VIDEO സൗദിയില്‍ പ്രളയത്തില്‍പെട്ട ആറു പേരെ രക്ഷിച്ചു; പലയിടത്തും മണ്ണിടിച്ചില്‍

റിയാദ് - സൗദി അറേബ്യയിലെ റിയാദ് പ്രവിശ്യയില്‍ പെട്ട അഫ്‌ലാജില്‍ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ വാഹനങ്ങളിലെ ആറു യാത്രക്കാരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
അല്‍ബാഹ പ്രവിശ്യയിലെ ഹസ്‌ന ചുരംറോഡില്‍ മണ്ണിടിച്ചിലുണ്ടായി. ശക്തമായ മഴയെ തുടര്‍ന്ന് വലിയ കല്ലുകളും മണ്ണും റോഡിലേക്ക് പതിക്കുകയായിരുന്നു. കല്ലുകളും മണ്ണും നീക്കം ചെയ്ത് ഗതാഗത യോഗ്യമാക്കുന്നതു വരെ അധികൃതര്‍ റോഡില്‍ ഗതാഗതം താല്‍ക്കാലികമായി വിലക്കി. മണ്ണിടിച്ചില്‍ മൂലം ചുരംറോഡില്‍ ഗതാഗതം തടസ്സപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ശക്തമായ മഴയെ തുടര്‍ന്ന് അല്‍ബാഹ പ്രവിശ്യയില്‍ പെട്ട ബല്‍ജുര്‍ശിയിലെ അല്‍ജനാബീന്‍ അണക്കെട്ട് കവിഞ്ഞൊഴുകി. കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്തെ താഴ്‌വരകളില്‍ നിന്ന് മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ അണക്കെട്ട് നിറയുകയായിരുന്നു. അണക്കെട്ട് കവിഞ്ഞൊഴുകുന്നതിന്റെയും അണക്കെട്ടിന് താഴെ താഴ്‌വരയില്‍ വെള്ളം കുത്തിയൊലിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ പങ്കുവെച്ചു.

 

 

Latest News