ശിവലിംഗത്തില്‍ ജലാഭിഷേകം നടത്തിയത് വിവാദമായി; വിശദീകരണവുമായി മെഹ്ബൂബ മുഫ്തി

ജമ്മു- ജമ്മുകശ്മീരിലെ പൂഞ്ചിലെ ശിവക്ഷേത്രം സന്ദര്‍ശിച്ചതിനേയും അവിടെ ശിവലിംഗത്തില്‍ അഭിഷേകം നടത്തിയതിനേയും ന്യായീകരിച്ച് പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി. നമ്മള്‍ ജീവിക്കുന്നത് ഗംഗാ യമുനാ സംസ്‌കാരത്തിന്റെ ആസ്ഥാനമായ രാജ്യത്താണെന്നും വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.
ചൊവ്വാഴ്ചയാണ് പൂഞ്ചിലെ മാണ്ഡി- അജോട്ടെ നവഗ്രഹ ക്ഷേത്രത്തിനുള്ളിലെ ശിവലിംഗത്തിന് മുന്‍ മുഖ്യമന്ത്രിയായ മെഹ്ബൂബ മുഫ്തി  ജലാഭിഷേകം നടത്തിയത്.  ഇതിന്റെ വീഡിയോ വൈറലായതോടെ ചില കോണുകളില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നു.
നമ്മള്‍ ജീവിക്കുന്നത് ഗംഗാ- ജമുനി തഹ്‌സീബിന്റെ ആസ്ഥാനമായ മതേതര രാജ്യത്താണ്. കഴിഞ്ഞ വര്‍ഷം അന്തരിച്ച മുന്‍ പിഡിപി നേതാവ് യശ്പാല്‍ ശര്‍മയാണ്  ക്ഷേത്രം നിര്‍മ്മിച്ചത്. ഞാന്‍ ഇവിടം സന്ദര്‍ശിക്കണമെന്നത്  അദ്ദേഹത്തിന്റെ മക്കളുടെ ആഗ്രഹമായിരുന്നു.  ഞാന്‍ അകത്തേക്ക് കയറിയപ്പോള്‍ ആരോ ഒരു ചെറിയ പാത്രത്തില്‍ വെള്ളം ഒരുപാട് വിശ്വാസത്തോടേയും സ്‌നേഹത്തോടേയും നല്‍കി. .
ശിവലിംഗത്തില്‍ വെള്ളം ഒഴിക്കാന്‍ വിസമ്മതിച്ചുകൊണ്ട് അവന്റെ ഹൃദയം തകര്‍ക്കാനാകുമായിരുന്നില്ല.  അദ്ദേഹം അങ്ങനെ ചെയ്യാന്‍  ആവശ്യപ്പെട്ടു. ഞാന്‍ അത് ചെയ്തു. അദ്ദേഹത്തോടുള്ള ബഹുമാനമായിരുന്നു പ്രധാനം - മെഹബൂബ മുഫ്തി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ദയൂബന്ധില്‍ നിന്നുള്ള ചില ഇസ്ലാമിക പണ്ഡിതന്മാര്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ തന്റെ മതത്തില്‍ ഇത് അനുവദനീയമാണോ അല്ലയോ എന്ന കാര്യത്തിലേക്ക് കടക്കുന്നില്ലെന്ന്  അവര്‍ മറുപടി നല്‍കി.
നമ്മുടെ രാജ്യത്ത് ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ചാണ് ജീവിക്കുന്നത്. മുസ്ലിങ്ങളെക്കാള്‍ കൂടുതല്‍ ഹിന്ദുക്കള്‍ മുസ്ലീം ദര്‍ഗകളില്‍ തുണി മൂടന്നുണ്ട്.  ഇപ്പോഴത്തെ  വിഷയം താനുമായി ബന്ധപ്പെട്ടതാണെന്നും അതിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News