ജിദ്ദ- ഉംറ കർമം നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനതാവളത്തിൽ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട മലയാളി വനിത നിര്യാതയായി. ഇടുക്കി-കുമാരമംഗലം-ഈസ്റ്റ് കലൂർ സ്വദേശിനി സുബൈദ മുഹമ്മദ് (65) ആണ് ജിദ്ദ കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്‌സിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചത്. മദീനയിൽനിന്ന് ജിദ്ദ വഴി കൊച്ചി വിമാനതാവളത്തിലേക്ക് യാത്ര പുറപ്പെടാനിരിക്കെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭർത്താവ് മുഹമ്മദ് വെലമക്കുടിയിൽ. മക്കൾ - റജീന മുനീർ, റസിയ, മുഹമ്മദ് ഇബ്രാഹിം, റഹ്‌മത് ശംസുദ്ധീൻ.
സുബൈദ മുഹമ്മദിന്റെ കൂടെ അതേ ഗ്രൂപ്പിൽ ഉംറക്ക് എത്തിയ ഇടുക്കി - ചെങ്കുളം- മുതുവൻകുടി സ്വദേശിനി ഹലീമ (64) വിമാനതാവളത്തിൽ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മരിച്ചിരുന്നു. അറക്കൽ മീരാൻ മുഹമ്മദാണ് ഭർത്താവ്. മൃതദേഹം കിംഗ് ഫഹദ് ഹോസ്പിറ്റൽ മോർച്ചറിയിൽ. ഇരു മയ്യത്തുകളും മറവ് ചെയ്യുന്നതിനുവേണ്ട നടപടിക്രമങ്ങൾ കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു