Sorry, you need to enable JavaScript to visit this website.

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന്;  പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

ന്യൂദല്‍ഹി- കേരളത്തില്‍ ഒഴിവു വന്ന യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കെ എം മാണിയുടെ കേരള കോണ്‍ഗ്രസ് വിട്ടു കൊടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ദല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് യുഡിഎഫ് നോതാക്കള്‍ പ്രഖ്യാപനം നടത്തിയത്. കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ തിരിച്ചെത്തിയതായും പ്രഖ്യാപനം വെള്ളിയാഴ്ച കേരള കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷം ഉണ്ടാകുമെന്നും നേതാക്കള്‍ അറിയിച്ചു. രാവിലെ യുഡിഎഫും യോഗം ചേരുന്നുണ്ട്. രാജ്യസഭാ സീറ്റ് വിട്ടു കൊടുത്തതില്‍ കോണ്‍ഗ്രസിനു വിഷമമുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തീരുമാനത്തില്‍ ആരുടേയും സമ്മര്‍ദ്ദമില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ലേക്‌സഭാ സീറ്റി കോണ്‍ഗ്രസിനു ലഭിക്കും. പ്രത്യേക കേസായാണ് രാജ്യസഭാ സീറ്റ് വിട്ടു നല്‍കിയതെന്നും കോണ്‍ഗ്രസിനു കിട്ടേണ്ടത് നാലു കൊല്ലം കഴിഞ്ഞ് കിട്ടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍, മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. 

അതിനിടെ തീരുമാനത്തെതിരെ കോണ്‍ഗ്രസില്‍ കൂട്ടരാജിയും പൊട്ടിത്തെറിയുമുണ്ടായി. പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ യുവ എംഎല്‍എമാര്‍ രൂക്ഷമായ പ്രതികരവുമായി ഫേസ്ബുക്കിലൂടെ രംഗത്തെത്തി. പാര്‍ട്ടി നേതാക്കളെ നിരാശയിലാക്കിയിരിക്കുകയാണ് ഈ തീരുമാനം. കോണ്‍ഗ്രസിനുള്ളില്‍ മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്.

പ്രാദേശിക തലത്തില്‍ കൂട്ടരാജിയും കടുത്ത പ്രതിഷേധവും പുകയുകയാണ്. കെഎസ് യു കോട്ടയം ജില്ലാ കമ്മിറ്റി ഒന്നടങ്കം രാജിവയ്ക്കാന്‍ തീരുമാനിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളും രാജി ഭീഷണി മുഴക്കിയിട്ടുണ്ട്.

യുവ എംഎല്‍എമാര്‍ ശക്തമായ ഭാഷയില്‍ പാര്‍ട്ടിയുടെ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തി.  എംഎല്‍എമാരായ വിടി ബല്‍റാം, ഷാഫി പറമ്പില്‍, കെ എസ് ശബരിനാഥ്, റോജി എം ജോണ്‍ എന്നിവര്‍ നിലപാടറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. 

വിടി ബല്‍റാം 

I do express my utmost disappointment and strongest protest on the Kerala leaders' decision to give away our Rajyasabha seat to the Kerala Congress(M) party, who are not even a constituent of the UDF in Kerala as of now. This has betrayed the sentiments of the ordinary Congress workers in Kerala and is a huge humiliation of their spirits. I, therefore urge all those leaders to reconsider this catastrophic decision at the earliest and field a Congress candidate itself for the ensuing election.

ഷാഫി പറമ്പില്‍

മുന്നണി രാഷ്ട്രീയത്തിലെ സമ്മര്‍ദ്ദങ്ങള്‍ മനസ്സിലാവാത്ത സങ്കുചിത ചിന്താഗതിക്കാരനല്ല. രാജ്യസഭാ സീറ്റിലെ അഭിപ്രായം ഫേസ്ബുക്കില്‍ കുറിച്ചതൊഴിവാക്കിയാല്‍ സാധരണയായി പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ പുറത്ത് പറയാറുമില്ല. പക്ഷെ ഇപ്പോ പുറത്ത് വന്ന് കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ആശാവഹമല്ലാ. രാജ്യസഭാ സീറ്റ് ഒരു പുതുമുഖത്തിന് നല്‍കണമെന്ന പൊതു വികാരം തുറന്ന് പറഞ്ഞ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം അവിശ്വസനീയമാണ്. മുന്നണി രാഷ്ട്രീയത്തില്‍ വിട്ടു വീഴ്ചകള്‍ അനിവാര്യമാണെന്നും അറിയാം പക്ഷെ ഒരാളെ മാത്രം രാജ്യസഭയിലയക്കാന്‍ അവസരം കിട്ടുമ്പോള്‍ സാധരണയായി ഘടകകക്ഷിയല്ലാ മത്സരിക്കാറുള്ളത്.. കോണ്‍ഗ്രസ്സ് തന്നെ മത്സരിക്കുന്നതാണ് കീഴ്‌വഴക്കം.

ഇതൊരു കീഴടങ്ങലാണ്. ആത്മവിശ്വാസക്കുറവ് പാര്‍ട്ടി നേതൃത്വത്തെ ബാധിച്ചിരിക്കുകയാണ്. മതിയായ ഒരു കാരണവുമില്ലാതെയാണ് കേരള കോണ്‍ഗ്രസ്സ് മുന്നണി വിട്ടത്. എന്നിട്ട് തിരിച്ച് വരുന്നതിന് മുന്‍പ് തന്നെ രാജ്യസഭാ സീറ്റ് നല്‍കിയിട്ട് വേണോ തിരിച്ചാനയിക്കാന്‍...കോണ്‍ഗ്രസ്സ് ദുര്‍ബ്ബലപ്പെട്ട് ശക്തിപ്പെടുത്താന്‍ കഴിയുന്ന ഒന്നല്ല മുന്നണി.

മുന്നണി സംവിധാനത്തില്‍ സി.പി.എം നെ പോലെ ഡോമിനേറ്റ് ചെയ്യണമെന്ന അഭിപ്രായമില്ല. പക്ഷെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തെ പൂര്‍ണ്ണമായി അവഗണിച്ചെത്തിചേരുന്ന തീരുമാനങ്ങള്‍ തകര്‍ക്കുന്നത് ലക്ഷക്കണക്കിനു പ്രവര്‍ത്തകരുടെ ആത്മവീര്യത്തെയാണെന്ന് അറിയാതെ പോകരുത്. വീരേന്ദ്രകുമാറിന് കൊടുത്ത രാജ്യസഭാ സീറ്റിന്റെ അവസ്ഥ ഓര്‍മ്മയിലുണ്ടായിരിക്കണം..

മാണി സാറിനെതിരേയും യു.ഡി.എഫിനെതിരേയും വന്ന ആരോപണ ശരങ്ങളെ നേരിടുന്ന കാര്യത്തില്‍ പാര്‍ട്ടി താല്‍പര്യം പരിഗണിച്ച് നിന്നിട്ടുണ്ട്. അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന സി.പി.എം തിട്ടൂരത്തെ മറികടന്ന് മാണി സാര്‍ തന്നെ ബഡ്ജറ്റ് അവതിരിപ്പിക്കാന്‍ ഉറക്കമൊഴിച്ച് പോരാടിയിട്ടുണ്ട്..സഭാ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമായി ഉയര്‍ത്തിക്കാണിച്ച ലഡുവിനെ ചൊല്ലി ഒരുപാട് വിമര്‍ശ്ശിക്കപ്പെട്ടിട്ടുണ്ട്. അന്നൊന്നും തോന്നത്ത ആശങ്ക ഇപ്പോ അനുഭവപ്പെടുന്നു.

മുന്നണിയില്‍ കേരളാ കോണ്‍ഗ്രസ്സ് തിരിച്ച് വരണമെന്ന് ആഗ്രഹിക്കുന്നയാള് തന്നെയാണ് ഞാനും. പ്രത്യേകിച്ച് പിണറായി ഇപ്പോ നടത്തി കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍. വി.എസ്സിന്റേയും പിണറായിയുടേയും നിത്യ ശത്രു ബാലകൃഷ്ണ പിള്ളയേയും ഗണേഷിനെ പോലും കൂടെ നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍.. അകന്ന് ധ്രുവങ്ങളില്‍ കഴിഞ്ഞിരുന്ന വീരേന്ദ്രകുമാറിന്റെ മുന്നില്‍ പോലും പരവതാനി വിരിക്കുമ്പോ..5 രക്തസാക്ഷികളെ പോലും മറന്ന് എം.വി.ആറിനേയും മകനേയും കൂട്ട് പിടിക്കുമ്പോള്‍.. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ 5 വര്‍ഷം ആക്ഷേപിച്ച മാണി സാറിന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യുമ്പോള്‍... ഗൗരിയമ്മയെ പോലും മടക്കി കൊണ്ട് പോവുമ്പ്‌പോ.. മുന്നണി ശാക്തീകരണം ഒരു അനിവാര്യത തന്നെയാണ്..പക്ഷെ അത് ഈ രാജ്യസഭാ സീറ്റിന്റെ പേരിലാവരുതായിരുന്നു.

മുന്നണിയില്‍ അവര്‍ വന്നതിന് ശേഷം അര്‍ഹമായ പരിഗണന നല്‍കുന്നതിനാരും എതിരാവുമായിരുന്നില്ല.. വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നല്‍കിയതും പ്രേമചന്ദ്രന് ലോകസഭാ സീറ്റ് നല്‍കിയതുമൊക്കെ പാര്‍ട്ടി പ്രവര്‍ത്തകരും അംഗീകരിച്ചതായിരുന്നു. നിരാശയുണ്ട് പക്ഷെ...ഈ പതാക താഴെ വെക്കില്ലാ..പ്രവര്‍ത്തിക്കും പാര്‍ട്ടിക്ക് വേണ്ടി.. ഊര്‍ജ്ജത്തോടെ തന്നെ.. കോണ്‍ഗ്രസ്സ് ഈ രാജ്യത്തിന്റെ അനിവാര്യതയാണ്. ഒരു ഉപതെരഞ്ഞെടുപ്പും രാജ്യസഭാ സീറ്റ് നിര്‍ണ്ണയം കൊണ്ടും നിര്‍ത്തി പോകാവുന്ന യുദ്ധമല്ല 2019ല്‍ നമ്മളേറ്റെടുക്കേണ്ടത്..

ശബരിനാഥന്‍ കെ എസ് 

രാജ്യസഭയില്‍ ഇന്ന് കോണ്‍ഗ്രസ്സിന് 51സീറ്റും ബിജെപിക്ക് 69 സീറ്റുമാണുള്ളത്. ഈ അവസരത്തില്‍ രാഷ്ട്രീയപരമായും ആശയപരമായും ബിജെപിയെ പാര്‍ലമെന്റില്‍ പ്രതിരോധിക്കേണ്ട വലിയൊരു ഉത്തരവാദിത്വമാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് എന്ന ദേശീയപ്രസ്ഥാനത്തിനുള്ളത്. ഇതിനു പ്രാപ്തിയുള്ള ഒരു കോണ്‍ഗ്രസ്സ് ശബ്ദമാണ് രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്ന് നമ്മള്‍ തിരഞ്ഞെടുക്കേണ്ടത്. ഇതില്‍ ഒരു വിട്ടുവീഴ്ചയെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുകയില്ല.


റോജി എം ജോണ്‍

സ്വന്തമായി ഏതെങ്കിലും സ്ഥാനം ലഭിക്കുവാന്‍ വേണ്ടി എടുത്ത നിലപാടായിരുന്നില്ല. കോണ്‍ഗ്രസ്സില്‍ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന സാധാരണ പ്രവര്‍ത്തകരുടെ ശബ്ദമാണ് ഞങ്ങള്‍ ഉയര്‍ത്തിയത്. പക്ഷെ, ഇത് കോണ്‍ഗ്രസ്സിന്റെ ആത്മാഭിമാനം പാലായില്‍ പണയം വെച്ച തീരുമാനമായി. മുന്നണി രാഷ്ട്രീയത്തിന്റെ മര്യാദകള്‍ മനസ്സിലാകാഞ്ഞിട്ടല്ല. പക്ഷെ, അതിന് വേണ്ടി കൈക്കൊള്ളുന്ന ആത്മഹത്യാപരമായ തീരുമാനങ്ങള്‍ നേതൃത്വത്തിന്റെ വീഴ്ചയായി കാണപ്പെടും. ഈ തീരുമാനം പുനപരിശോധിക്കണം എന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 

Latest News