Sorry, you need to enable JavaScript to visit this website.

ഇന്തോ- ജപ്പാന്‍ അന്താരാഷ്ട്ര സമ്മേളനം തുടങ്ങി

കൊച്ചി- ജപ്പാന്‍ കോണ്‍സുലേറ്റ് ജനറലിന്റെ സഹകരണത്തോടെ കൊച്ചിയിലെ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് സംഘടിപ്പിക്കുന്ന ദ്വിദിന ഇന്തോ- ജപ്പാന്‍ അന്താരാഷ്ട്ര സമ്മേളനം കൊച്ചിയില്‍ തുടങ്ങി.  സമ്മേളനത്തിന്റെ ഉദ്ഘാടനം മണിപ്പാല്‍ സര്‍വകലാശാല ഓണററി ഡയറക്ടറും യുനെസ്‌കോ പീസ് ചെയറുമായ  എം ഡി നാലപ്പാട്, ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ ജപ്പാന്‍ കോണ്‍സുലേറ്റ് ജനറല്‍ ചെന്നൈ കെന്‍ജി മിയാത്ത എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. 

ഇന്ത്യ- ജപ്പാന്‍ സഹകരണവുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും ഏകീകൃത വേദിക്കുള്ള സാധ്യതയാണ് അന്താരാഷ്ട്ര സമ്മേളനത്തിലൂടെ പ്രതീക്ഷിക്കുന്നത്. ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ഇന്തോ- പസഫിക്: വിസ്താസ് ഫോര്‍ ഇന്ത്യ- ജപ്പാന്‍ റിലേഷന്‍ഷിപ്പ് ആന്‍ഡ് കോര്‍പറേഷന്‍ എന്ന പേരിലുള്ള അന്താരാഷ്ട്ര സമ്മേളനം വെള്ളിയാഴ്ച അവസാനിക്കും.

ഇന്ത്യയില്‍ നിന്നും ജപ്പാനില്‍ നിന്നുമുള്ള പ്രതിനിധികളും പ്രഭാഷകരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യ- ജപ്പാന്‍ നയതന്ത്ര ബന്ധവുമായി ബന്ധപ്പെട്ട ഭൗമരാഷ്ട്ര തന്ത്രം, വിദേശ നയം, സമുദ്ര വാണിജ്യം, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിലെ വിദഗ്ധര്‍ സമ്മേളനത്തില്‍ സംസാരിക്കും.

'ജപ്പാനെയും ഇന്ത്യയെയും ഒരുമിച്ച് കൊണ്ടുവരാന്‍ സി പി പിആര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ സന്തോഷമുണ്ട്. ഇന്ത്യയും ജപ്പാനും ഭൗമരാഷ്ട്രീയമായി ഒരുമിച്ച് പ്രവര്‍ത്തിക്കണം. അക്കാഡമിക്, മാനുഷിക വിഭവ കൈമാറ്റം, അതുപോലെ സ്വകാര്യ, വാണിജ്യ കൈമാറ്റങ്ങള്‍ എന്നിവ വ്യാപാര വിപുലീകരണത്തിന് വലിയ സാധ്യതകള്‍ നല്‍കുന്നുണ്ട്. ഇന്തോ- പസഫിക് മേഖലയിലെ പ്രവര്‍ത്തനങ്ങില്‍ ഇന്ത്യയും ജപ്പാനും സഖ്യത്തിലാണുള്ളത്. ജനാധിപത്യത്തില്‍ ഇരു രാജ്യങ്ങളും ഒരു വിശ്വാസം പങ്കിടുന്നുണ്ട്, ആധിപത്യത്തിന്റെ ഒരു രൂപവും അവിടെ ഉണ്ടാകരുത്, അതാണ് നമ്മളെ സ്‌ക്വാഡ് പങ്കാളികളാക്കുന്നത്,' പ്രൊഫ. എം ഡി നാലപ്പാട് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

'ഇന്ത്യ- ജപ്പാന്‍ ബന്ധം കൂടുതല്‍  വേഗത്തിലാണ് വളരുന്നത്.  ക്വാഡ് പങ്കാളിത്തിലുള്ള സഹകരണവും പുരോഗമിക്കുകയാണ്. ജി20 ചെയര്‍ എന്ന നിലയില്‍ ഇന്ത്യയും ജി 7 ചെയര്‍ എന്ന നിലയില്‍ ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ കൂടുതല്‍ കാലോചിതമായ വികസനത്തിന് പങ്ക് വഹിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിരോധവും ദുരന്തനിവാരണവും ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സഹകരണത്തിനുള്ള അറിവും സഹകരണവും പങ്കിടേണ്ടത് പ്രധാനമാണ്, മേഖലയ്ക്കുള്ളില്‍ സമാധാനവും സുസ്ഥിരതയും വളര്‍ത്തുന്ന ഒരു ബഹുതല ബന്ധത്തിനാണ് ഇവിടെ ആഹ്വാനം ചെയ്യുന്നത്,' ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍, ജപ്പാന്‍ കോണ്‍സുലേറ്റ് ജനറല്‍, ചെന്നൈ കെന്‍ജി മിയാത്ത പറഞ്ഞു.

സമ്മേളനത്തില്‍ അഞ്ച് സെഷനുകളായാണ് ചര്‍ച്ചകള്‍ നടക്കുക. ഐ. പി. ഒ. ഐ, എഫ്. ഒ. ഐ. പി, എ. ഒ. ഐ. പി എന്നിവ തമ്മിലുള്ള കൂട്ടായ്മ; പുതിയ  സാങ്കേതികവിദ്യകള്‍, ഷിപ്പിംഗ്, തുറമുഖങ്ങള്‍ എന്നിവയിലെ സഹകരണം; ദുരന്ത ലഘൂകരണ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍, എന്നീ സെഷനുകളില്‍ ചര്‍ച്ച നടന്നു. ഇന്‍ഡോ- പസഫിക് ദര്‍ശനത്തിന്റെ ഉദ്ദേശ്യത്തെ എടുത്ത് കാട്ടുന്നതായിരുന്നു ആദ്യ ദിവസത്തെ സെഷനുകള്‍. ഇന്ത്യ- ജപ്പാന്‍ സഹകരണത്തിലെ അവസരങ്ങളും വെല്ലുവിളികളും: നയതന്ത്രപരവും ആഗോളവുമായ കൂട്ടായ്മ; ഇന്തോ പസഫിക്കില്‍ ഇന്ത്യയ്ക്കും ജപ്പാനുമായുള്ള കൂട്ടായ്മയും വെല്ലുവിളികളും: സുരക്ഷയും പ്രതിരോധ സഹകരണവും എന്നീ വിഷയങ്ങളിലാണ് വെള്ളിയാഴ്ച ചര്‍ച്ചകള്‍ നടക്കുക.

'ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് ഈ സമ്മേളനം ലക്ഷ്യമിടുന്നത്. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം, പ്രത്യേകിച്ച് ഇന്തോ- പസഫിക് ചട്ടക്കൂടില്‍ നിന്നുകൊണ്ട്  ഭൗമരാഷ്ട്രീയ ക്രമത്തില്‍ എങ്ങനെ നിര്‍ണായക പങ്ക് വഹിക്കുമെന്നതും ചര്‍ച്ചയാകും'- സി. പി. പി. ആര്‍ ചെയര്‍മാന്‍ ഡി ധനുരാജ് പറയുന്നു.

Latest News