ട്രെയിനുകളിൽ ഇനി സുഖമായി ഉറങ്ങാം

രാത്രിയാത്ര സുഖകരമാക്കാനാണ് റെയിൽവേ പുറപ്പെടുവിച്ച പുതിയ നിർദേശങ്ങൾ. വിദേശ രാജ്യങ്ങളിലെ യാത്രക്കാർ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ അനാവശ്യമായി ബഹളം വെക്കുകയോ ഉച്ചത്തിൽ സംസാരിക്കുകയോ ചെയ്യില്ല. എല്ലാവരും മനസ്സ് വെച്ചാൽ ഇന്ത്യയിലെ ട്രെയിൻ യാത്രയും മാറ്റിയെടുക്കാവുന്നതേയുള്ളൂ. 


ട്രെയിനിലെ സ്ലീപ്പർ ക്ലാസ് യാത്ര പലർക്കും പേടിസ്വപ്‌നമായിരുന്നു. ഇന്ത്യയിലെ ഏതെങ്കിലും മഹാനഗരത്തിൽ വ്യക്തിപരമായ കാര്യങ്ങൾക്കായി പകൽ മുഴുവൻ ഓടിനടന്ന് രാത്രിയെങ്കിലും സ്വസ്ഥമായി കിടുന്നുറങ്ങാമെന്ന് വെച്ചാൽ അത് നടക്കണമെന്നില്ല. ഇറാഖിലെ യുദ്ധമേഖലയിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവന്ന മലയാളി മാലാഖമാരെ തുടർയാത്രക്കായി മുംബൈയോട് ചേർന്നു കിടക്കുന്ന കുർളയിലെ ലോകമാന്യ തിലക് ടെർമിനസിലോ, പൻവേൽ ജംഗ്ഷനിലോ എത്തിച്ചുവെന്ന് കരുതുക. ഗുജറാത്തിൽ നിന്നോ ദില്ലിയിൽ നിന്നോ അർധരാത്രി കഴിഞ്ഞെത്തുന്ന ദീർഘദൂര ട്രെയിനിൽ യാത്ര ചെയ്യാൻ വിധിക്കപ്പെട്ട നഴ്‌സിന് ബഗ്ദാദ് എത്ര ഭേദമെന്ന് തോന്നിപ്പോകും. സ്ലീപ്പർ കംപാർട്ടുമെന്റിൽ മദ്യപാനം, ചീട്ടുകളി, ശബ്ദകോലാഹലം തുടങ്ങി സകല സാമൂഹ്യ വിരുദ്ധ ഏർപ്പാടുകളും അരങ്ങേറും. ഗൾഫ് നഗരങ്ങളിൽ നിന്ന് മുംബൈ, ചെന്നൈ, ബംഗളൂരു വഴി നാട്ടിലേക്ക് യാത്ര തിരിക്കുന്ന പ്രവാസിയുടെയും അനുഭവം സമാനമായിരിക്കും. രാത്രി പത്ത് മണി പോകട്ടെ, പന്ത്രണ്ട് മണിക്കെങ്കിലും ലൈറ്റുകൾ അണച്ച് സ്വസ്ഥമായി കിടന്നുറങ്ങാൻ സഹയാത്രികർക്ക് വഴിയൊരുക്കുക എന്നതല്ലേ മര്യാദ. എന്നാൽ ഇത് പലപ്പോഴും നടക്കാറില്ല. കേരളത്തിലോടുന്ന രാത്രിവണ്ടികളിൽ ഏറ്റവും ആവശ്യക്കാരുള്ളതെന്ന് കരുതുന്ന മാവേലി എക്‌സ്പ്രസിന്റെ കാര്യം തന്നെയെടുക്കാം. ഈ ട്രെയിൻ പോപ്പുലറാവാൻ പല ഘടകങ്ങളുണ്ട്. കാസർകോട്, കാഞ്ഞങ്ങാട് മുതൽ തിരൂർ വരെ മലബാർ പ്രദേശത്തെ പ്രധാന പട്ടണങ്ങൾ കടന്നു പോകുന്നത് വൈകുന്നേരം ആറിനും രാത്രി പത്തിനുമിടയിലാണ്. കോട്ടയം വഴി പോകാത്തതിന്റെ സമയ ലാഭം. സ്റ്റോപ്പുകൾ കുറവും യാത്ര ആലപ്പുഴ വഴിയുമായതിനാൽ അതിരാവിലെ തിരുവനന്തപുരത്തെത്തും. മാവേലിയിലെ സെക്കന്റ് ക്ലാസ് സ്ലീപ്പറിലെന്ന പോലെ എസി ത്രീ ടയറിലും ഉറങ്ങണമെങ്കിൽ കുറച്ചു ബുദ്ധിമുട്ടും. ഇയർഫോൺ ഉപയോഗിക്കാതെ പ്രണയിനികൾ സല്ലപിക്കുന്നത് മുതൽ പണ്ഡിതന്മാരുടെ ബോധവൽക്കരണ പ്രഭാഷണം വരെ സകലതും നമ്മൾ കേൾക്കേണ്ടിവരും. 


ഈ അവസ്ഥക്ക് മാറ്റം വരികയായി. ട്രെയിനിലെ രാത്രി യാത്രകൾ സുഖപ്രദമാക്കാൻ റെയിൽവേ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ്. ഇതനുസരിച്ച് രാത്രി പത്തു മണിക്ക് ശേഷം യാത്രക്കാർ നിരവധി നിയന്ത്രണങ്ങൾ പാലിക്കേണ്ടതുണ്ട്. ഈ നിർദേശങ്ങൾ പൊതുവെ രാത്രിയാത്ര അച്ചടക്ക പൂർണമാക്കാൻ വേണ്ടിയുള്ളതായതിനാൽ സ്വാഗതാർഹമാണ്. രാത്രി പത്തിനു ശേഷം യാത്രക്കാർ ഉച്ചത്തിൽ സംസാരിക്കാനോ ഉറക്കെ പാട്ട് കേൾക്കാനോ അത്യാവശ്യത്തിനല്ലാതെ ലൈറ്റുകൾ തെളിക്കാനോ പാടില്ല. പാട്ട് കേൾക്കണമെന്നുള്ളവർ നിർബന്ധമായും ഇയർഫോൺ ഉപയോഗിക്കണം.  രാത്രി പത്തിനു ശേഷം മധ്യ ബർത്തിലെ യാത്രികന് കിടക്കാൻ സീറ്റ് നിവർക്കുന്നതിന് ലോവർ ബർത്ത് യാത്രികൻ അനുവദിക്കണം. ട്രെയിൻ സർവീസുകളിൽ ഓൺലൈൻ ഭക്ഷണം രാത്രി 10 ന് ശേഷം നൽകില്ല. എന്നാൽ ഇ - കാറ്ററിംഗ് സേവനങ്ങൾ ഉപയോഗിച്ച് രാത്രിഭക്ഷണമോ പ്രഭാത ഭക്ഷണമോ മുൻകൂട്ടി ഓർഡർ ചെയ്യാം. ട്രെയിനുകളിൽ പൊതുമര്യാദകൾ പാലിക്കാനും സഹയാത്രികർക്ക് പ്രശ്‌നങ്ങൾ സൃഷ്ടിച്ചാൽ ഉടനടി ഇടപെടാനും ഓൺബോർഡ് ടി.ടി.ഇ, കാറ്ററിംഗ് സ്റ്റാഫ്, മറ്റു റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരോടും ആവശ്യപ്പെട്ടിട്ടുണ്ട്. യാത്ര സുഖകരമാക്കാനുള്ള പുതിയ പരിഷ്‌കാരങ്ങളാണിത്. 
റെയിൽവേ യാത്രക്കാരുടെ ഭാഗത്തുനിന്ന് ചിന്തിച്ച് തുടങ്ങുന്നു എന്നതിന്റെ തുടക്കമായി ഈ നിർദേശങ്ങളെ കാണാനാവും. 


അതേസമയം, ഇന്ത്യൻ റെയിൽവേക്ക് കുറച്ചു കാലമായി മാനുഷിക മുഖം നഷ്ടപ്പെട്ടു വരികയാണെന്ന ആക്ഷേപം വ്യാപകമാണ്. 2014 ൽ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായ ശേഷം ഇന്ത്യയിൽ റെയിൽവേ ബജറ്റ് എന്ന ഏർപ്പാട് തന്നെ നിർത്തലാക്കി. പൊതു ബജറ്റിനൊപ്പമാണ് ഇപ്പോൾ റെയിൽ ബജറ്റും. ഗുജറാത്തിലെ ഒരു ചെറിയ റെയിൽവേ സ്റ്റേഷനിൽ ചായക്കച്ചവടം നടത്തിയ ബാല്യമുള്ള ഒരാൾ രാജ്യത്തെ നയിക്കുമ്പോഴാണ് ഈ അനുഭവമെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ആഗോള മഹാമാരിയായി കോവിഡ്19 വന്നപ്പോൾ ലോകമാകെ നിശ്ചലമായത് പോലെ ഇന്ത്യൻ റെയിൽവേയും പ്രതിസന്ധിയിലൂടെയാണ് കടന്നു വന്നത്. പല ട്രെയിനുകളും നിർത്തലാക്കേണ്ടി വന്നു. സാമൂഹിക അകലം പാലിച്ചൊക്കെയായിരുന്നു. ഇപ്പോൾ എല്ലാം ഏതാണ്ട് പഴയ അവസ്ഥയിലായി. യാത്രക്കാരുടെ അവകാശങ്ങൾ പൂർവ സ്ഥിതിയിലായില്ലെന്ന് മാത്രം. കോവിഡിന് മുമ്പ് ലോക്കൽ ട്രെയിനുകളായി ഓടിയിരുന്നതെല്ലാം കൂടിയ നിരക്കുമായി സ്‌പെഷ്യൽ എക്‌സ്പ്രസുകളായാണ് സർവീസ് നടത്തുന്നത്. രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് റെയിൽവേ പേരിനെങ്കിലും ചില ആനുകൂല്യങ്ങൾ നൽകിയിരുന്നു. അവർക്കായി ടിക്കറ്റ് കൗണ്ടറുകളിൽ പ്രത്യേക ക്യൂ ഇതിലൊന്നാണ്. 58 വയസ്സ് പിന്നിട്ട സ്ത്രീകൾ യാത്രാ നിരക്കിന്റെ പാതിയും അറുപത് പിന്നിട്ട പുരുഷൻ നാൽപത് ശതമാനവും നൽകിയാൽ മതിയായിരുന്നു. കോവിഡ് മാറി ജീവിതം സാധാരണ നില കൈവരിച്ചെങ്കിലും മുതിർന്ന പൗരന്മാരെ ഇന്ത്യൻ റെയിൽവേ ഊറ്റിക്കുടിക്കുകയാണ്. ലാഭക്കൊതി മൂത്തതിനാൽ അടുത്ത കാലത്തൊന്നും ഇത് പുന-ഃസ്ഥാപിക്കാനും സാധ്യതയില്ല. 


ഇതിന് പുറമേയാണ് ഇന്ത്യയിലെ  റെയിൽവേ സ്റ്റേഷനുകളിലെ സ്റ്റാളുകളിലെ ഭക്ഷണത്തിന്റെ നിരക്ക് അടുത്തിടെ  കൂട്ടിയത്. റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ ആണ് വില ഉയർത്തിയത്. അഞ്ച് ശതമാനം പുതുക്കിയ ജിഎസ്ടി ഉൾപ്പെടെയാണ് പുതിയ വിലകൾ പ്രഖ്യാപിച്ചിട്ടുള്ളത്. 
റെയിൽവേയുടെ പുതുക്കിയ വില വിവരപ്പട്ടിക പ്രകാരം പഴം പൊരിക്ക് 20 രൂപ നൽകണം. നേരത്തെ 13 രൂപയായിരുന്നു ഒരു പഴംപൊരിയുടെ വില. 55 ശതമാനം വില വർധനയാണ് ഒറ്റയടിക്ക്. പരിപ്പുവട, ഉഴുന്നുവട, സമൂസ എന്നിവ സെറ്റിന് നേരത്തെ 17 രൂപയായിരുന്നു. ഇവക്ക് വില കൂട്ടി ഇപ്പോൾ 25 രൂപയാണ് വില. ഊണിനും വലിയ വില വർധനയാണ് ഉണ്ടായിട്ടുള്ളത്.  ഒരു ഊണിന് 55 രൂപ എന്ന നിരക്കിൽ വിൽപന നടത്തിയിരുന്നത് 95 രൂപയാക്കിയാണ്  ഇന്ത്യൻ റെയിൽവേ കൂട്ടിയത്. 72 ശതമാനം വിലവർധനയാണ് ഊണിന് ഉണ്ടായിരിക്കുന്നത്. 32 രൂപയായിരുന്ന മുട്ടക്കറി ഇപ്പോൾ 50 രൂപയിലേക്കാണ്  വില ഉയർത്തിയത്. 28 രൂപയായിരുന്ന കടലക്കറിക്ക്  40 രൂപയാക്കി. വിവിധയിനം ബിരിയാണികൾക്കും വില കൂട്ടി. 


മുമ്പൊന്നുമില്ലാത്ത വിധം റെയിൽവേ വരുമാനം സ്വരൂപിക്കുന്നുണ്ട്. ഒറ്റനോട്ടത്തിൽ വർഷങ്ങളായി എക്‌സ്പ്രസ് തീവണ്ടിയുടെ സാധാരണ യാത്രാനിരക്ക് കൂട്ടിയില്ലെന്ന് കാണാം. അത് റെയിൽവേ അത്ര കാര്യമാക്കുന്നുമില്ല. റിസർവ് ചെയ്ത യാത്രയും ചരക്കുനീക്കവുമാണ് റെയിൽവേയെ സമ്പന്നമാക്കുന്നത്. ഒരു ഉദാഹരണം പറയാം. തേഡ് എസിയിൽ രണ്ടായിരത്തിന്റെ ടിക്കറ്റ് ബുക്ക് ചെയ്ത് അവസാന നിമിഷം റദ്ദ് ചെയ്തുവെന്നിരിക്കട്ടെ. റീഫണ്ട് ലഭിക്കുക പരമാവധി അമ്പത് ശതമാനമാണ്. അതേസമയം, പെട്ടെന്ന് നമ്മൾ ഇതേ ക്ലാസിൽ വിദൂര നഗരത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ അതിന് ടിക്കറ്റ് നിരക്കിന് പുറമെ മൂവായിരം രൂപ വരെ അധികം നൽകേണ്ടി വരും. ഈ കൊള്ളക്കാണ്  പ്രീമിയം തത്കാൽ പദ്ധതി ഇന്ത്യൻ റെയിൽവേ നടപ്പാക്കിയത്. പഴയ തത്കാലിന് പരമാവധി മുന്നൂറ് രൂപയൊക്കെയേ അധികം ഈടാക്കുമായിരുന്നുള്ളൂ. 2020-21 വർഷത്തിൽ തത്കാൽ - പ്രീമിയം തത്കാൽ ബുക്കിങിലൂടെ 500 കോടി രൂപയാണ് റെയിൽവേ നേടിയത്. പിഴ ഈടാക്കുന്നതിലൂടെയും റെയിൽവേയുടെ വരുമാനം വൻതോതിൽ വർധിച്ചിട്ടുണ്ട്. പിഴയെന്നത് ട്രെയിനിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്ന് മാത്രമല്ല. ബുക്കിംഗിലെ അശ്രദ്ധ കാരണം തീയതി തെറ്റിയാലും വൻതുക നൽകേണ്ടത് യാത്രക്കാരനാണ്. 


ഇന്ത്യയിലോടുന്ന ഭൂരിപക്ഷം ട്രെയിനുകളുടെ കോച്ചുകൾക്കും ദശാബ്ദങ്ങളായി വലിയ മാറ്റമൊന്നും വന്നിട്ടില്ല. എന്നാൽ ടിക്കറ്റ് നിരക്ക് പല തട്ടുകളായി പല തവണ ഉയർത്തുകയും ചെയ്തു. കംപാർട്ടുമെന്റുകളിലെ സീറ്റുകൾ ആധുനിക കാലത്തിന് അനുസൃതമായി പരിഷ്‌കരിക്കപ്പെടണം. 
രാത്രിയാത്ര സുഖകരമാക്കാൻ റെയിൽവേ ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്ന പുതിയ നിർദേശങ്ങൾ പരമാവധി പാലിക്കാനും ഉൾക്കൊള്ളാനും യാത്രക്കാർ  ശ്രമിക്കേണ്ടതാണ്. സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് മദീനയിലേക്ക് അതിവേഗ തീവണ്ടിയുണ്ട്. കോഴിക്കോട്ടുനിന്ന് വെസ്റ്റ് ഹില്ലിൽ പോയി വരുന്ന ലാഘവത്തോടെ യാത്ര ചെയ്യാം. ആരും കോലാഹലമുണ്ടാക്കുന്നില്ല. കേരളത്തിലെ മന്ത്രിമാർ യാത്ര ചെയ്യുന്നത് പോലെ ശബ്ദശല്യമില്ലാതെ സുഖകരമായ സവാരി. വിദേശ രാജ്യങ്ങളിലെ യാത്രക്കാർ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ അനാവശ്യമായി ബഹളം വെക്കുകയോ ഉച്ചത്തിൽ സംസാരിക്കുകയോ ചെയ്യില്ല. എല്ലാവരും മനസ്സ് വെച്ചാൽ ഇന്ത്യയിലെ ട്രെയിൻ യാത്രയും മാറ്റിയെടുക്കാവുന്നതേയുള്ളൂ. 
 

Latest News