പ്രിയതമ പോയിട്ടും പോയില്ല;പോറ്റുനാട് പിടിച്ചുനിര്‍ത്തിയതു പോലെ ഒരു മരണം

മക്ക- ഉംറ നിര്‍വഹിക്കാനായി കൂടെ വന്നിരുന്ന ഭാര്യയേയും അവരുടെ ഉമ്മയേയും നാട്ടിലേക്കയച്ചതിനുശേഷം കുറച്ചു ദിവസങ്ങള്‍ കൂടി തങ്ങാന്‍ മോഹിച്ച പൊതുസേവകന് പുണ്യഭൂമയില്‍തന്നെ അന്ത്യ വിശ്രമം. രണ്ടു പതിറ്റാണ്ട് കാലം ജോലി ചെയ്ത വിശുദ്ധ ഭൂമി അദ്ദേഹത്തെ പിടിച്ചുനിര്‍ത്തിയതുപോലെ.
വെള്ളിയാഴ്ച പുലര്‍ച്ചെ മക്കയില്‍ നിര്യാതനായ മലപ്പുറം തൃക്കലങ്ങോട് കാരക്കുന്ന് സ്വദേശി എം.എ. ലത്വീഫ് എന്ന കുഞ്ഞാപ്പ ഭാര്യ സക്കീനയോടും അവരുടെ ഉമ്മയോടുമൊപ്പമാണ് ഉംറ നിര്‍വഹിക്കാനെത്തിയിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഇവരോടൊപ്പം തിരിച്ചു പോകേണ്ടതായിരുന്നെങ്കിലും കുറച്ചുദിവസം കൂടി മക്കയില്‍തന്നെ ചെലവഴിക്കണമെന്ന ആഗ്രഹത്താല്‍ ഇവിടെ തങ്ങുകയായിരുന്നുവെന്ന് അടുത്ത സുഹൃത്തും ബിസിനസുകാരനുമായ അബ്ദുന്നാസര്‍ ചാത്തോലി മലയാളം ന്യൂസിനോട് പറഞ്ഞു. നാട്ടിലും പ്രവാസത്തിലും തങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും ഇന്ന് പുലര്‍ച്ചെ ഒരുമിച്ച് മദീനയിലേക്ക് പോകാനിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മക്കയില്‍ അബ്ദുന്നാസറിന്റെ മുറിയിലാണ് ലത്വീഫ് താമസിച്ചിരുന്നത്. രാവിലെ എഴുന്നേറ്റപ്പോള്‍ ചെറിയ ചുമ ഉണ്ടായപ്പോള്‍ മദീന യാത്ര മാറ്റിവെക്കണോ എന്ന് ആലോചിച്ചിരുന്നുവെങ്കിലും പോകാന്‍ തന്നെ തീരുമാനിച്ചു. അതിനിടെ അസ്വസ്ഥത കൂടിയപ്പോള്‍ ആശുപത്രിയില്‍ പോകാമെന്ന് ലത്വീഫ് തന്നെയാണ് പറഞ്ഞത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അല്‍പസയമത്തിനകം മരിച്ചുവെന്ന് അബ്ദുന്നസര്‍ പറഞ്ഞു. എല്ലാം അരമണിക്കൂര്‍ കൊണ്ട് കഴിഞ്ഞു.
ഇരുപത് വര്‍ഷത്തിലേറെ മക്കയില്‍ ജോലി ചെയ്തിരുന്ന ലത്വീഫ് കഫ്റ്റീരിയ ഹുലൂദില്‍ കാഷ്യറായിരുന്നു. ഒരു കുട്ടി അപകടത്തില്‍ മരിച്ചതിനു പിന്നാലെയാണ് 1995 ല്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. നാട്ടില്‍ പൊതുരംഗത്ത് സജീവമായിരുന്ന ലത്വീഫ് മഞ്ചേരി ജാമിഅ ഇസ്ലാമിയ്യ ജോയിന്റ് സെക്രട്ടറിയായിരുന്നു. നിരവധി മതസംരഭങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം
നാട്ടില്‍ ഏറെ സ്വീകാര്യനായിരുന്നു.  മക്കയിലായിരുന്നപ്പോള്‍ കെ.എം.സി.സി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.  
വിശുദ്ധ റമദാനില്‍ ഒരാഴ്ചയെങ്കിലും വിശുദ്ധ ഭൂമിയില്‍ ചെലവഴിക്കണമെന്നായിരുന്നു ആഗ്രഹം. മൃതദേഹം മക്കയില്‍ ഖബറടക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് അബ്ദുന്നാസര്‍ ചാത്തോലി അറിയിച്ചു.
 

 

Latest News