കൊച്ചി- ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണവും ബന്ധവും വര്‍ധിപ്പിക്കുന്നതിന് ഒരുപാട് സാധ്യതകള്‍ നിലവിലുണ്ടെന്ന് ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ജപ്പാന്‍ ഇന്‍ ചെന്നൈ കെന്‍ജി മിയാത്ത. ഇന്ത്യ- ജപ്പാന്‍ ബന്ധത്തിനും സഹകരണത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ചെന്നൈയിലെ ജപ്പാന്‍ കോണ്‍സുലേറ്റ് ജനറല്‍ തുടരുമെന്നും കെന്‍ജി മിയാത്ത പറഞ്ഞു. കൊച്ചിയില്‍ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് സംഘടിപ്പിച്ച ഇന്തോ- ജപ്പാന്‍ അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജപ്പാന്‍ കോണ്‍സുലേറ്റ് ജനറലിന്റെ സഹകരണത്തോടെ കൊച്ചിയിലെ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് സംഘടിപ്പിച്ച ദ്വിദിന ഇന്തോ- ജപ്പാന്‍ അന്താരാഷ്ട്ര സമ്മേളനം കൊച്ചിയില്‍ സമാപിച്ചു. ഇന്ത്യ- ജപ്പാന്‍ സഹകരണവുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കുമുള്ള ഏകീകൃത വേദിയായിരുന്നു സമ്മേളനം. ഇന്ത്യയില്‍ നിന്നും ജപ്പാനില്‍ നിന്നുമുള്ള പ്രതിനിധികളും പ്രഭാഷകരും സമ്മേളനത്തില്‍ പങ്കെടുത്തു.
ഇന്ത്യ- ജപ്പാന്‍ നയതന്ത്ര ബന്ധവുമായി ബന്ധപ്പെട്ട ഭൗമരാഷ്ട്ര തന്ത്രം, വിദേശ നയം, സമുദ്ര വാണിജ്യം, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിലെ വിദഗ്ധര്‍ സമ്മേളനത്തില്‍ സംസാരിച്ചു.