആദരിക്കുമെന്നോ പ്രതീക്ഷിക്കുന്നില്ല. ഇസ്‌ലാമിന് ദോഷം വരുത്തി സൽപ്പേര് വികൃതമാക്കുകയും തങ്ങളുടെ രാഷ്ട്രീയ, ഐഹിക താൽപര്യങ്ങൾക്കായി അതിനെ രാഷ്ട്രീയവൽക്കരിക്കുകയും ചെയ്യുന്ന ഒരു കൂട്ടരുമുണ്ട്. തങ്ങളുടെ ലക്ഷ്യങ്ങൾക്കു വേണ്ടി വിശുദ്ധ ഗ്രന്ഥത്തിലെയും പ്രവാചക സുന്നത്തിലെയും വചനങ്ങളും അനുശാസനകളും അവർ വളച്ചൊടിക്കുന്നു. 

മതഗ്രന്ഥങ്ങൾ തെറ്റായി മനസ്സിലാക്കി, ഇത്തരക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ഇസ്‌ലാമിനെ വളരെയധികം ദോഷകരമായി ബാധിച്ചു എന്ന കാര്യത്തിൽ സംശയമില്ല. ഇസ്‌ലാമിനെ രാഷ്ട്രീയവൽക്കരിച്ച മുസ്‌ലിം ബ്രദർഹുഡുകാരുടെയും സുറൂരികളുടെയും സമാനമായ ചിന്താഗതികൾ വെച്ചുപുലർത്തുന്ന മറ്റു ഗ്രൂപ്പുകളുടെയും പ്രവർത്തനങ്ങൾ ഇസ്‌ലാമിന് വലിയ കോട്ടമുണ്ടാക്കി. സൗദി ഭരണാധികാരികൾ സ്വീകരിച്ച കർക്കശ നടപടികളുടെ ഫലമായി ഇക്കൂട്ടത്തിൽ അധിക പേരും തങ്ങളുടെ ആശയങ്ങളിൽ നിന്ന് പിന്മാറി. ഇത്തരം ഗ്രൂപ്പുകൾ മാതൃരാജ്യങ്ങൾക്ക് എത്രമാത്രം അപകടകരമാണ് എന്ന കാര്യത്തിൽ സ്വദേശികൾ വെച്ചുപുലർത്തുന്ന അവബോധം പ്രശംസനീയമാണ്. 
രാഷ്ട്ര ശത്രുക്കളുടെ താൽപര്യങ്ങൾക്കു വേണ്ടി ദുരുപയോഗിക്കുന്ന പിഴവുകൾ മസ്ജിദ് ഇമാമുമാരുടെയും ഖതീബുമാരുടെയും ഭാഗത്തുണ്ടാകരുത് എന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയം അതിയായി ആഗ്രഹിക്കുന്നു. മതത്തിന്റെയും രാജ്യത്തിന്റെയും ചെലവിൽ വ്യക്തിതാൽപര്യങ്ങൾക്കു വേണ്ടി പള്ളികൾ ദുരുപയോഗിക്കാൻ ആഗ്രഹിക്കുന്നവരെ ഇസ്‌ലാമികകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ ശക്തമായി നിരീക്ഷിക്കും. ദേശീയൈക്യം പ്രോത്സാഹിപ്പിക്കുന്നതിൽ ഇമാമുമാരും ഖതീബുമാരും വഹിക്കുന്ന വലിയ പങ്ക് പ്രശംസനീയമാണെന്നും ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. 
ലോകരാജ്യങ്ങൾ രാഷ്ട്രീയ, സാമ്പത്തിക, സൈനിക സംഘർഷങ്ങളുടെയും പ്രതിസന്ധികളുടെയും പിടിയിലാണ്. എന്നാൽ സൗദിയിൽ സുരക്ഷയും സമാധാനവും സ്ഥിരതയും കളിയാടുന്നു. വിവിധ പ്രവിശ്യകളിൽ തുടർച്ചയായി വികസന പദ്ധതികൾ നടപ്പാക്കുന്നു. രാഷ്ട്ര നിർമാണം, പൗരന്മാരുടെ പദവി ശക്തിപ്പെടുത്തൽ, ജനക്ഷേമം എന്നിവയാണ് ഇവയുടെ ആദ്യത്തെയും അവസാനത്തെയും ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
 

Latest News