അനന്തരാവകാശത്തിലെ തുല്യനീതി

പത്തിലധികം സന്ദർഭങ്ങളിൽ പുരുഷനേക്കാൾ സ്ത്രീക്ക് അധികമായി അനന്തരാവകാശം ലഭിക്കുന്നുണ്ട് ശരീഅത്ത് പ്രകാരം. ചില ഘട്ടങ്ങളിൽ പുരുഷന് ഒന്നും ലഭിക്കില്ല, എന്നാൽ സ്ത്രീക്ക് ലഭിക്കുകയും ചെയ്യും. ഇനി മരിച്ചയൊരാൾക്ക് അഞ്ച് സ്ത്രീകൾ ബന്ധുക്കളായി ഉണ്ടെന്ന് കരുതുക. അമ്മ, ഭാര്യ, മകൾ, നേരത്തെ മരണപ്പെട്ടുപോയ മകന്റെ മകൾ, വിധവയായ സഹോദരി എന്നിവരാണ് ആ സ്ത്രീകൾ. ശരീഅത്ത് പ്രകാരം ഈ അഞ്ച് പേർക്കും അനന്തരാവകാശം ലഭിക്കും. 

താനൂരിലെ ആയിഷാത്തയുടെ കഥയായിരുന്നു അനന്തരാവകാശ ചർച്ചകളിൽ ഇസ്ലാമിക ശരീഅത്ത് സ്ത്രീ വിരുദ്ധമാണെന്നതിന് ഉപോൽബലകമായി കൊണ്ടുവരപ്പെട്ടത്. സ്ത്രീക്ക് പുരുഷന്റെ പകുതിയേ അനന്തരമായി ലഭിക്കുന്നുള്ളൂ എന്നും സ്ത്രീ ഇസ്ലാമിൽ എന്നും അവഗണന നേരിടുന്ന വിഭാഗമാണെന്നുമുള്ള ആഖ്യാനം ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള പെടാപ്പാടുകൾ സമാന്തരമായി നടക്കുന്നുമുണ്ട്. ഏതാനും മിനിറ്റുകൾ നീണ്ടുനിൽക്കുന്ന ചാനൽ ചർച്ചകളിൽ കപട പണ്ഡിതരും രാഷ്ട്രീയ സാമൂഹിക നിരീക്ഷകരും അവതാരകരും എല്ലാം ചേർന്ന് 'ഇതാ കണ്ടില്ലേ അനീതി' എന്ന് ദ്യോതിപ്പിക്കാൻ ഉത്സാഹിക്കുന്നുണ്ട്. മുസ്‌ലിം പേരിലുള്ള വനിതകളും അവരുടെ കൂട്ടായ്മകളും ചർച്ചാവേദികളൊരുക്കിക്കൊണ്ടും പ്രകടനങ്ങളും പ്രതിഷേധങ്ങളും സൃഷ്ടിച്ചുകൊണ്ട് തെരുവിലുമുണ്ട്.  
 എന്താണ് ഇസ്‌ലാമിലെ അനന്തരാവകാശം, എത്ര പ്രാധാന്യം ഇസ്‌ലാം അതിന് നൽകിയിട്ടുണ്ട് എന്നൊന്നും പര്യാലോചന നടത്താതെയാണ് സമത്വത്തിനായുള്ള മുറവിളിയെന്നറിയുക. അറിവിന്റെ പകുതിയാണ് അനന്തരാവകാശ നിയമങ്ങളെന്ന് ഇസ്‌ലാമിക കർമശാസ്ത്രത്തിൽ സ്ഥിരപ്പെട്ട കാര്യമാണ്. ഇൽമുൽ ഫറാഇദ് (നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ജ്ഞാനശാഖ) എന്നാണ് ഇതറിയപ്പെടുന്നത്. അൽഗോരിതത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന അൽഖവാരിസ്മിയുടെ സംഭാവനകൾ അൽജബർ എന്ന വിഖ്യാത ഗ്രന്ഥത്തിലാണ് വിരചിതമായിരിക്കുന്നത്. അദ്ദേഹം അൽഗോരിതത്തിന്റെ തത്വങ്ങൾ പഠിക്കുന്നത് തന്നെ അനന്തരാവകാശ നിയമങ്ങൾക്ക് ഖണ്ഡിതമായ രൂപം നൽകാനാണ്.
 മൂന്ന് സൂക്തങ്ങളിലൂടെ ആണെങ്കിലും അർത്ഥശങ്കക്കിടമില്ലാത്ത വിധം ഖുർആൻ അനന്തരാവകാശത്തിന്റെ തത്വം വിശദീകരിച്ചിട്ടുണ്ട്. ലോകത്തെ എക്കാലത്തെയും ഇസ്ലാം മതവിശ്വാസികൾക്ക് ഈ നിയമങ്ങൾ ബാധകമാണ്. അവർ എവിടെ, ഏത് വ്യവസ്ഥിതിയിൽ ജീവിക്കുന്നുവെന്നത് വിഷയമല്ല. അവർക്ക് അതത് രാജ്യങ്ങളിൽ വിലക്കുകളില്ലെങ്കിൽ ഇസ്‌ലാമിക വ്യക്തിനിയമങ്ങൾ ബാധകമാണ്. അതിൽ ഐഛികത അനുവദിക്കുന്നില്ല. മരണശേഷം ഒരു വ്യക്തിക്ക് സമ്പാദ്യമായി അവശേഷിക്കുന്നതിനെയാണ് അനന്തരാവകാശ സ്വത്ത് എന്ന് പറയുന്നത്. അതിന്റെ വിഹിതം ലഭിക്കേണ്ടവരാണ് അന്തരാവകാശികൾ. അതവരുടെ അവകാശമായതുകൊണ്ടു തന്നെയാണ് ആ പേര് വന്നത്. അവകാശികൾക്ക് കിട്ടേണ്ടത് തടയപ്പെടുന്നതും അവരെ വഴിയാധാരമാക്കുന്നതും അനീതിയാണ്. നീതിക്ക് വിരുദ്ധമായൊരു നിയമം    ലോകരക്ഷിതാവിൽനിന്ന് ഉണ്ടാവില്ലല്ലോ.
 ഇനി, അവശേഷിക്കുന്ന സമ്പത്ത് വീതംവെക്കുന്നതിന് മുമ്പായി മൂന്ന് കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഒന്ന്, മരിച്ചയാളുടെ മരണാനന്തര കർമങ്ങൾക്കുവേണ്ട തുക. രണ്ട്, മരിച്ചയാൾക്ക് കടങ്ങളുണ്ടെങ്കിൽ അത് വീട്ടാനുള്ള ബാധ്യത, കടത്തിൽ തന്നെ സ്വത്തിന്റെ സക്കാത്ത്, പണയക്കടം, മറ്റുകങ്ങൾ എന്നിങ്ങനെ വിഭാഗങ്ങളുണ്ട്. മൂന്ന്, വസിയ്യത്ത് പോലെ മറ്റ് അവകാശികൾക്ക് കൊടുക്കാനുള്ളത്. ഇത് മൂന്നും കഴിഞ്ഞ ശേഷമാണ് അന്തരാവകാശികൾ വരുന്നത്. അതായത്, ആയിഷുമ്മയുടെ ഭർത്താവ് മരിച്ചപ്പോൾ എന്തെങ്കിലും കടമുണ്ടെങ്കിൽ അത് കൊടുത്തു വീട്ടിയ ശേഷമേ ഭർത്താവിന്റെ സഹോദരങ്ങൾക്ക് വീതം വെക്കേണ്ടതുള്ളൂ. എന്ന് മാത്രമല്ല, ഭർത്താവിന്റെ അനന്തര സ്വത്ത് വിറ്റിട്ടും കടം വീടുന്നില്ലെങ്കിൽ ആ ബാധ്യത ഏറ്റെടുക്കേണ്ടത് അദ്ദേഹത്തിന്റെ സഹോദരന്മാരാണ്. കാരണം, അവർക്ക് സ്വത്തിൽ അവകാശമുള്ളതിനേക്കാൾ ബാധ്യതയുണ്ട് അദ്ദേഹത്തിന്റെ കടത്തിൽ. ഇതാണ് ഇസ്‌ലാമിക ശരീഅത്തിൽ പറഞ്ഞിരിക്കുന്നത്.
മനുഷ്യ നിർമിതമായ നിയമങ്ങൾ കാലാനുസൃതമായി മാറ്റേണ്ടിവരും. ഇന്ത്യൻ ഭരണഘടനയിൽ തുല്യത ഏറ്റവും ആദരിക്കപ്പെടുന്ന ഒന്നാണ്. സ്ത്രീക്കും പുരുഷനുമിടയിൽ അനന്തരാവകാശത്തിന്റെ വിഷയത്തിൽ അസമത്വം ഉള്ളതിനാൽ ഇസ്‌ലാമിക ശരീഅത്ത് ഭരണഘടനാ വിരുദ്ധമാണ് എന്നാണ് ഒരു വാദം. തുല്യനീതിക്കായിട്ടാണ് സ്പെഷ്യൽ മേരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ അതുവഴി തുല്യത കിട്ടുമോ? രണ്ട് കാര്യങ്ങളാണ് അതുവഴി സംഭവിക്കുക. ഒന്ന്, അതോടെ മറ്റു വ്യക്തിനിയമങ്ങളിലും അദ്ദേഹത്തിന് ശരീഅത്ത് ബാധകമാകില്ല. രണ്ട്, സ്വാർത്ഥത കാരണം മരിച്ചയാളുടെ അനന്തര സ്വത്തിൽ അവകാശികൾ ആകേണ്ട മാതാപിതാക്കൾ അടക്കമുള്ളവർക്ക് അവരുടെ വിഹിതം നിഷേധിക്കപ്പെടും. എവിടെയാണ് നീതി?
 ഒരാൾ ഈ നിയമത്തിലേക്ക് മാറുന്നതോടുകൂടി അദ്ദേഹത്തിന് വേണമെങ്കിൽ തന്റെ സ്വത്ത് മുഴുവനും ഇഷ്ടമുള്ള ആരുടെ പേരിലേക്കെങ്കിലും എഴുതിവെക്കാം. മക്കൾക്കു പോലും ഒന്നും ലഭിക്കില്ല. അതായത്, അനന്തരാവകാശികൾ ഏത് നിലക്കും വഴിയാധാരമാകാൻ സാധ്യതയുള്ള ഒരവസ്ഥയിലേക്കാണ് ഈ മാറ്റമെന്നറിയുക. എന്നാലത് ശരീഅത്തിൽ നടപ്പില്ല. മൂന്നിലൊന്ന് സ്വത്ത് മാത്രമാണ് വസിയ്യത്ത് മുഖേന എഴുതിവെക്കാൻ (വാക്കാൽ ആയാലും മതി) സാധിക്കുകയുള്ളൂ. അതും, അനന്തരാവകാശികൾക്ക് വേണ്ടി എഴുതിവെക്കാൻ പറ്റുകയില്ല. അതായത്, ആരുടെയും കൈകടത്തലിന് വിധേയമാകാതെ അവകാശികൾക്ക് അനന്തര സ്വത്ത് ലഭിക്കുക തന്നെ ചെയ്യും. മൂന്ന് വിധേനയാണ് അന്തരാവാകാശത്തിന് അർഹത നേടുക. ഒന്ന് കുടുംബ ബന്ധം വഴി, രണ്ട് വിവാഹ ബന്ധം വഴി, മൂന്ന് അടിമയെ മോചിപ്പിക്കുക വഴി. മറ്റവകാശികളില്ലെങ്കിൽ താൻ മോചിപ്പിച്ച് സ്വതന്ത്രനാക്കിയ അടിമക്കാണ് തന്റെ സമ്പത്ത് പോകുന്നത്. എത്ര സുന്ദരമാണ് ഈ വ്യവസ്ഥ!
 പത്തിലധികം സന്ദർഭങ്ങളിൽ പുരുഷനേക്കാൾ സ്ത്രീക്ക് അധികമായി അനന്തരാവകാശം ലഭിക്കുന്നുണ്ട് ശരീഅത്ത് പ്രകാരം. ചില ഘട്ടങ്ങളിൽ പുരുഷന് ഒന്നും ലഭിക്കില്ല, എന്നാൽ സ്ത്രീക്ക് ലഭിക്കുകയും ചെയ്യും. ഇനി മരിച്ചയൊരാൾക്ക് അഞ്ച് സ്ത്രീകൾ ബന്ധുക്കളായി ഉണ്ടെന്ന് കരുതുക. അമ്മ, ഭാര്യ, മകൾ, നേരത്തെ മരണപ്പെട്ടുപോയ മകന്റെ മകൾ, വിധവയായ സഹോദരി എന്നിവരാണ് ആ സ്ത്രീകൾ. ശരീഅത്ത് പ്രകാരം ഈ അഞ്ച് പേർക്കും അനന്തരാവകാശം ലഭിക്കും. മൊത്തം അന്തരാവകാശത്തെ 24 ഭാഗമാക്കി മാറ്റുമ്പോൾ പകുതി (12 ഭാഗം) മകൾക്ക്, നാല് ഭാഗം വീതം മാതാവിനും പേരക്കുട്ടിക്കും, മൂന്ന് ഭാഗം ഭാര്യക്ക്, ഒരു ഭാഗം വിധവയായ സഹോദരിക്ക്. എന്നാൽ സ്‌പെഷ്യൽ മേരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തയാൾ മരിച്ചാൽ ഇതിൽ മകൾക്ക് മാത്രമേ സ്വാഭാവിക അന്തരാവകാശം ലഭിക്കൂ. അപ്പോൾ സ്ത്രീകളോട് നീതി പുലർത്തുന്ന വ്യവസ്ഥ ഇവിടെ ഏതാണ്?

Latest News