Sorry, you need to enable JavaScript to visit this website.

നീതി നടപ്പാക്കുന്ന ആൾക്കൂട്ടങ്ങൾ

ഒരാൾ കുറ്റം ചെയ്‌തോയെന്ന് ഉറപ്പിക്കേണ്ടത് വ്യക്തികളോ ആൾക്കൂട്ടങ്ങളോ അല്ല. മറിച്ച് കുറ്റം ചെയ്തുവെന്ന് കരുതുന്നുവെങ്കിൽ അന്വേഷണവും വിചാരണയും സജീവമാക്കാൻ അവർക്ക് അവകാശമുണ്ട്. ജുഡീഷ്യൽ നടപടികളിലൂടെ മാത്രമേ ഒരാളുടെ കുറ്റവിചാരണയും വിധിയും നടപ്പാക്കാവൂ. ജുഡീഷ്യറിയുടെ തലവനാകാൻ ഒരു വ്യക്തിക്കോ ആൾക്കൂട്ടങ്ങൾക്കോ അവകാശമില്ല. അനാവശ്യ സംഭവങ്ങളും കുറ്റകൃത്യങ്ങളും തടയേണ്ടത് രാജ്യത്തെ നിലവിലുള്ള ജുഡീഷ്യറിയുടെ ഉത്തരവാദിത്തമാണ്. പൗരൻ പൗരനെ നിയന്ത്രിക്കുന്ന രീതിയും സംവിധാനങ്ങളും ഉണ്ടാക്കാവുന്ന സാമൂഹിക അപകടങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ. 

 

ദിനേനയെന്നോളം ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾ സമാധാനാന്തരീക്ഷത്തിനു മേൽ ഭീതിയുടെ കരിനിഴൽ പടർത്തുകയാണ്. പശുവിന്റെയും മറ്റും പേരിൽ ഉത്തരേന്ത്യയിൽ മാത്രം ഇടമുറിയാതെ അരങ്ങേറിയ ഈ നെറികെട്ട സംസ്‌കാരം പൊതുവെ സ്വസ്ഥതയും സുരക്ഷിതത്വവും കൈമുതലായുള്ള കേരളവും കൂടി ഏറ്റുപിടിക്കുന്നുവെന്നതാണ് നമ്മെ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്ന കാര്യം.. വാർത്ത പ്രാധാന്യത്തിനും ഇസ്തിരിയിട്ടു സൂക്ഷിച്ച കണക്കുകൾക്കുമപ്പുറം ചെറുതും വലുതുമായ നിരവധി ആൾക്കൂട്ട ആക്രമണങ്ങൾ ഓരോ പ്രദേശങ്ങളിലും ഉണ്ടാവുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. സാംസ്‌കാരിക മഹിമയെക്കുറിച്ച് വാചാലമാകുമ്പോഴും കൈയൂക്കുള്ള വൻ കാര്യക്കാരൻ എന്ന തികച്ചും പ്രാകൃതമായ മുറകളിലേക്കും രീതിശാസ്ത്രങ്ങളിലേക്കുമാണ് നാട് അതിവേഗം തിരിച്ചു നടക്കുന്നത്. മേജർ ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും മാത്രമല്ല, നാട്ടിൻപുറങ്ങളിലെ കുഞ്ഞു അധീശത്വ  പ്രവണതകളും അടിച്ചമർത്തലുകളും വരെ അങ്ങേയറ്റം അരക്ഷിതാവസ്ഥയിലേക്കാണ് നാടിനെ നിർദയം തള്ളിയിടുന്നത്. തുടരുന്ന ഈ പേക്കൂത്തുകളുടെ നിലവിലെ പട്ടികയിലെ നന്നേ ചെറുത് മാത്രമാണ് കോഴിക്കോട് നല്ലളത്ത് മതപണ്ഡിതന് ഏൽക്കേണ്ടി വന്ന ആൾക്കൂട്ട മർദനം.


ഒറ്റപ്പെട്ട ചില സംഭവങ്ങൾ കേരളത്തിലും അരങ്ങേറുക പതിവായിരുന്നെങ്കിലും അതിലപ്പുറം ഒരു പകർച്ചവ്യാധി പോലെ ഈ ദുഷ്പ്രവണത മറ്റുള്ളവരിലേക്കും പടർന്നു പിടിക്കുന്നുവെന്നതാണ് വർത്തമാന യാഥാർത്ഥ്യം. ഉത്തരേന്ത്യയെ വെല്ലുംവിധം നമ്മുടെ ആൾക്കൂട്ട ആക്രമണോത്സുകതയുടെ  ഗ്രാഫ് കുത്തനെ ഉയർന്നുകൊണ്ടിരിക്കുകയാണ്.          2007 ൽ പാദസരം മോഷ്ടിച്ചെന്ന് വിധിയെഴുതിയാണ് എടപ്പാളിൽ ഗർഭിണിയും മകളും ആൾക്കൂട്ടത്തിന്റെ ക്രൂരമർദനത്തിനിരയായത്. 2011 ഒക്ടോബറിൽ ബസിൽ മോഷണം നടത്തിയെന്ന് ആരോപിച്ചാണ് പെരുമ്പാവൂരിൽ പാലക്കാട് സ്വദേശി ലഘുവിനെ നിർദയം കൊലപ്പെടുത്തിയത്. എന്നാൽ 2017 ജൂണിൽ മലപ്പുറത്ത് നാസിർ ഹുസൈനെ മരണത്തിലേക്ക് തള്ളിയിട്ടത് സദാചാര പ്രശ്‌നങ്ങളുടെ പേരിലായിരുന്നു. 2012 നവംബർ 9 ന് കോഴിക്കോട് കൊടിയത്തൂരിൽ ഷഹീദ് ബാവയെന്ന യുവാവിനെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചാണ് ആൾക്കൂട്ടം കൊലപ്പെടുത്തിയത്. 2016 മെയ് നാലിന് അസം സ്വദേശി കൈലാഷ് ജ്യോതി ബെഹ്‌റയെ ആൾക്കൂട്ടം അടിച്ചു കൊന്നത് പൊരിവെയിലത്ത് കൈകാലുകൾ കൂട്ടിക്കെട്ടിയായിരുന്നു. മോഷണം തന്നെയായിരുന്നു ഉന്നയിക്കപ്പെട്ട ആരോപണം. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജിൽ തൃശൂർ സ്വദേശി ജിജീഷ് ആക്രമിക്കപ്പെട്ടത് പെൺസുഹൃത്തിനൊപ്പം നടന്നതിനായിരുന്നു. ഒടുവിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആദിവാസി യുവാവ് വിശ്വനാഥന് മർദനമേറ്റതും മോഷണക്കുറ്റം ചുമത്തിയായിരുന്നു. ഭാര്യയുടെ  പ്രസവത്തിന് കൂട്ടിരിക്കാനെത്തിയതായിരുന്നു വിശ്വനാഥൻ.

കൈകൾ പിന്നിലേക്ക് പിടിച്ചുകെട്ടിയ നിലയിൽ മർദനമേറ്റ് നിസ്സഹായനായി നിൽക്കുന്ന അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ ചിത്രം ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. നിഷ്‌കളങ്കമായ ആ കണ്ണുകളിൽ നിന്ന് പ്രത്യാശയുടെ ഒരായിരം കിരണങ്ങൾ തൊടുത്തുവിട്ടിട്ടും  മനഃസാക്ഷി മരവിച്ചവർക്ക് മുന്നിൽ അവ നിഷ്ഫലമാവുകയായിരുന്നു. നിസ്സഹായതയുടെ ആ നിർന്നിമേഷ നിമിഷങ്ങളിൽ എന്തുമാത്രം സത്യങ്ങൾ വിളിച്ചു പറയാനുണ്ടായിരിക്കും ഇരകൾക്കൊക്കെയും. ഒരവസരം പോലും വീണുകിട്ടാതെ  പ്രസ്തുത സത്യങ്ങളെ തീ തിന്നുന്ന ആ നാവു  കൊണ്ടു തന്നെ തിരികെ നുണഞ്ഞിറക്കിയിട്ടുണ്ടായിരിക്കും അവർ. ആക്രമിക്കപ്പെടുന്നവനും ഒരു കുടുംബമുണ്ട്. മുനിഞ്ഞു കത്തുന്ന പ്രതീക്ഷയുടെ വിളക്കിൽ ഇല്ലായ്മയിലും എണ്ണയൊഴിച്ച് കാത്തിരിക്കുന്ന കുടുംബിനിയും മക്കളുമുണ്ടവർക്കും.


നിയമവും നീതിയും തങ്ങൾ തീരുമാനിക്കുന്നത് തന്നെയാണെന്ന ചിന്താഗതി അങ്ങേയറ്റം അപകടകരമാണ്. കുറ്റകൃത്യങ്ങൾ കണ്ടെത്തേണ്ടതും കുറ്റവാളികളെ കൈകാര്യം ചെയ്യേണ്ടതും അതത് പ്രദേശങ്ങളിലെ വ്യക്തികളും സംഘങ്ങളുമാണെന്ന ഒരു സദാചാര നിഷ്ഠയിലധിഷ്ഠിതമായ പൊതുബോധം നിർഭാഗ്യവശാൽ അടുത്തിടെ എല്ലാവരെയും വല്ലാതെ പിടിമുറുക്കിയിട്ടുണ്ട്. കുറ്റവിചാരണ നടത്തുകയും ശിക്ഷിക്കുകയും ചെയ്യുന്ന ഇത്തരം ആൾക്കൂട്ട കോടതികൾ വ്യാപകമാവുന്നത് പൗരന്റെ വ്യക്തിസ്വാതന്ത്ര്യങ്ങൾക്ക് നേരെ വ്യാപകമായ കൈയേറ്റങ്ങൾ നടക്കാൻ കാരണമാകുന്നു.


ഒരാൾ കുറ്റം ചെയ്‌തോയെന്ന് ഉറപ്പിക്കേണ്ടത് വ്യക്തികളോ ആൾക്കൂട്ടങ്ങളോ അല്ല. മറിച്ച് കുറ്റം ചെയ്തുവെന്ന് കരുതുന്നുവെങ്കിൽ അന്വേഷണവും വിചാരണയും സജീവമാക്കാൻ അവർക്ക് അവകാശമുണ്ട്. ജുഡീഷ്യൽ നടപടികളിലൂടെ മാത്രമേ ഒരാളുടെ കുറ്റവിചാരണയും വിധിയും നടപ്പാക്കാവൂ. ജുഡീഷ്യറിയുടെ തലവനാകാൻ ഒരു വ്യക്തിക്കോ ആൾക്കൂട്ടങ്ങൾക്കോ അവകാശമില്ല. അനാവശ്യ സംഭവങ്ങളും കുറ്റകൃത്യങ്ങളും തടയേണ്ടത് രാജ്യത്തെ നിലവിലുള്ള ജുഡീഷ്യറിയുടെ ഉത്തരവാദിത്തമാണ്. പൗരൻ പൗരനെ നിയന്ത്രിക്കുന്ന രീതിയും സംവിധാനങ്ങളും ഉണ്ടാക്കാവുന്ന സാമൂഹിക അപകടങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ. സമൂഹമെന്ന നിലക്ക് പരസ്പരം നന്മകളുടെ പ്രചാരണത്തിനും തിന്മകളുടെ വിപാടനത്തിനും എല്ലാവർക്കും കൂട്ടുത്തരവാദിത്തമുണ്ടെങ്കിലും ഒരാളെയും ചോദ്യം ചെയ്യാനും ശിക്ഷിക്കാനും നമ്മെ ചുമതലപ്പെടുത്തിയിട്ടില്ല. ഒരാളുടെ സുരക്ഷിതത്വത്തിന് മേലുള്ള ഏതൊരു കടന്നുകയറ്റത്തെയും ഒരു നിലക്കും അംഗീകരിക്കാനുമാവില്ല.
ആൾക്കൂട്ടം നിയമം കൈയിലെടുക്കുന്നതിന് എതിരെയാണ് ശബ്ദങ്ങളുയരേണ്ടത്. വ്യക്തികൾക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കാൻ നീതിപാലകരും  ജാഗ്രത കാണിക്കേണ്ടതുണ്ട്. ആൾക്കൂട്ട ആക്രമണത്തിന്റെ കാര്യത്തിൽ സമൂഹത്തിന്റെ പൊതുബോധം ചികിത്സിക്കപ്പെടേണ്ടതുണ്ട്. നിയമ വിരുദ്ധമായ പ്രവർത്തനങ്ങളിലുണ്ടാവുന്ന കുറ്റകരമായ മൗനവും വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. എത്ര വലിയ കുറ്റവാളിയെയും പൊതുജനം കൈകാര്യം ചെയ്യുന്ന ദുഷ്പ്രവണത അനുവദിക്കപ്പെട്ടുകൂടാ. 

Latest News