മദ്യപിച്ച് ട്രെയിന്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടിക്കറ്റ് പരിശോധകനെ സസ്‌പെന്‍ഡ് ചെയ്തു

ബെംഗളൂരു: ട്രെയിന്‍ യാത്രക്കാരിയായ യുവതിയോട് മദ്യപിച്ച് അപമര്യാദയായി പെരുമാറിയ ടിക്കറ്റ് പരിശോധകനെ സസ്‌പെന്‍ഡ് ചെയ്തു. ടിക്കറ്റ് പരിശോധകന്‍ യുവതിയുടെ വസ്ത്രത്തില്‍ പിടിച്ചു വലിക്കുകയും അസഭ്യ ഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ടിക്കറ്റ് പരിശോധകന്‍ സന്തോഷിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. സ്റ്റേഷനില്‍ നിര്‍ത്തിയിട്ട വണ്ടിയില്‍ കയറിയ യുവതിയോടാണ് ടിക്കറ്റ് പരിധോധകന്‍ മോശമായി പെരുമാറിയത്. ഹൗറ -എസ് എം വി ടി പ്രതിവാര എക്‌സ്പ്രസ് കൃഷ്ണരാജപുരം സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. സ്റ്റോപ്പില്ലാത്ത സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ യുവതി ഓടിക്കയറുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട കൃഷ്ണരാജപുരം സ്റ്റേഷനിലെ ടിക്കറ്റ് പരിശോധകന്‍ സന്തോഷ് എത്തി യുവതിയോട് ടിക്കറ്റ് കാണിക്കാനാവശ്യപ്പെട്ടു. എന്നാല്‍ യുവതിയുടെ കൈവശമുണ്ടായിരുന്നത് ഈ  ട്രെയിനിലേക്കുള്ള ടിക്കറ്റല്ലാത്തതിനാല്‍ വണ്ടിയില്‍ കയറരുതെന്ന് സന്തോഷ്  യുവതിയോട് പറഞ്ഞു. ഇത് സംബന്ധിച്ച തര്‍ക്കമാണ് പ്രശ്‌നത്തില്‍ കലാശിച്ചത്. തുടര്‍ന്ന് മറ്റ് ഉദ്യോഗസ്ഥരെത്തിയപ്പോള്‍ സന്തോഷ്  മദ്യപിച്ചതായി തെളിഞ്ഞിരുന്നു. ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനും യാത്രക്കാരിയോട് മോശമായി പെരുമാറിയതിനുമാണ് സന്തോഷിനെ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തതത്. 

 

Latest News