തിരുവനന്തപുരം - കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്ത തരത്തിലാണ് നിയമസഭയിൽ ഭരണപക്ഷം പെരുമാറുന്നതെന്നും സി.പി.എമ്മിന്റെ ഏകാധിപത്യ പ്രവണത ജനാധിപത്യ കേരളം ഒറ്റക്കെട്ടായി ചെറുക്കേണ്ടതാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ് ഇർഷാദ്.
സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് നിയമസഭ. നിയമസഭയിലെ ഭരണപക്ഷവും സ്പീക്കർ എ.എൻ ഷംസീറും പാർലമെന്റിലെ ഫാഷിസ്റ്റ് ഭരണപക്ഷത്തിന്റെ മിനിയേച്ചർ പതിപ്പായി അധഃപതിക്കുകയാണ്. മുഖ്യമന്ത്രി ഉത്തരം പറയേണ്ട റൂൾ 15 ന് തുടർച്ചയായി സ്പീക്കർ അനുമതി നൽകുന്നില്ല. ഇത് ജനാധിപത്യത്തിന്റെ ധ്വംസനമാണ്.
സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് അടക്കമുള്ള എം.എൽ.എമാരെ വാച്ച് ആൻഡ് വാർഡിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ചു കയ്യേറ്റം ചെയ്തിരിക്കുന്നു.
മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, സതീഷ് കുമാർ, ഉമ തോമസ്, കെ.കെ. രമ എന്നിവർക്ക് പരിക്ക് പറ്റി. സച്ചിൻ ദേവ്, കെ.വി സുമേഷ് എന്നീ ഭരണപക്ഷ എം.എൽ.എമാർ മർദിക്കാൻ കൂടെ ചേർന്നു. ഇത്തരം ഏകാധിപത്യ പ്രവണതകൾ അവസാനിപ്പിക്കാൻ ജനാധിപത്യ കേരളം ഒറ്റക്കെട്ടായി രംഗത്തുവരേണ്ടതുണ്ടെന്ന് എസ്. ഇർഷാദ് പറഞ്ഞു.






