റിയാദ് - നാലു പതിറ്റാണ്ട് പൂർത്തിയായ പ്രവാസ ജീവിതത്തിനിടെ റിയാദിൽ മരിച്ച പാലക്കാട് സ്വദേശിയുടെ അനന്തരകർമങ്ങൾ സംബന്ധിച്ച് ബന്ധുക്കൾ ഒത്തുതീർപ്പിലെത്താത്തതിനാൽ മൃതദേഹം മോർച്ചറിയിൽ തന്നെ. 13 ദിവസം മുമ്പ് റിയാദ് കിംഗ് ഖാലിദ് ആശുപത്രിയിൽ മരിച്ച പാലക്കാട് കുണ്ടലശ്ശേരി കേരളശ്ശേരി സ്വദേശി പുത്തൻപീടിക അബൂബക്കറി(65)ന്റെ മൃതദേഹമാണ് ഖബറടക്കം സംബന്ധിച്ച് ബന്ധുക്കൾ ഒത്തുതീർപ്പിലെത്താത്തതിനാൽ മോർച്ചറിയിൽ കിടക്കുന്നത്. ഇതു സംബന്ധിച്ച് മലയാളം ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ഫെബ്രുവരി 27ന് സ്‌ട്രോക്ക് വന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അബൂബക്കർ മാർച്ച് നാലിന് ശനിയാഴ്ചയാണ് മരിച്ചത്. വർഷങ്ങളായി ഹൗസ് െ്രെഡവറായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് രണ്ടു ഭാര്യമാരുണ്ട്. ആദ്യ ഭാര്യ നൽകിയ കേസിനെ തുടർന്ന് പത്ത് വർഷമായി നാട്ടിലെത്താനുള്ള ആഗ്രഹം സഫലമാകാതെയാണ് അബൂബക്കറിന്റെ അന്ത്യം സംഭവിച്ചത്. ആദ്യ ഭാര്യയും മകനും മൃതദേഹം നാട്ടിലെത്തിക്കണമെന്നും പിതാവും സഹോദരങ്ങളും രണ്ടാം ഭാര്യയും മക്കളും മൃതദേഹം റിയാദിൽ തന്നെ ഖബറടക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ എബംസിക്ക് രേഖകൾ കൈമാറിയിരിക്കുകയാണ്. ഇതാണ് ഖബറടക്കം സംബന്ധിച്ച് അനിശ്ചിതത്വത്തിന് കാരണമായത്. ഇരു വിഭാഗവും ഇക്കാര്യത്തിൽ ഉറച്ചുനിൽക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ എംബസിക്ക് രേഖകൾ അയച്ചിട്ടുണ്ടെന്നും വൈകാൻ കാരണമെന്തെന്ന് അറിയില്ലെന്നും മകൻ അബ്ദുൽ ഗഫൂർ മലയാളം ന്യൂസിനോട് പറഞ്ഞു. മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിനാൽ ഞങ്ങളെ വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്നും ഇതു സംബന്ധിച്ച് പോലീസിൽ കേസ് നൽകിയപ്പോൾ 2013ലാണ് പിതാവ് റിയാദിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു. പ്രതിയായതിനാൽ പിന്നീട് തിരിച്ചുവന്നിട്ടില്ല. പിതാവിന്റെ പിതാവിനും സഹോദരങ്ങൾക്കും എതിരെയും കേസ് നിലനിൽക്കുന്നതിനാൽ അവർക്ക് ഞങ്ങളുടെ വീട്ടിലേക്ക് വരുന്നതിന് നിരോധനമുണ്ട്. എന്നാൽ പിതാവിന്റെ മൃതദേഹം കാണാൻ വരുന്നതിന് തടസ്സമില്ല. ഇക്കാര്യം പോലീസിനോടും സംസാരിച്ചിട്ടുണ്ട്. അബ്ദുൽ ഗഫൂർ പറഞ്ഞു.
45 വർഷമായി പ്രവാസിയായ ഇദ്ദേഹം ഒന്നാം ഭാര്യയുടെയും മക്കളുടെയും ഇടപെടൽ കൊണ്ടാണ് അവിടെ മരിച്ചതെന്നും റിയാദിൽ തന്നെ ഖബറടക്കുന്നതാണ് ഉചിതമെന്നും അതിനുള്ള രേഖകൾ നേരത്തെ തന്നെ ഇന്ത്യൻ എംബസിക്ക് കൈമാറിയിട്ടുണ്ടെന്നും സഹോദരൻ ഹംസ മലയാളം ന്യൂസിനോട് പറഞ്ഞു.
നാൽപത് വർഷത്തിലേറെ പ്രവാസ ജീവിതം നയിച്ച അദ്ദേഹം 2013 ലാണ് അവസാനമായി നാട്ടിൽ പോയി വന്നത്. ആദ്യ ഭാര്യ നൽകിയ കേസിനെ തുടർന്നാണ് പത്ത് വർഷമായി നാട്ടിൽ പോകാൻ സാധിക്കാതെ പോയത്.
സാമൂഹിക പ്രവർത്തകരായ നിഅമതുല്ല, സിദ്ദീഖ് തുവ്വൂർ, ഹുസൈൻ ദവാദ്മി എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. കെ.പി മുഹമ്മദ് റാവുത്തർ (പിതാവ്), നൂർജഹാൻ, ശഹീദ ബീവി, അബ്ദുൽ ഗഫൂർ, അബ്ദുൽ ശുകൂർ (മക്കൾ), ഹംസ, സുലൈമാൻ, സിദ്ദീഖ്, കബീർ, അബ്ദുസ്സലാം, ബശീർ (സഹോദരങ്ങൾ) എന്നിവരാണ് ബന്ധുക്കൾ.






