Sorry, you need to enable JavaScript to visit this website.
Thursday , March   23, 2023
Thursday , March   23, 2023

അദ്ധ്യാപന രംഗത്തെ അതുല്യ പ്രതിഭ അസ്തമിച്ചു

പണ്ഡിതരിൽ പ്രമുഖനും നൂറുകണക്കിന് പണ്ഡിത ശ്രേഷ്ടരുടെ ഗുരുവര്യരും സ്വഭാവവൈശിഷ്ട്യങ്ങൾ ഒത്തിണങ്ങിയതുമായ  സാത്വികനായ ഒരു മാതൃകാ പണ്ഡിത പ്രതിഭയായിരുന്നു ഈരാറ്റുപേട്ട അബൂ സുമയ്യ പി ഇ മുഹമ്മദ് യൂസുഫുൽ ബാഖവി , പ്രായം പിന്നോട്ടു വലിക്കുമ്പോഴും യുവമനസ്സോടെ അദ്ധ്യാപനം ജീവിത ദൗത്യമാക്കി മാതൃകാ അദ്ധ്യാപകനായി  പ്രശോഭിച്ചിരുന്ന മഹാനവർകൾ നിറപുഞ്ചിരിയുടേയും നിഷ്കളങ്ക മനസ്സിൻറയും ഉടമസ്ഥനും ആദ്യ ഇടപെടലിൽ തന്നെ ആരുടേയും മനം കവരുന്ന ആകർഷണീയമായ പെരുമാറ്റക്കാരനും അധികാരസ്ഥാനങ്ങളിൽ ഒട്ടും തന്നെ തൽപ്പരനല്ലാത്ത നിറഞ്ഞ വ്യക്തിത്വം കൊണ്ടു് ആരെയും ഹഠാദാകർഷിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം ആ ബന്ധം എന്നെന്നും തുടരുന്നതിൽ പ്രേരിപ്പിക്കുന്നതുമായിരുന്നു .

കക്ഷിരാഷ്ട്രിയ ജാതിമത വിഭാഗീയ ചിന്തകൾക്കതിതമായി മാനുഷിക മൂല്യത്തിനു വിലകൽപ്പിക്കുക്കുകയും തൻ്റെ മതചിട്ടവട്ടങ്ങൾക്കും മതവീക്ഷണങ്ങൾക്കും പോറലേൽകാത്ത നിലയിൽ വിശ്വമാനവികതക്കു വേണ്ടി നിലകൊണ്ടു്  മുഴുവൻ മനുഷ്യരോടും സ്നേഹത്തിലും സൗഹാർദത്തിലും സഹവർത്തിത്വലും കഴിയുകയും ശിഷ്യഗണങ്ങൾക്ക് അത്തരം അദ്ധ്യാപനങ്ങൾ നൽകുന്നതോടൊപ്പം വിവാദങ്ങളിൽ നിന്ന് തീർത്തും വിട്ടുനിൽക്കുകയും ചെയ്യുക എന്നതും മഹാനവർകളുടെ വേറിട്ട രീതിശാസ്ത്രം തന്നെയായിരുന്നു .

വൈജാനിക വർധനവിനനുസരിച്ച് വിനയം ഏറും എന്നതിൻ്റെ ജീവിക്കുന്ന ഉദാഹരണം തന്നെയായിരുന്നു ശൈഖുനാ അബൂ സുമയ്യ .  മാതാവ് , പിതാവ് , സഹോദരൻ , കൂട്ടുകാരൻ , സഹകാരി എന്നിങ്ങനെ വലുപ്പചെറുപ്പ വിത്യാസമില്ലാതെ ഏതു  സ്ഥാനത്തേക്കും ശിഷ്യഗണങ്ങൾക്കു ചേർത്തു നിർത്താൻ കഴിയുന്ന തരത്തിലുള്ള തൻ്റെ സമീപനശൈലി പ്രശംസനീയവും മറ്റു അദ്ധ്യാപകർക്കു മാതൃകയുമായിരുന്നു .

പഠിതാക്കൾക്കും മറ്റും താൻ ചോദിക്കുന്ന ചോദ്യം അബദ്ധമായി പോകുമോ എന്ന ആശങ്കക്കു ഇടമില്ലാതെ  അദ്ധ്യാപന വേളയിലും അല്ലാത്തപ്പോഴും എന്തും എങ്ങനെയും ചോദിക്കാൻ മഹാനവർകളുടെ മുന്നിൽ മടിക്കേണ്ടതില്ലായിരുന്നു മാത്രവുമല്ല എത്ര ലളിതമായ ചോദ്യമാണെങ്കിലും   വളരെ പ്രസക്തമായ ചോദ്യം എന്ന നിലയിൽ തന്നെ അതിനെ പരിഗണിച്ച് ശക്തവും വ്യക്തവുമായ ആധാരത്തോടു കൂടി മറുപടി പറയുകയും ഹദീസ് ഉദ്ധരിക്കുമ്പോൾ നിവേധകൻ്റെ പേരടക്കം കൃത്യമായി പറയുക എന്നതും ലളിതവും പല ആവർത്തി പഠിപ്പിച്ചു കഴിഞ്ഞിട്ടുള്ളതുമായ  പാഠമായിരുന്നാലും അനുബന്ധ ഗ്രന്ഥങ്ങൾ കൂടി പരിശോധിച്ച് ഒന്നുകൂടി അതിനു വേണ്ടി മുൻകൂട്ടി തയ്യാറാവുക എന്നതും ശൈഖുനാ യുടെ അദ്ധ്യാപനശൈലിയായിരുന്നു .

തൻ്റെ പ്രവർത്തന മേഖലയിലുള്ള വിശിഷ്യാ സാമുഹിക സാംസ്കാരിക രംഗങ്ങളിലുള്ള സൗമ്യതയും സമവായവും വിട്ടുവീഴ്ച മനോഭാവവും പ്രതിപക്ഷ ബഹുമാനവും എടുത്തു പറയേണ്ടതു തന്നെയാണ് . പ്രായോഗികമായി ഹനഫീ മദ്ഹബുകാരനെങ്കിലും കർമ്മശാസ്ത്രപരമായി നാലു മദ്ഹബുകളിലും പരിജ്ഞാനം നേടിയതോടൊപ്പം ഖുർആൻ ഹദീസ് ഗവേഷണ രംഗത്തും മികവു തെളിയിച്ച വ്യക്തിയും  ഗോള ശാസ്ത്രത്തിൽ അതീവ നിപുണനും ഖിബില നിർണയത്തിൽ  സമർഥനും എല്ലാവരുടേയും ആശ്രയവുമായിരുന്നു  .

ഈരാറ്റുപേട്ട പടിപ്പുരക്കൽ പരേതനായ ഇബ്രാഹീം കുട്ടി മൗലവിയുടെയും സ്വാതന്ത്ര്യ സമര സേനാനി  വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സഹോദരീ പുത്രിയുമായ ചക്കിപ്പറമ്പത്തു കുടുംബാംഗം മർഹൂം അലിയാർ മൗലവിയുടെ മകൾ ഹലീമ ബീവിയുടെയും മകനായി 1952 ൽ ജനിച്ച അദ്ദേഹത്തിന്റെ  പ്രാഥമിക പഠനം ഈരാറ്റുപേട്ടയിൽ തന്നെയായിരുന്നു.

 ചെറുപ്പം മുതലേ മത വൈജ്ഞാനിക മേഖലയിൽ ആകൃഷ്ടനായിരുന്ന അദ്ധേഹം എസ് എസ് എൽസി പാസായ ശേഷം ചിരകാലാഭിലാഷമായ മത വൈജ്ഞാനിക മേഖലയിലേക്കു തന്നെ തിരിഞ്ഞു , ചെറുപ്പം മുതലേ തൻ്റെ വഴികാട്ടിയും ഗുണകാംക്ഷിയും തൻ്റെയും കുടുംബത്തിൻ്റേയും സർവസ്വവുമായിരുന്ന  മാതൃസഹോദരൻ കൂടിയായ മർഹൂം കെ എം മുഹമ്മദ് ഈസാ മൗലവി ഫാദിൽ മൻബഈ അവർകളും ഈരാറ്റുപേട്ട നൂറുൽ ഇസ് ലാമിൽ മുദർരിസ് ആയിരുന്ന ആലംകോഡ് അബ്ദുൽ ഖാദിർ  മൗലവി അവർകളുമായിരുന്നു ഗുരുനാഥന്മാർ , പ്രധാന ഗുരുനാഥനും പഠനത്തിൻ്റെ സിംഹ ഭാഗവും കഴിച്ചു കൂട്ടിയത് ശൈഖുനാ ഈസാ ഉസ്താദ് അവർകളോടൊപ്പം തന്നെയായിരുന്നു .  പഠനകാലത്ത് പാഠ്യേതര കാര്യങ്ങളിൽ തികച്ചും തൽപരനല്ലാതിരുന്നതുകൊണ്ടു തന്നെ വലിയ സുഹൃത്ബബങ്ങൾ രൂപപ്പെടുത്തിയിരുന്നില്ല തൻ്റെ ലക്ഷ്യപ്രാപ്തിക്ക് അനുകൂലമായി നിഴൽ പോലെ ഒപ്പമുണ്ടായിരുന്ന ഒരേ ഒരു വ്യക്തി പാവല്ല ഉസ്താദ് എന്നറിയപ്പെടുന്ന ചന്തിരൂർ സൈദു മുഹമ്മദു മൗലവി അവർകളായിരുന്നു അക്കാലത്തെ എടുത്തു പറയാവുന്ന സുഹൃത്തും സഹപാഠിയും .

വേലൂർ ബാഖിയാത്തു സ്വാലിഹാത്ത് അറബിക് കോളജിൽ നിന്നും ആയിരത്തി തൊള്ളായിരത്തി എഴുപത്തിയഞ്ചിൽ ബിരുധം നേടി ആദ്യസേവനമാരംഭിച്ചത് പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ എന്ന സ്ഥലത്താണ് . തദ് രീസ് മുഖ്യലക്ഷ്യമായി കണ്ടിരുന്നതിനാൽ തന്നെ  മറ്റെല്ലാ ഘടകളും ഒത്തിണങ്ങിയിട്ടും  ദീർഘകാലം അവിടെ തുടർന്നില്ല . ആലപ്പുഴ ജില്ലയിലെ നൂറുൽ ഇസ് ലാം , കാത്തിരപ്പള്ളി ഹിദായത്തുൽ ഇസ് ലാം അറബിക്  കോളജ്   , കശ്ശാഫുൽ ഉലൂം അറബിക് കോളജ് പത്തനംതിട്ട എന്നിവിടങ്ങളിൽ പതിറ്റാണ്ടു കണക്കിനു സേവനം ചെയ്ത ശൈഖുനാ നിലവിൽ ഈരാറ്റുപേട്ട മൻബഉൽ ഖൈറാത്ത് അറബിക് കോളജിൽ പ്രധാന അദ്ധ്യാപകനായി സേവനം അനുഷ്ടിക്കുകയായിരുന്നു .

വർത്തമാനകാലസാഹചര്യം ആവശ്യപ്പെടുന്ന മാനവ ഐക്യം ,  വൈജ്ഞാനിക പുരോഗതി ,  ജീവകാരുണ്യ പ്രവർത്തനം എന്നി ലക്ഷ്യങ്ങളുമായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു പോരുന്ന തെക്കൻ കേരളത്തിലെ പ്രസിദ്ധമായ പണ്ഡിതസഭ അൽ അഹ് ബാബ് ഉലമാ കൗൺസിൽ ശൈഖുനാ അവർകളുടെ ശിഷ്യഗണങ്ങളുടേതും അവിടുത്തെ ശിക്ഷണത്തിലും പ്രവർത്തിക്കുന്നതുമായ  സംഘടനയാണ് .

ഈരാറ്റുപേട്ട , ജൗഹറുദദ്ദീൻ മൗലവി പട്ടിമറ്റം ,തെക്കേക്കര സുബേർ മൗലവി , കായംകുളം ഹസനിയ്യ അറബിക് കോളജ് മുദർരിസ് ആലപ്ര അബ്ദുൽ റഹ്മാൻ ബാഖവി , മഞ്ചേരി നജ്മുൽ ഹുദാ പ്രിൻസിപ്പാൾ പെരുവന്താനം ഈസാ മൗലവി , ഓച്ചിറ ഹസനിയാ മുദർരിസ് തൊടുപുഴ കാസിം മൗലവി  കൊല്ലം കബീർ മൗലവി , ചേരാനല്ലൂർ അബ്ദുൽ സമദ് മൗലവി ,തലനാട് ബഷീർ മൗലവി , എന്നീ പ്രധാന ശിഷ്യന്മാരടക്കം ഒട്ടനവധി പണ്ഡിത ശ്രേഷ്ടരുടെ ഗുരുവും വഴികാട്ടിയുമായിരുന്നു ശൈഖുനാ യൂസുഫുൽ ബാഖവി .

 

Latest News