രാഹുല്‍ ഗാന്ധി മാപ്പ്  പറയണം- സ്മൃതി ഇറാനി

ന്യൂദല്‍ഹി-ലണ്ടന്‍ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രിയോടുള്ള രാഹുല്‍ ഗാന്ധിയുടെ വെറുപ്പ് രാജ്യത്തോടുള്ള വെറുപ്പായി മാറിയെന്ന് ആരോപണം. ഇന്ത്യയെ അടിമകളാക്കിയ ചരിത്രമുള്ള ഒരു രാജ്യം സന്ദര്‍ശിച്ച്, രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനയാണ് കോണ്‍ഗ്രസ് നേതാവ് നടത്തിയത്. രാഹുല്‍ മാപ്പ് പറയണമെന്നും സ്മൃതി ഇറാനി.
വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് സംസാരസ്വാതന്ത്ര്യം ഇല്ലാത്തതിനെക്കുറിച്ചാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നത്. ഇന്ത്യന്‍ സര്‍വ്വകലാശാലയില്‍ തനിക്ക് സംസാരിക്കാനുള്ള സ്വാതന്ത്ര്യമില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. 2016-ല്‍ ഡല്‍ഹിയിലെ ഒരു സര്‍വകലാശാലയില്‍ 'ഭാരത് തേരേ തുക്ഡെ ഹോംഗേ' എന്ന മുദ്രാവാക്യം ഉയരുമ്പോള്‍ രാഹുല്‍ അവിടെയെത്തി അതിനെ പിന്തുണച്ചു, അതെന്തായിരുന്നു? ഭാരത് ജോഡോ യാത്രയ്ക്കിടെ ജമ്മു കശ്മീരില്‍ ഇതേ മാന്യന്‍ ഇന്ത്യയില്‍ എല്ലാം നല്ലതാണെന്ന് പറഞ്ഞു.
ഇന്ത്യയുടെ പരമോന്നത നീതിപീഠം, തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ മേധാവിത്വത്തെ രാഹുല്‍ ഗാന്ധി ആക്രമിച്ചു. യുകെയില്‍ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ വന്ന് മാപ്പ് പറയുന്നതിന് പകരം പാര്‍ലമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ലജ്ജാകരമാണെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.

Latest News