Sorry, you need to enable JavaScript to visit this website.

രാഷ്ട്രപതി താമസിച്ച ഹയാത്ത് റീജന്‍സിയിലെ  സ്വീറ്റിന് വാടക ഒരു ലക്ഷം, ഇന്ന് അത്താഴ വിരുന്ന് 

തിരുവനന്തപുരം- കൊച്ചിയിലെ പരിപാടികള്‍ക്കുശേഷം ഇന്നലെ രാത്രി ഏഴരയോടെ സേനാവിമാനത്തില്‍ തലസ്ഥാനത്ത് എത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മു താമസിച്ചത് ഹയാത്തില്‍. ഹയാത്ത് റീജന്‍സി ഹോട്ടലിലെ പ്രസിഡന്‍ഷ്യല്‍ സ്വീറ്റിലാണ് വിശ്രമം ഒരുക്കിയത്. ഇന്ന് രാവിലെ വള്ളിക്കാവിലെ മാതാ അമൃതാനന്ദമയി മഠത്തില്‍ സ്വകാര്യ സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി തിരിച്ചെത്തിയാണ് 11.35ന് കവടിയാര്‍ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ കുടുംബശ്രീ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തത്.  12.45ന് ഹയാത്ത് റീജന്‍സിയിലേക്ക് മടങ്ങി.  രാത്രി ഏഴരയ്ക്ക് ഇതേ ഹോട്ടലില്‍ ഗവര്‍ണര്‍ അത്താഴവിരുന്ന് നല്‍കും. മുഖ്യമന്ത്രി, പത്‌നി കമല, മന്ത്രിമാര്‍, ചീഫ്സെക്രട്ടറി, ഡി.ജി.പി, അഡി.ചീഫ്സെക്രട്ടറിമാര്‍ അടക്കം 40 പേര്‍ക്ക് ക്ഷണമുണ്ട്. ഹയാത്ത് റീജന്‍സിയില്‍ രാഷ്ട്രപതി താമസിക്കുന്ന അത്യാഡംബരമായ പ്രസിഡന്‍ഷ്യല്‍ സ്വീറ്റിന് ദിവസം ഒരു ലക്ഷത്തോളം വാടകയുണ്ട്. കിടപ്പു മുറിക്ക് പുറമെ ഡൈനിംഗ് ഹാള്‍, മീറ്റിംഗ് ഹാള്‍, ലിവിംഗ് റൂം എന്നിവ ചേര്‍ന്നതാണ് ഈ സ്വീറ്റ്. വി.വി.ഐ.പികള്‍ക്കും ബിസിനസുകാര്‍ക്കുമാണ് നല്‍കാറുള്ളത്. രാഷ്ട്രപതി ഭവനില്‍ നിന്ന് നല്‍കിയ മെനു പ്രകാരമുള്ള ഭക്ഷണമാണ് ഒരുക്കിയത്. രാഷ്ട്രപതി സസ്യഭുക്കായതിനാല്‍ കൂടുതലും സസ്യ വിഭവങ്ങളാണ്. ഇന്ത്യന്‍, കോണ്ടിനെന്റല്‍, കേരളീയ വിഭവങ്ങളും ഒരുക്കുന്നുണ്ട്. രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ മേല്‍നോട്ടത്തിലാണ് ക്രമീകരണങ്ങള്‍. സംസ്ഥാന സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിക്ക് വിരുന്നൊരുക്കാന്‍ ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ആവശ്യപ്രകാരം 25 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കി. വിരുന്നിനും കൂടിക്കാഴ്ചയ്ക്കും മറ്റ് ചെലവുകള്‍ക്കുമായി 25ലക്ഷം ആവശ്യപ്പെട്ട് കഴിഞ്ഞ എട്ടിന് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ടൂറിസം ഡയറക്ടറുടെ അക്കൗണ്ടില്‍ നിന്ന് രാജ്ഭവന് തുക കൈമാറാനാണ് സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ബി. സുനില്‍കുമാര്‍ ഇറക്കിയ ഉത്തരവിലുള്ളത്. ഹോട്ടല്‍ ഗ്രാന്റ് ഹയാത്തില്‍ രാഷ്ട്രപതിക്ക് വിഭവസമൃദ്ധമായ സദ്യ നല്‍കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, കന്യാകുമാരി സന്ദര്‍ശനത്തിനായി രാഷ്ട്രപതിയുടെ പരിപാടി മാറ്റിയതോടെ, സദ്യയ്ക്ക് പകരം അത്താഴ വിരുന്നാക്കി. ഇന്ന് രാത്രി ഏഴരയ്ക്കാണ് അത്താഴവിരുന്ന്.

Latest News