Sorry, you need to enable JavaScript to visit this website.

ബി. ജെ. പിക്കു വേണ്ടി 'തള്ളാന്‍' തയ്യാറായി മാധ്യമങ്ങള്‍

ഇനിയിപ്പോ ഞങ്ങളായിട്ട് പറയാതിരിക്കേണ്ടി കരുതിയാവണം ബി. ജെ. പിക്കുവേണ്ടി പുതിയ വാര്‍ത്തകള്‍ മെനയുന്ന തിരക്കിലാണ് മാധ്യമങ്ങള്‍. ഏതെങ്കിലുമൊരു മാധ്യമം തള്ളിയാല്‍ മതി അതു മറിച്ചിടുന്ന കാര്യം ബാക്കിയെല്ലാവരും കൂടി ഏറ്റെടുക്കും. വ്യാഴാഴ്ച ഒറ്റ ദിവസം മാത്രം അത്തരത്തില്‍ രണ്ടു വാര്‍ത്തകളാണ് പടച്ചുവിട്ടത്. 

ശശി തരൂരിനെതിരെ തിരുവനന്തപുരത്ത് മത്സരിക്കാന്‍ ജയറാം രമേശോ നിര്‍മല സീതാരാമനോ വരുന്നു എന്നതായിരുന്നു ആദ്യത്തെ വാര്‍ത്ത. കിട്ടിയവര്‍ കിട്ടിയവര്‍ അത് 'മോഡിഫൈ' ചെയ്‌തൊടുവില്‍ നരേന്ദ്ര മോഡിയിലേക്കും രാജീവ് ചന്ദ്രശേഖരനിലേക്കുമൊക്കെ കാര്യങ്ങള്‍ എത്തിച്ചു. തിരുവനന്തപുരത്ത് ശശി തരൂര്‍ ആണെങ്കില്‍ പ്രഗത്ഭര്‍ മത്സരിക്കുമെന്നും തരൂരിന് പകരം കോണ്‍ഗ്രസിലെ മറ്റാരെങ്കിലുമാണെങ്കില്‍ മണ്ഡലം കൂളായി ബി. ജെ. പിയോടൊപ്പം പോകുമെന്നുവരെ തള്ളിവിട്ടു പലരും. 

എ. ഐ. സി. സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതോടെ ശശി തരൂര്‍ രാഹുല്‍ ഗാന്ധിക്ക് അനഭിമതനായെന്നും ഇനി തിരുവനന്തപുരത്ത് അദ്ദേഹത്തെ മത്സരിപ്പിക്കില്ലെന്നും അതോടെ മണ്ഡലം ബി. ജെ. പി സ്വന്തമാക്കുമെന്നും പറഞ്ഞുവെക്കാനും മറന്നില്ല. തരൂരിനെ ഒതുക്കാനാണ് കോഴിക്കോട് രാഘവനെ ഒതുക്കിയതെന്ന വിശാലമായി രാഷ്ട്രീയ വാര്‍ത്ത ചെയ്യാനും മാധ്യമങ്ങള്‍ക്കായി. 

ഇതിനെല്ലാമിടയിലാണ് തിരുവനന്തപുരത്തെ ബി. ജെ. പി സ്ഥാനാര്‍ഥി ആരാണെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പുതിയ വാര്‍ത്ത പുറത്തു വരുന്നത്. നെഗറ്റീവായാലും പോസിറ്റീവായാലും തങ്ങള്‍ നിറഞ്ഞു നില്‍ക്കുക എന്നതാണ് ബി. ജെ. പിയുടെ ഉദ്ദേശം. അത് മാധ്യമങ്ങള്‍ മനോഹരമായി നിറവേറ്റി കൊടുക്കുന്നുണ്ട്. 

ശശി തരൂരല്ല ആരു മത്സരിച്ചാലും തിരുവനന്തപുരത്ത് മാത്രമല്ല കേരളത്തില്‍ ഏത് മണ്ഡലത്തിലേക്കും കേന്ദ്രം കെട്ടിയിറക്കുന്നവര്‍ വരുന്നതിനോട് കേരളത്തിലെ ബി. ജെ. പി നേതൃത്വത്തിന് യാതൊരു താത്പര്യവുമില്ലെന്നതാണ് സത്യം. കേരളത്തില്‍ വീതം വെച്ച് കളിക്കാനും ആളാകാനും കേന്ദ്രത്തില്‍ നിന്നും ആരെങ്കിലും വരുന്നതോടെ തങ്ങള്‍ക്ക് സാധിക്കില്ലെന്ന് അവര്‍ക്ക് നന്നായി അറിയാം. ജയിക്കില്ലെന്ന് അറിഞ്ഞാലും ഹെലികോപ്ടറില്‍ നാടു ചുറ്റുന്ന പ്രസിഡന്റുള്ള പാര്‍ട്ടിയാണത്. 

പണ്ടെങ്ങോ സൂപ്പര്‍ സ്റ്റാറെന്ന വിശേഷണം അറിയാതെ കിട്ടിപ്പോയതിന്റെ പേരില്‍ കേരളത്തില്‍ പരമാവധി ഒച്ചപ്പാടുണ്ടാക്കുന്ന സുരേഷ് ഗോപിയുടെ വരവു പോലും പേടിയാണ് കേരളത്തിലെ ബി. ജെ. പി സംസ്ഥാന നേതാക്കള്‍ക്ക്. അത്രയും കാലം പോസ്റ്ററൊട്ടിച്ചു നടന്നിട്ടും ഒടുവില്‍ നൂലില്‍ കെട്ടി ഇറക്കുന്നവര്‍ സ്ഥാനവും നേടി പോകുന്നതും ബി. ജെ. പി നേതാക്കളില്‍ പലരും അനുയായികളും അത്രയ്ക്ക് ദഹിച്ചിട്ടല്ല സ്വീകരിക്കുന്നത്. ഏകാധിപത്യ പ്രവണതയുള്ള പാര്‍ട്ടിയില്‍ എതിരഭിപ്രായം പറഞ്ഞാല്‍ ഗുജറാത്തി ലോബി മൂലക്കിരുത്തിക്കളയുമെന്ന ഭയം അവര്‍ ഓരോരുത്തര്‍ക്കുമുണ്ട്. പാര്‍ട്ടിയില്‍ നല്ല സ്ഥാനം കിട്ടാന്‍ പരമാവധി വര്‍ഗ്ഗീയത പ്രചരിപ്പിക്കണമെന്ന് അവരെ ആരോ പഠിപ്പിച്ചുവെച്ചിട്ടുണ്ട്. അതുകൊണ്ടാണ് സുരേഷ് ഗോപി വായ തുറന്ന് വര്‍ഗ്ഗീയത പറയുന്നതിനെ അവര്‍ ഭയക്കുന്നത്. തൃശൂര്‍ സീറ്റ് ആദ്യം തന്നെ ഉറപ്പിച്ച സുരേഷ് ഗോപി കണ്ണൂരും ചോദിച്ചത് സി. പി. എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദനെയല്ല ബി. ജെ. പി നേതാക്കളെയാണ് ചൊടിപ്പിച്ചത്. അവര്‍ക്കത് പുറത്തു കാണിക്കാനാവില്ലെന്നേയുള്ളു. 

തിരുവനന്തപുരത്ത് ശശി തരൂര്‍ വീണ്ടും മത്സരിക്കുകയാണെങ്കില്‍ ബി. ജെ. പിക്ക് ശക്തനായ സ്ഥാനാര്‍ഥി ഉണ്ടാകുന്നതാണ് അദ്ദേഹത്തിന് ഗുണം ചെയ്യുക. കാരണം കോണ്‍ഗ്രസ് ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നു മാത്രമല്ല സി. പി. എമ്മും സി. പി. ഐയും ന്യൂനപക്ഷങ്ങളുമെല്ലാം തരൂരിന്റെ ചിഹ്നത്തില്‍ വോട്ടുകുത്തും. ഇക്കാര്യം ബി. ജെ. പിക്കും അറിയാം. അതുകൊണ്ടുതന്നെയാണ് അവര്‍ തരൂരിനെ മണ്ഡലത്തില്‍ നിന്നും മാറ്റാനുള്ള അടവുകള്‍ പലതായി പുറത്തെടുക്കുന്നത്. 

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് പരിഗണിക്കുന്നെന്നതാണ് മറ്റൊരു തള്ള്. അങ്ങനെയൊരു പരിഗണനയും നല്‍കുന്നില്ലെന്നാണ് നൊബേല്‍ സമ്മാന സമിതി വൈസ് പ്രസിഡന്റ് ടോജെ പറയുന്നത്. ടോജെ അഭിമുഖത്തില്‍ പറഞ്ഞെന്ന തരത്തിലായിരുന്നു വ്യാജ വാര്‍ത്ത പ്രചരിച്ചത്. 

പറഞ്ഞ കാര്യങ്ങളില്‍ നിന്ന് പറയാത്ത കാര്യങ്ങള്‍ ഉണ്ടാക്കിയെടുക്കാനുള്ള തന്ത്രം ബി. ജെ. പി അനുകൂല മാധ്യമങ്ങള്‍ വര്‍ഷങ്ങളായി തുടരുന്നതാണ്. കേരളത്തില്‍ ബി. ജെ. പിക്ക് ഊര്‍ജ്ജമുണ്ടാക്കാനും ഇതേ മാതൃക തന്നെയാണ് അവര്‍ പയറ്റുന്നത്. നേരത്തെ വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക മാധ്യമങ്ങള്‍ ബി. ജെ. പിക്കു വേണ്ടി എഴുതിയ വാര്‍ത്തകള്‍ വര്‍ഗ്ഗീയ കലാപങ്ങളിലേക്ക് കടന്ന മാതൃകയും മുമ്പിലുണ്ട്.

Latest News