മൊബൈല്‍ ഫോണ്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ ബ്രാന്‍ഡുകളിലൊന്നാണ് സാംസങ്ങ്. എസ് 23 എന്ന പുതിയ മോഡല്‍ വിപണിയില്‍ ഈയിടെ ഏറെ തരംഗമാവുകയും ചെയ്തു. എന്നാല്‍ സാംസങ് ഉപഭോക്താക്കളുടെ നെഞ്ചിടപ്പേറ്റുന്ന വാര്‍ത്തയാണ് ബ്രിട്ടനിലെ മിറര്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷമിറങ്ങിയ എസ് 22 ഉള്‍പ്പെടെ നിരവധി ജനപ്രിയ സാംസങ് ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകളില്‍ വലിയ സുരക്ഷാ പിഴവുണ്ടെന്നാണ് വാര്‍ത്ത. ഹാക്കര്‍മാര്‍ക്ക് ഫോണിലേക്ക് നുഴഞ്ഞുകയറാന്‍ സാധിക്കുന്ന മാരകമായ പിഴവുകളാണിതെന്നും പ്രൊജക്റ്റ് സീറോയിലെ ഗൂഗിളിന്റെ സുരക്ഷാടീം വിലയിരുത്തുന്നു. ഇത് അവഗണിക്കപ്പെടേണ്ട ഒരു ഭീഷണിയല്ല.
ഒരു സൈബര്‍ ക്രിമിനലിന് ഇരയുടെ മൊബൈല്‍ നമ്പര്‍ മാത്രം ലഭിച്ചാല്‍ ഹാക്ക് ചെയ്യാനാവുമെന്നതാണ് കുഴപ്പം, ഉപയോക്താവ് അറിയാതെ മൊബൈല്‍ ഫോണ്‍ നിയന്ത്രണം ഹാക്കര്‍ക്ക് ഏറ്റെടുക്കാനാവും.
പ്രോജക്റ്റ് സീറോയുടെ ടിം വില്ലിസ് വിശദീകരിക്കുന്നതിങ്ങനെ: 'പ്രൊജക്റ്റ് സീറോ നടത്തിയ പരിശോധനകള്‍, ഹാക്കറെ ബേസ്ബാന്‍ഡ് തലത്തില്‍ ഉപയോക്തൃ ഇടപെടല്‍ കൂടാതെ വിദൂരമായി ഫോണ്‍ നിയന്ത്രിക്കാന്‍ അനുവദിക്കുന്നുവെന്ന് സ്ഥിരീകരിക്കുന്നു. കൂടാതെ ഹാക്കര്‍ക്ക് ഇരയുടെ ഫോണ്‍ നമ്പര്‍ അറിഞ്ഞാല്‍ മാത്രം മതി.
ബഗിനെക്കുറിച്ച് സാംസങ് ബോധവാന്മാരാണ്. ഉപഭോക്തൃ സുരക്ഷയെ ഗൗരവമായി എടുക്കുന്നതിനാല്‍ അത് പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് അവര്‍ പറയുന്നു. പുതിയ അപ്‌ഡേറ്റ് എത്തുന്നതുവരെ ആക്രമണം തടയാന്‍ ഒരു മാര്‍ഗമുണ്ട്.
ഗൂഗിള്‍ പറയുന്നതനുസരിച്ച്, പുതിയ കേടുപാടുകളില്‍ നിന്ന് സ്വയം പരിരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് അവരുടെ ഉപകരണ ക്രമീകരണങ്ങളില്‍ Wi-Fi കോളിംഗും വോയ്‌സ്ഓവര്‍ LTE (VoLTE) ഓഫാക്കണം. ഇതോടെ ഹാക്കിംഗ് സാധ്യത ഇല്ലാതാക്കും. (സെറ്റിംസില്‍ പോയ് ഇത് ചെയ്യാവുന്നതാണ്.)
ഏത് മോഡല്‍ സാംസങ് ഫോണുകളെയാണ് ബാധിക്കുന്നത്?
സാംസങ്ങിന്റെ സ്വന്തം എക്‌സിനോസ് പ്രോസസര്‍ ഉപയോഗിക്കുന്ന ഫോണുകളെ മാത്രമാണ് ഭീഷണി ലക്ഷ്യമിടുന്നതെന്നും ക്വാല്‍കോം പ്രോസസറാണെങ്കില്‍ പ്രശ്‌നമില്ലെന്നുമാണ് കണ്ടെത്തല്‍.
ഏറ്റവും പുതിയ എസ് 23 ശ്രേണിയില്‍ എക്‌സിനോസ് ചിപ്പുകള്‍ ഉപയോഗിക്കുന്നില്ലെങ്കിലും ഈ വര്‍ഷത്തിന് മുമ്പ് യു.കെയില്‍ വിതരണം ചെയ്ത മിക്ക ഗാലക്‌സി ഉപകരണങ്ങളും എക്‌സിനോസ് ഉപയോഗിക്കുന്നു.