ന്യൂദല്‍ഹി - ഭരണപക്ഷ പ്രതിഷേധത്തിനിടെ രാഹുലിന് ലോക്‌സഭയില്‍ സംസാരിക്കാന്‍ അവസരം നിഷേധിച്ച് സ്പീക്കര്‍. ലണ്ടനില്‍ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യിക്കാന്‍ ബി.ജെ.പി നീക്കമാരംഭിച്ചു. ഇതിന്റെ ഭാഗമായി രാഹുലിന്റെ ലോക്‌സഭാ അംഗത്വം റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കമ്മിറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി.
യൂറോപ്പിലും അമേരിക്കയിലും നടത്തിയ പരാമര്‍ശങ്ങളിലൂടെ രാഹുല്‍ രാജ്യത്തിന്റെയും പാര്‍ലമെന്റിന്റെയും അന്തസ്സ് നഷ്ടപ്പെടുത്തിയതായി ദുബെ ആരോപിച്ചു. രാഹുലിനെ പാര്‍ലമെന്റില്‍ നിന്നു പുറത്താക്കേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാനമായ രീതിയില്‍ 2005ല്‍ രൂപീകരിച്ച പ്രത്യേക സമിതി 11 എം.പിമാരുടെ അംഗത്വം റദ്ദാക്കിയ നടപടി ചൂണ്ടിക്കാണിച്ചായിരുന്നു ദുബെയുടെ ആവശ്യം. പ്രത്യേക സമിതി രൂപീകരിച്ചാല്‍ ലോക്‌സഭയിലെ അംഗബലം കണക്കിലെടുത്ത് ബി.ജെ.പി അംഗങ്ങള്‍ക്കായിരിക്കും സമിതിയില്‍ ഭൂരിപക്ഷം. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ അത് രാഹുലിന് വലിയ തിരിച്ചടിയായിരിക്കും.
എന്നാല്‍ തനിക്കെതിരായുള്ള ആരോപണങ്ങളില്‍ പാര്‍ലമെന്റില്‍ മറുപടി പറയാന്‍ അനുവദിക്കണമെന്ന് രാഹുല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സഭയില്‍ മറുപടി നല്‍കേണ്ടത് തന്റെ അവകാശമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. വിഷയവുമായി ബന്ധപ്പെട്ട് നിരവധി കേന്ദ്രമന്ത്രിമാര്‍ രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു.
രാഹുല്‍ സഭയിലെത്തി മാപ്പ് പറയണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. അതേസമയം പ്രധാനമന്ത്രി മോഡിയാണ് രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. ബഹളത്തിനിടെ ലോക്‌സഭാ നടപടികള്‍ സന്‍സദ് ടിവി സംപ്രേഷണം ചെയ്തത് ശബ്ദമില്ലാതെയായിരുന്നു. അരമണിക്കൂറില്‍ താഴെ മാത്രമാണ് ഇരുസഭകളും ഇന്നലെ പ്രവര്‍ത്തിച്ചത്. നെഹ്‌റു കുടുംബത്തെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് പ്രധാനമന്ത്രിക്കെതിരെ കെ.സി. വേണുഗോപാല്‍ അവകാശലംഘന നോട്ടിസ് നല്‍കി.
ലണ്ടനില്‍ നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പുപറയണമെന്നു ഭരണപക്ഷവും അദാനി വിഷയത്തില്‍ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും പ്രതിഷേധിച്ചതോടെയാണ് തുടര്‍ച്ചയായ അഞ്ചാം ദിനവും പാര്‍ലമെന്റ് സ്തംഭിച്ചത്. രാഹുല്‍ പാര്‍ലമെന്റിലെത്തിയെങ്കിലും സംസാരിക്കാന്‍ സാധിച്ചില്ല. യു.കെയില്‍വച്ച് ഇന്ത്യയില്‍ ജനാധിപത്യത്തിനുനേര്‍ക്ക് ആക്രമണം നടക്കുന്നുവെന്ന് രാഹുല്‍ നടത്തിയ പരാമര്‍ശമാണ് ബി.ജെ.പി ആയുധമാക്കിയിരിക്കുന്നത്.






