സോണ്‍ട തിരിച്ചടക്കാനുള്ളത് 68 ലക്ഷം, നിയമനടപടിക്ക് കണ്ണൂര്‍ നഗരസഭ

കണ്ണൂര്‍- കോര്‍പറേഷനിലെ മാലിന്യസംസ്‌കരണത്തിന് കരാര്‍ ഏറ്റെടുത്ത വകയില്‍ സോണ്‍ട ഇന്‍ഫ്രാടെക്് തിരിച്ചടക്കാനുള്ളത് 68,60,000 രൂപയെന്ന് കണ്ണൂര്‍ മേയര്‍ ടി.ഒ. മോഹനന്‍. പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കൈപ്പറ്റിയ ഇത്രയും തുകയില്‍ 59 ലക്ഷം രൂപയോളം ചെലവായിപ്പോയെന്ന മറുപടിയാണ് കോര്‍പറേഷന് ലഭിച്ചത്. എന്നാല്‍, ബാക്കി തുക കൈവശമുണ്ടെന്നോ ചെലവായോ എന്നും പറഞ്ഞിട്ടില്ല. 35 ലക്ഷം രൂപ പ്രൊജക്ട് കോസ്റ്റ് ഇനത്തിലും ഡീസല്‍ ഇനത്തില്‍ 10 ലക്ഷം രൂപയും ബാക്കി തുക ശമ്പളം നല്‍കിയ ഇനത്തിലും ചെലവായെന്നാണ് കണക്ക്. ആകെ രണ്ടോ മൂന്നോ തവണ മാത്രം പദ്ധതി പ്രദേശത്ത് വന്നിട്ടുള്ള കമ്പനി 10 ലക്ഷം രൂപക്ക് ഡീസല്‍ അടിച്ചു എന്ന് പറയുന്നത് പോലും കള്ളമാണെന്നും തുക തിരിച്ചുപിടിക്കാന്‍ നിയമ നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
വന്‍ തുക ക്വാട്ട് ചെയ്തിട്ടും സോണ്‍ടയെ കണ്ണൂരിലെ മാലിന്യ സംസ്‌കരണ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് വന്‍തോതിലുള്ള സമ്മര്‍ദം ഉണ്ടായെന്നും മേയര്‍ പറയുന്നു. 21,30,00,000 രൂപ ക്വാട്ട് ചെയ്ത സോണ്‍ടയെ ഒഴിവാക്കാന്‍ സര്‍ക്കാരിന്റെ സഹായം തേടിയപ്പോഴെല്ലാം പ്രിന്‍സിപ്പല്‍ സെക്രട്ടറി കത്തിലൂടെ കരാര്‍ സോണ്‍ടക്ക് നല്‍കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു, ഒടുവില്‍ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ വിഷയം അവതരിപ്പിച്ചാണ് സോണ്‍ടയുടെ കരാര്‍ റദ്ദാക്കിയതെന്നും മേയര്‍ പറഞ്ഞു. റീ ടെന്‍ഡര്‍ വിളിച്ച് ഏഴ് കോടി രൂപക്ക് പൂണെ ആസ്ഥാനമായുള്ള കമ്പനിക്ക് ചുമതല നല്‍കിയാണ് ഇപ്പോള്‍ മാലിന്യ സംസ്‌കരണം നടത്തുന്നതെന്നും മേയര്‍ പറയുന്നു

 

Latest News