ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ 11 ഓഫിസുകളില്‍ ഇ. ഡി റെയ്ഡ്

ന്യൂദല്‍ഹി- ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ നാഗ്പൂര്‍ ഓഫീസ് ഉള്‍പ്പെടെ ഇന്ത്യയിലെ 11 സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ഭോപ്പാലില്‍ ജബല്‍പൂര്‍ രൂപതയുടെ ബിഷപ്പ് പി. സി. സിങ്ങിനെതിരെ രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന.

2022 സെപ്റ്റംബറില്‍ നാഗ്പൂര്‍ വിമാനത്താവളത്തില്‍ സിങ്ങിനെതിരെ റജിസ്റ്റര്‍ ചെയ്ത കുറ്റവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിരുന്നു. ജബല്‍പൂരിലെ ബിഷപ്പിന്റെ വസതിയില്‍ നിന്ന് 1.6 കോടി രൂപയുടെ ഇന്ത്യന്‍ കറന്‍സികളും വിദേശ കറന്‍സികളും മധ്യപ്രദേശ് പോലീസ് കണ്ടെടുത്തതായിരുന്നു കേസ്. ബിഷപ് സിങ്ങ് അന്ന് ജര്‍മ്മനിയിലായിരുന്നു. 

ബിഷപ്പ് സിങ്ങ്് ചെയര്‍മാനായിരുന്ന വിദ്യാഭ്യാസ സൊസൈറ്റി നടത്തിപ്പില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാരോപിച്ച് 2022 ജൂലൈയിലും അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 2004-05, 2011-12 വര്‍ഷങ്ങള്‍ക്കിടയില്‍ സൊസൈറ്റിയുടെ വിവിധ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളുടെ ഫീസായി പിരിച്ചെടുത്ത 2.7 കോടി രൂപ മതസ്ഥാപനങ്ങളിലേക്ക് മാറ്റുകയും ദുരുപയോഗം ചെയ്യുകയും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ബിഷപ്പ് ചെലവഴിക്കുകയും ചെയ്തതായി അന്വേഷണത്തില്‍ തെളിഞ്ഞതായി ഇ. ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Latest News