Sorry, you need to enable JavaScript to visit this website.

മുസ്‌ലിം ലീഗ് ജനറൽസെക്രട്ടറി; എം.കെ മുനീറിനെ വെട്ടാൻ പുതിയ നിർദേശവുമായി പി.കെ കുഞ്ഞാലിക്കുട്ടി

- സമവായമായില്ല; അവകാശവാദവുമായി സലാം, മുനീർ പക്ഷങ്ങൾ
-  സമവായ നോമിനിയായി സി മമ്മൂട്ടിയുടെ പേര് ഉയർത്തി കുഞ്ഞാലിക്കുട്ടി പക്ഷം

കോഴിക്കോട് - മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഡോ. എം.കെ മുനീറിനെയും അഡ്വ. പി.എം.എ സലാമിനെയും ഉയർത്തിക്കാട്ടിയുള്ള അവകാശവാദങ്ങളിൽ അന്തിമ തീരുമാനം ഇന്ന്. നിലവിലുള്ള ജനറൽസെക്രട്ടറി അഡ്വ. പി.എം.എ സലാമിനു വേണ്ടി പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും നിയമസഭാ കക്ഷി നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി ചരടുവലിക്കുമ്പോൾ പാർട്ടി ഉന്നതാധികാര സമിതി അംഗവും മുൻ മന്ത്രിയുമായ ഡോ. എം.കെ മുനീറിനു വേണ്ടി കെ.എം ഷാജിയും പി.വി അബ്ദുൽവഹാബും കെ.പി.എ മജീദും ഇ.ടി മുഹമ്മദ് ബഷീർ വരേയുള്ളവരുടെ അനുഗ്രഹാശ്ശിസുകളാണുള്ളത്.

 ജനറൽസെക്രട്ടറി സ്ഥാനത്തിനായി ഇരുചേരിയും പരസ്യമായി പോർമുഖം തുറന്നതോടെയാണ് പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് 14 ജില്ലകളിലെയും പാർട്ടി നേതൃത്വത്തെ പ്രത്യേകം ക്ഷണിച്ചുവരുത്തി അഭിപ്രായം തേടേണ്ടി വന്നത്. ജനറൽസെക്രട്ടറി പദവിയിൽ മത്സരം ഉണ്ടാവില്ലെന്ന് സാദിഖലി തങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെയും അഭിപ്രായ സമന്വയത്തിൽ എത്തിയിട്ടില്ല. എങ്കിലും ഭൂരിപക്ഷവും തങ്ങൾക്കൊപ്പമാണെന്ന അവകാശവാദം ഇരു പക്ഷവും ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
 
 കഴിഞ്ഞ നിയമസഭാ  തെരഞ്ഞെടുപ്പിൽ സീറ്റ് മോഹം ഫലിക്കാതെ വന്നപ്പോൾ ലഭിച്ച താത്കാലിക ഇരിപ്പിടമായിരുന്നു പി.എം.എ സലാമിന് ജനറൽസെക്രട്ടറി സ്ഥാനം. അന്തരിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നൽകിയ പ്രസ്തുത പദവിയിലേക്ക് തെരഞ്ഞെടുപ്പാനന്തരം കരുത്തനായ പുതിയ ജനറൽസെക്രട്ടറി വരുമെന്നായിരുന്നു പാർട്ടിയിലെ ബഹുഭൂരിപക്ഷവും കരുതിയത്. എന്നാൽ, സലാമിനെ പ്രസ്തുത പദവിയിൽനിന്ന് നേതൃത്വം നീക്കിയില്ലാ എന്നതാണ് സലാമിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം. 
 ബാബരി മസ്ജിദ് തകർച്ചക്കു പിന്നാലെ ലീഗിൽ പിളർപ്പുണ്ടാക്കി, ഐ.എൻ.എല്ലിന് ഒപ്പം നിലയുറപ്പിച്ച പി.എം.എ സലാം, കേരള നിയമസഭയിൽ ആദ്യമായി ഐ.എൻ.എല്ലിന് അക്കൗണ്ട് തുറന്ന് എം.എൽ.എയാകാൻ ചരിത്ര നിയോഗമുണ്ടായ വ്യക്തി കൂടിയാണ്. എന്നാൽ പാർട്ടിയുടെ ഇടതു മുണി പ്രവേശത്തെച്ചൊല്ലിയുള്ള നീണ്ട കാത്തിരിപ്പിൽ മനംമടുത്ത് സലാം ഐ.എൻ.എൽ ഉപേക്ഷിച്ച് മുസ്‌ലിം ലീഗിലേക്കുതന്നെ തിരികെ വരികയായിരുന്നു. 


 സലാമിന്റെ വരവിനെ ലീഗ് നേതാക്കളെല്ലാം വളരെ പോസിറ്റീവായി കണ്ടപ്പോഴും സലാം പാർട്ടിയുടെ ജനറൽസെക്രറി പദവിയിൽ എത്തുമെന്ന് ആരും സ്വപ്‌നത്തിൽ പോലും കരുതിയതല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടി സീറ്റിലായിരുന്നു സലാമിന്റെ കണ്ണ്. മണ്ഡലത്തിലെ അണികളുടെയും വലിയൊരു വികാരം അങ്ങനെത്തന്നെയായിരുന്നു. എന്നാൽ, അന്നത്തെ പാർട്ടി ജനറൽസെക്രട്ടറിയും ഗവ. മുൻ ചീഫ് വിപ്പുമായ കെ.പി.എ മജീദിന് ലീഗ് നേതൃത്വം സീറ്റ് നൽകിയതോടെ സലാമിന്റെ ആ മോഹം പൊളിഞ്ഞു. തുടർന്ന് പാർട്ടിയിൽ കലാപക്കൊടി ഉയർത്താൻ ശ്രമിച്ച തിരൂരങ്ങാടിയിലെ 'സലാം ഭക്തരെ' ശാന്തമാക്കാനെന്നോണമാണ് കെ.പി.എ മജീദിന് പകരക്കാരനായി സലാമിന് ജനറൽസെക്രട്ടറിയുടെ താത്കാലിക ചുമതല ഹൈദരലി തങ്ങൾ പതിച്ചുനൽകിയത്. പ്രസ്തുത പദവി പിന്നീട് പലരും മോഹിച്ചെങ്കിലും അത് വിട്ടുനൽകാൻ സലാമോ തിരിച്ചുവാങ്ങാൻ പാണക്കാട് കുടുംബമോ ഉത്സാഹിച്ചില്ല എന്നതാണ് സത്യം.

 പ്രതിഭ കൊണ്ടും രാഷ്ട്രീയ ധിഷണകൊണ്ടുമെല്ലാം ഡോ. എം.കെ മുനീർ സലാമിനേക്കാൾ ഒരു പടി മുന്നിലാണെങ്കിലും അദ്ദേഹം സർവസമ്മതനല്ല, എന്നതാണ് മുനീറിന്റെ പ്രശ്‌നമായി പലരും ചൂണ്ടിക്കാണിക്കുന്നത്. കഴിവും കാര്യപ്രാപ്തിയുമെല്ലാം ഉണ്ടെങ്കിലും പാർട്ടിയെ ചലിപ്പിക്കുന്ന ഒരു ജനറൽസെക്രട്ടറിയായി, ആക്ടീവായി മുഴുസമയം ഇറങ്ങാൻ മുനീറിനെ കിട്ടുമോ എന്നതാണ് മുനീറിനോട് താത്പര്യമുള്ളവരെ പോലും അലട്ടുന്ന ചോദ്യം. സലാം സ്വീകാര്യനായിട്ടല്ല, മുനീറിനെ സഹിക്കുന്നതിലും ഭേദം സലാമാണല്ലോ എന്ന അഭിപ്രായക്കാരുമുണ്ട്. എന്നാൽ, പാർട്ടിയെ രക്ഷിക്കാൻ ഡോ. എം.കെ മുനീറിനെ പോലെ ഒരാൾ വരണമെന്ന് നിർബന്ധമുള്ളവരും ഉണ്ട്. അതേസമയം, എം.കെ മുനീറിനെ ഒരു നിലയ്ക്കും ജനറൽസെക്രട്ടറി ആക്കിക്കൂടെന്ന കുഞ്ഞാലിക്കുട്ടി ലോബിയുടെ താൽപര്യങ്ങൾ ഒരുവശത്തുള്ളതിനാൽ അത് പൊട്ടിക്കണമെന്ന് നിർബന്ധമുള്ളവർ പാർട്ടിയിൽ ഏറെയാണ്. അവരാണ് മുനീറിനെ ഉയർത്താൻ ശ്രമിക്കുന്നത്. 


 സലാമും മുനീറുമല്ലാത്ത മുഖങ്ങളാണ് പാർട്ടിക്കു വേണ്ടതെന്ന അഭിപ്രായക്കാരും പാർട്ടിയിൽ ഏറെയാണ്. അവരിൽ പലർക്കും നിർദേശിക്കാനുള്ളത് കെ.എം ഷാജിയുടെ പേരാണ്. എന്നാൽ, ഷാജിക്കെതിരെയുള്ള കേസുകളും അതിവൈകാരികമായ അവതരണ ശൈലിയും സുപ്രധാന പദവയിൽ എത്തുമ്പോൾ പാർട്ടിക്ക് കൂടുതൽ പരുക്കുണ്ടാക്കുമോ എന്ന ആശങ്കയാണ് പലരേയും ഷാജിയെ മാറ്റിപ്പിടിക്കാൻ പ്രേരിപ്പിക്കുന്നത്. മാത്രവുമല്ല, കേസ് നടപടികളിൽനിന്ന് മുക്തനായാലും ഇല്ലെങ്കിലും ഷാജിക്ക് ഇനിയും സമയമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പാർട്ടി ദേശീയ ജനറൽസെക്രട്ടറി പദവിയിൽനിന്ന് പി.കെ കുഞ്ഞാലിക്കുട്ടിയെ മാറ്റി ഇ.ടി മുഹമ്മദ് ബഷീറിനെ നിയോഗിക്കണമെന്നും കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന ജനറൽസെക്രട്ടറിയാക്കണമെന്ന നിർദേശവും ചിലർ മുന്നോട്ടു വെച്ചിട്ടുണ്ട്. 
 അതിനിടെ, സംസ്ഥാന ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് സമവായ നോമിനിയായി സി മമ്മൂട്ടിയുടെ പേരും ഉയർന്നിട്ടുണ്ട്. ഇത്  മുനീറിനെ വെട്ടാനായി കുഞ്ഞാലിക്കുട്ടി മുന്നോട്ടുവെച്ച നിർദേശമായാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.
പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള ലീഗിന്റെ സംസ്ഥാന കൗൺസിൽ യോഗം ഇന്ന് രാവിലെ മുതൽ കോഴിക്കോട് ലീഗ് ഹൗസിൽ വച്ചാണ് നടക്കുക. രാവിലെ 11ന് ആരംഭിക്കുന്ന കൗൺസിലിൽ ആദ്യം പഴയ കൗൺസിലും ഉച്ചയ്ക്കു ശേഷം പുതിയ കൗൺസിലും ചേർന്ന് വൈകീട്ടോടെ ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇതിന് മുമ്പായി സമവായത്തിലെത്താനാണ് സാദിഖലി ശിഹാബ് തങ്ങൾ ശ്രമിക്കുന്നത്. മത്സരം പി.എം.എ സലാമും ഡോ. എം.കെ മുനീറും തമ്മിലാണെങ്കിലും യഥാർത്ഥ പോരാട്ടം നടക്കുന്നത് കുഞ്ഞാലിക്കുട്ടി പക്ഷവും കുഞ്ഞാലിക്കുട്ടി വിരുദ്ധരുമെന്ന നിലയിലായിട്ടുണ്ട്.

Latest News