മുസ്‌ലീം ലീഗ് സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നാളെ തന്നെ, മത്സരമുണ്ടാകില്ലെന്ന് സാദിഖലി തങ്ങള്‍

കോഴിക്കോട്-  മുസ്‌ലീം ലീഗ് സംസംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നാളെ (ശനി) തന്നെ നടക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാളെ നടക്കാനിരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം കോടതി തടഞ്ഞിരുന്നു. എറണാകുളം ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിച്ചതിന് ശേഷം മാത്രമേ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാന കൗണ്‍സില്‍ യോഗം ചേരാന്‍ പാടുള്ളുവെന്നാണ് കോഴിക്കോട് മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നത്. എന്നാല്‍ എറണാകുളം ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയതിന്റെ മുഴുവന്‍ രേഖകളും മുസ്‌ലീം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ കൈവശമുണ്ടെന്നും അതിനാല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തുന്നതിന് യാതൊരു തടസവുമില്ലെന്നും സംസ്ഥാന നേതൃത്വം അറിയിച്ചു. രേഖകള്‍ സഹിതം ഇക്കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തും. വിവിധ ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ തൃശൂരിലെ കെ.എസ്.ഹംസ, എറണാകുളത്തെ എം.പി.അബ്ദുള്‍ ഖാദര്‍, തിരുവനന്തപുരത്തു നിന്നുള്ള റസാഖ് എന്നിവരാണ് കോഴിക്കോട് കോടതിയില്‍ ഹര്‍ജി നല്‍കി സംസ്ഥാന കൗണ്‍സില്‍ യോഗം ചേരുന്നതിനെതിരെ വിധി സമ്പാദിച്ചിരുന്നത്.
സംസ്ഥാന ജനറല്‍ സെക്രട്ടറി ആരാകണമെന്നതിനെച്ചൊല്ലി മുസ്ലീം ലീഗില്‍ ചേരിപ്പോര് തുടരുന്നതിനിടയില്‍  മുഴുവന്‍ ജില്ലകളിലെയും പ്രസിഡന്റുമാരെയും ജനറല്‍ സെക്രട്ടറിമാരെയും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്ന് മലപ്പുറത്തേക്ക് വിളിച്ചു വരുത്തുകയും ഇവരുടെ അഭിപ്രായങ്ങള്‍ തേടുകയും ചെയ്തിട്ടുണ്ട്. കമ്മറ്റി തെരഞ്ഞെടുപ്പില്‍ മത്സരമുണ്ടാകില്ലെന്നും ഏകകണ്ഠമായ തെരഞ്ഞെടുപ്പായിരിക്കും നടക്കുകയെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറിയടക്കം 19 ഭാരവാഹികളെയാണ് നാളെ തെരഞ്ഞെടുക്കുക. നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി.എം.എ സലാം ജനറല്‍ സെക്രട്ടറിയായി തുടരണമെന്നാണ് പി.കെ.കുഞ്ഞാലിക്കുട്ടി വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ എം.കെ.മുനീറിനെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാക്കണമെന്നാണ് ഇ ടി മുഹമ്മദ് ബഷീര്‍,  കെ.എം.ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ ആവശ്യം. ചേരിപ്പോര് രൂക്ഷമായതോടെ  പ്രശ്നങ്ങളില്ലാതെ ഒത്തു തീര്‍പ്പിലൂടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

Latest News