ഹിന്ദു സംഘടനാ ഘോഷയാത്രക്കിടെ മുസ്‌ലീം പള്ളിക്കും മുസ്‌ലീംകളുടെ വീടുകള്‍ക്കും നേരെ കല്ലേറ്

ബെംഗളുരു :  ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ നടത്തിയ ഘോഷയാത്രക്കിടെ  മുസ്‌ലീം പള്ളിക്കും മുസ്‌ലീം സമുദായത്തില്‍ പെട്ടവരുടെ വീടുകള്‍ക്കും നേരെ വ്യാപക കല്ലേറ്. കര്‍ണാടകയിലെ ഹവേരി ജില്ലയിലാണ് സംഭവം നടന്നത്. വലിയ തോതില്‍ സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാനുള്ള കരുതിക്കൂട്ടിയുള്ള  ശ്രമങ്ങളാണ് നടന്നത്. പോലീസിന്റെ ഇടപെടല്‍ മൂലമാണ് അത് നടക്കാതെ പോയത്. സംഭവത്തെ തുടര്‍ന്ന് ഈ പ്രദേശത്ത് ചെറിയ തോതില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടായതായി ഇവിടെ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് 15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 
വിപ്ലവകാരിയായ സങ്കൊല്ലി രായണ്ണയുടെ പ്രതിമയുമായി ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച ബൈക്ക് ഘോഷയാത്ര നടത്തുകയായിരുന്നു. ഘോഷയാത്ര ഒരു മുസ്ലീം മേഖലയില്‍ പ്രവേശിച്ചതോടെയാണ് മുസ്‌ലീം സമുദായത്തില്‍ പെട്ടവരുടെ വീടുകള്‍ക്കും പള്ളിക്കും നേരെ അക്രമികള്‍ കല്ലെറിഞ്ഞത്.  പോലിസിന്റെ പെട്ടന്നുള്ള ഇടപെടല്‍ കൊണ്ടാണ് വലിയ തോതിലുള്ള സംഘര്‍ഷം ഒഴിവായത്. കുറ്റവാളികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മുഴുവന്‍ അക്രമികളെയും പിടികൂടുമെന്നും  ഹവേരി പൊലീസ് സൂപ്രണ്ട് ശിവകുമാര്‍ പറഞ്ഞു.

 

Latest News