തിരുവനന്തപുരം- കമ്യൂണിസ്റ്റ് നേതാവ് ആർ. സുഗതൻ ജീവിച്ചിരുന്നെങ്കിൽ സെക്രട്ടറിയേറ്റിനു പകരം നിയമസഭാ മന്ദിരം ഇടിച്ചു നിരത്തി അവിടെ ചൊറിയണം നടണമെന്നു പറയുമായിരുന്നെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. സുഗതൻ മുമ്പ് സെക്രട്ടറിയേറ്റിനെക്കുറിച്ചാണ് ഇതു പറഞ്ഞതെങ്കിലും ഇപ്പോൾ നിയമസഭക്കും ഇതു ബാധകമാണ്. ജനാധിപത്യ അവകാശങ്ങൾ ചവിട്ടിമെതിക്കുകയും പ്രതിപക്ഷ അംഗങ്ങളെ അടിച്ചുവീഴ്ത്തുകയും ചെയ്യുന്ന ഭീകരരുടെ താവളമായി നിയമസഭ മാറി. ജനങ്ങളുടെ പണം ഉപയോഗിച്ച് ലക്ഷങ്ങൾ ചെലവാക്കി പ്രവർത്തിക്കുന്ന സഭാടിവി ഇപ്പോൾ പാർട്ടി ചാനൽ പോലെയാണ് പ്രവർത്തിക്കുന്നത്. ഭരണകക്ഷി അംഗങ്ങളുടെ മുഖം മാത്രം കാണിക്കുകയും അവരുടെ പ്രസംഗം മാത്രം കേൾപ്പിക്കുകയും ചെയ്ത് തികച്ചും പക്ഷപാതപരമായാണ് സഭാ ടി.വി പ്രവർത്തിക്കുന്നത്. പ്രതിപക്ഷത്തെ വാഴപ്പിണ്ടിയെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് വിളിച്ചത്. റിയാസിന്റെ നട്ടെല്ല് ഒരു തെരുവുഗുണ്ടയുടേതാണ്. ലാവ്‌ലിൻ ഇടപാടിന്റെയും കമല ഇന്റർനാഷണൽ എക്‌സ്‌പോർട്ട് കമ്പനിയുടെയും വിശദാംശങ്ങൾ ടി.പി. നന്ദകുമാറിന്റെ െ്രെകംവാരിക 2005 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചപ്പോൾ അന്ന് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ 15 അംഗ ഗുണ്ടാസംഘം െ്രെകമിന്റെ കോഴിക്കോട് ഓഫീസ് ആക്രമിച്ച് മുഴുവൻ രേഖകളും എടുത്തുകൊണ്ടുപോകുകയും ഓഫീസിന് തീയിടുകയും ചെയ്തു. ഇതു സംബന്ധിച്ച് കോഴിക്കോട്ട് കസബ പോലീസ് സ്‌റ്റേഷനിൽ രണ്ടു കേസുകളുണ്ട്. സിഐടിയു നേതാവ് ഇ. ബാലനന്ദൻ നൽകിയ
വിലപ്പെട്ട രേഖകളാണ് അന്ന് നഷ്ടപ്പെട്ടത്. സംസ്ഥാന വ്യാപകമായി സി.പി.എം ഗുണ്ടകൾ ക്രൈമിന്റെ കോപ്പികൾ പിടിച്ചെടുത്ത് പിണറായി വിജയന് സംരക്ഷണം നൽകിയെന്നും സുധാകരൻ ആരോപിച്ചു.