ഡോക്ടറേ, ഒന്നും പേടിക്കേണ്ട നാട് കൂടെയുണ്ട്; കാഞ്ഞിരപ്പള്ളിക്കാരുടെ വേറിട്ട പ്രതിഷേധം

കോട്ടയം :  ഡോക്ടര്‍മാര്‍ക്കെതിരെ നിരവധി പരാതികളാണ് സാധാരണ ഉയരാറുള്ളത്. ചികിത്സാ പിഴവ്, കൈക്കൂലി വാങ്ങല്‍ തുടങ്ങി രോഗികളായ സ്ത്രീകളോട് അപമര്യാദയായി പെരുമാറല്‍ വരെ ദിവസവും നിരവധി പരാതികള്‍. ഉണ്ടാകാറുണ്ട്. ചികിത്സാ പിഴവ് ആരോപിച്ച് ഡോക്ടര്‍മാര്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്ന സംഭവങ്ങളും ഏറി വരികയാണ്. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കുകയും ചെയ്തു. എന്നാല്‍ കാഞ്ഞിരപ്പള്ളിയില്‍ നടക്കുന്നത് നാട്ടുകാരുടെ വേറിട്ട പ്രതിഷേധമാണ്. കാഞ്ഞിരപ്പള്ളിക്കാര്‍ ഡോക്ടര്‍മാരോട് പറയുന്നു, ഒന്നും പേടിക്കേണ്ട,നാട് കൂടെയുണ്ട്. 
വ്യാജ അഴിമതിക്കേസില്‍ ഡോക്ടര്‍മാരെ കുടുക്കാന്‍ വിജിലന്‍സ് ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ സംഘടിച്ചത്. 
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി സര്‍ജന്‍ ഡോ. ബിനു പി ജോണിനെ വ്യാജ അഴിമതി കേസില്‍ കുടുക്കാനുള്ള വിജിലന്‍സ് സംഘത്തിന്റെ നീക്കത്തിനെതിരെ കുന്നുംഭാഗത്താണ് പ്രതിഷേധമുയര്‍ന്നത്. 'കൂടെയുണ്ട് നാട്' എന്ന മുദ്രവാക്യമുയര്‍ത്തി കടകളടച്ചും ഓട്ടോറിക്ഷകള്‍ പണിമുടക്കിയും നാട്ടുകാര്‍ ഒന്നടക്കം ജനറല്‍ ആശുപത്രി ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പിന്തുണ പ്രഖ്യാപിച്ചു. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദീപങ്ങള്‍ തെളിയിക്കുകയും ചെയ്തു.
ജനറല്‍ ആശുപത്രിയിലെ സര്‍ജനായിരുന്ന ഡോ. സുജിത്തിനെ മുന്‍പ് കൈക്കൂലി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു.  കഴിഞ്ഞ ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്ത ഡോക്ടര്‍ക്കെതിരെ ഇതുവരെ കുറ്റപത്രം കൊടുക്കാന്‍ വിജിലന്‍സ് സംഘം തയാറായിട്ടില്ല. സര്‍ക്കാര്‍ ഡോക്ടര്‍മാരെ ഉന്നംവച്ചു കൊണ്ട് വിജിലന്‍സ് സംഘം നടത്തുന്ന റെയ്ഡുകള്‍ സ്വകാര്യ ആശുപത്രികളെ സഹായിക്കനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അഴിമതിക്കാരായ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യുന്നതില്‍ ഇവര്‍ക്ക് എതിര്‍പ്പൊന്നുമില്ല, എന്നാല്‍, അഴിമതിക്ക് കൂട്ടു നില്‍ക്കാതെ ജനങ്ങള്‍ക്കുവേണ്ടി നില്‍ക്കുന്ന ഡോക്ടര്‍മാരെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്നാണ് കാഞ്ഞിരപ്പള്ളിക്കാര്‍ പറയുന്നത്. 

 

 

Latest News