മലപ്പുറത്ത് കാറില്‍ കടത്തുകയായിരുന്ന 102 കിലോഗ്രാം ചന്ദനം പിടികൂടി, രണ്ടു പേര്‍ കസ്റ്റഡിയില്‍

മലപ്പുറം: കൊളത്തൂരില്‍ കാറില്‍ കടത്തുകയായിരുന്ന 102 കിലോഗ്രാം ചന്ദനം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ആഡംബര കാറിന്റെ പിന്‍ സീറ്റിന്റെ അടിയില്‍ രഹസ്യ അറ ഉണ്ടാക്കി അതില്‍ ചന്ദനം ചെറിയ കഷണങ്ങളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. മഞ്ചേരി  കോട്ടുപറ്റ സ്വദേശി  അത്തിമണ്ണില്‍ അലവിക്കുട്ടി (42), ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശി കല്ലുവിതറും തടത്തില്‍ സന്തോഷ്  എന്നിവരെയാണ്  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊളത്തൂര്‍  സി.ഐ സുനില്‍ പുളിക്കലും സംഘവും അറസ്റ്റ് ചെയ്തത്.
തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് ചന്ദനത്തടി എത്തിച്ച് രൂപമാറ്റം വരുത്തി വില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായവര്‍. ഇപ്പോള്‍ പിടികൂടിയ ചന്ദനം നാഗര്‍കോവിലില്‍ നിന്നാണ് കൊണ്ടുവന്നതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. മോങ്ങം സ്വദേശിയായ ആള്‍ക്ക് കൈമാറാനാണ് ചന്ദനം കൊണ്ടുവന്നതെന്നാണ് ഇവര്‍ മൊഴി നല്‍കിയിട്ടുള്ളത്. 

 

Latest News