പറ്റ്‌ന - വിവാഹത്തലേന്നു കുടിച്ചു പൂസായ വരൻ വിവാഹദിനത്തിൽ മദ്യലഹരിയിൽ മയങ്ങിയതോടെ വിവാഹം മുടങ്ങി. മദ്യനിരോധനം നിലവിലുള്ള ബിഹാറിലെ ഭാഗൽപുരിലെ സുൽത്താൻ ഗഞ്ച് ഗ്രാമത്തിലാണ് വിചിത്രമായ സംഭവം.
വിവാഹത്തിന്റെ തലേദിവസം കുടിച്ച് ലക്കുകെട്ട വരൻ വിവാഹദിനത്തിൽ ഉറങ്ങിയതുകാരണം വധുവും സംഘവും വിവാഹ ചടങ്ങ് ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു. തുടർന്ന് പിറ്റേന്ന് വരനും വീട്ടുകാരും വധുവിന്റെ വീട്ടിലെത്തിയെങ്കിലും അവർ വിവാഹത്തിനില്ലെന്ന് അറിയിച്ച് പിൻമാറുകയായിരുന്നു. ഇത്രയും ഉത്തരവാദിത്തമില്ലാത്ത ഒരാളോടൊപ്പം എനിക്ക് നിർണായമായ എന്റെ ജീവിതം നയക്കാൻ സാധ്യമല്ലെന്നും അതിനാൽ തനിക്കു വരനായി ഇയാളെ വേണ്ടെന്നും വധു തീർത്തു പറഞ്ഞു. ഒപ്പം വിവാഹ ചടങ്ങിനു ചെലവായ പണം തിരിച്ചുകിട്ടണമെന്നും വധുവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഇരുകൂട്ടരും തമ്മിലുണ്ടായ വാക്കേറ്റം അടിപിടിയിൽ കലാശിക്കുകയായിരുന്നു. തുടർന്ന് വരന്റെ വീട്ടുകാരിൽ ചിലരെ വധുവിന്റെ വീട്ടുകാരും മറ്റും ചേർന്ന് കയറിൽ കെട്ടിയിട്ട് ബന്ദിയാക്കിയതോടെ പ്രശ്‌നം രൂക്ഷമായി. ശേഷം പോലീസ് എത്തിയാണ് ഇരു വീട്ടുകാരെയും വേർപ്പിരിച്ച് രംഗം ശാന്തമാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.