Sorry, you need to enable JavaScript to visit this website.

മ്യാന്‍മറിലെ ബുദ്ധവിഹാരത്തില്‍ സൈന്യം 22 പേരെ കൂട്ടക്കൊല ചെയ്തു 

ബാങ്കോക്ക്- മ്യാന്‍മറിലെ ഷാന്‍ സംസ്ഥാനത്തെ നാന്‍ നെയ്ന്റ് ബുദ്ധ വിഹാരത്തില്‍ 3 ബുദ്ധ സന്യാസിമാര്‍ ഉള്‍പ്പെടെ 22 പേര്‍ വെടിയേറ്റു മരിച്ചു. കഴിഞ്ഞയാഴ്ച നടന്ന സംഭവം പട്ടാള ഭരണകൂടം നടത്തിയ കൂട്ടക്കൊലയാണെന്ന് പ്രവാസി ദേശീയ സര്‍ക്കാര്‍ ആരോപിച്ചു. എന്നാല്‍, സേന ആരെയും വധിച്ചിട്ടില്ലെന്ന് പട്ടാള ഭരണകൂടത്തിന്റെ വക്താവ് സാ മിന്‍ പറഞ്ഞു. വിമത ഗ്രൂപ്പുകളുടെ ആക്രമണത്തിലാകാം ആളുകള്‍ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ബുദ്ധവിഹാരത്തിനുള്ളിലാണ് എല്ലാ മൃതദേഹങ്ങളും കിടന്നിരുന്നത്. വെടിയേറ്റാണ് എല്ലാവരും മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കെഎന്‍ഡിഎഫ്, കെആര്‍യു വിമത പോരാളി സംഘങ്ങളുടെ ആക്രമണവും അവരെ നേരിടുന്നതിനായി സര്‍ക്കാര്‍ സേനയുടെ പ്രത്യാക്രമണവും രണ്ടാഴ്ചയായി നാന്‍ നെയ്ന്റില്‍ നടക്കുന്നുണ്ട്.
2021 ഫെബ്രുവരിയില്‍ ഓങ് സാന്‍ സൂച്ചിയുടെ നേതൃത്വത്തിലുള്ള ജനകീയ സര്‍ക്കാരിനെ അട്ടിമറിച്ച പട്ടാളം ഭരണം പിടിച്ചശേഷം മ്യാന്‍മര്‍ സംഘര്‍ഷഭരിതമാണ്. ജനകീയ പ്രക്ഷോഭങ്ങളില്‍ മൂവായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. സൂച്ചിയും മറ്റു നേതാക്കളും തടവറയിലാണ്.

Latest News