Sorry, you need to enable JavaScript to visit this website.

തെയ്യത്തെ വികലമായി അവതരിപ്പിക്കുന്നത് അവസാനിപ്പിക്കണം

കണ്ണൂർ- വടക്കേ മലബാറിലെ ജനജീവിതത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമായ തെയ്യത്തെ വികലമായി അവതരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഉത്തരകേരള തെയ്യം അനുഷ്ഠാന സംരക്ഷണ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. കണ്ണൂരിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഭാരവാഹികൾ. തെയ്യം എന്ന അനുഷ്ഠാനത്തെ വികലമായും വികൃതമായും തെക്കൻ ജില്ലകളിൽ അവതരിപ്പിക്കുന്ന പ്രവണത കുറേക്കാലമായി കണ്ടുവരുന്നു. കഴിഞ്ഞ ദിവസം ആറ്റുകാൽ പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ചും തെയ്യമെന്ന പേരിൽ ചിലർ പേക്കൂത്തുകൾ നടത്തുകയുണ്ടായി. തെയ്യത്തെ കലാരൂപമെന്ന നിലയിലും അനുഷ്ഠാനമെന്ന നിലയിലും സമൂഹ ജീവിതത്തിന്റെ അവിഭാജ്യ ഘടകമെന്ന നിലയിലും നെഞ്ചോട് ചേർത്ത് സ്‌നേഹിക്കുന്ന വടക്കെ മലബാറിലെ ജനങ്ങളോടുള്ള അവഹേളനമാണിത്. തെയ്യമെന്ന പേരിൽ ചിലർ മറ്റ് സ്ഥലങ്ങളിൽ പോയി അവതരിപ്പിക്കുന്ന അവതരണങ്ങൾ കണ്ട് അതാണ് തെയ്യമെന്ന് ആളുകൾ തെറ്റിദ്ധരിക്കുന്നത് തെയ്യം എന്ന അനന്യസാധാരണമായ അനുഷ്ഠാനത്തിനും അത് കൈകാര്യം ചെയ്യുന്ന ആളുകൾക്കും അപകീർത്തികരമാണ്. കോഴിക്കോട്, വടകര ഭാഗങ്ങളിലുള്ള ചില കലാസമിതികളാണ് തെയ്യമെന്ന പേരിൽ എന്തെങ്കിലും വേഷംകെട്ടി ചാടിക്കളിച്ച് തെക്കൻ ജില്ലകളിലെ വിശ്വാസികളായ ജനങ്ങളെ കബളിപ്പിക്കുന്നത്. ആറ്റുകാലിൽ കാന്താരതെയ്യമെന്ന പേരിലായിരുന്നു അവതരണം. അങ്ങനെയൊരു തെയ്യമില്ലെന്ന് അറിഞ്ഞിട്ടും കാന്താര എന്ന സിനിമയിൽ തെയ്യത്തിന് കിട്ടിയ പ്രശസ്തിയെ വിൽപനച്ചരക്കാക്കുകയാണ് അവർ ചെയ്തത്.  തെയ്യത്തെ കുറിച്ച് ഒന്നും അറിയാത്തവരാണ് ഈ അവതരണങ്ങൾ നടത്തുന്നത്. 


തികഞ്ഞ അനുഷ്ഠാനങ്ങളോടു കൂടി ബന്ധപ്പെട്ട ദൈവിക സ്ഥാനങ്ങളിൽ മാത്രം നടത്തേണ്ടുന്ന തെയ്യാട്ടങ്ങളെ കെട്ടുകാഴ്ചകളായി അവതരിപ്പിക്കുന്ന ഈ പ്രവണത ഈയിടെയായി കൂടിവരികയാണ്. നേർച്ചത്തെയ്യങ്ങളെന്ന നിലയിൽ സ്ഥാനങ്ങളിലല്ലാതെ മറ്റു സ്ഥലങ്ങളിൽ കെട്ടിയാടിക്കാവുന്ന ചില തെയ്യങ്ങളുണ്ട്. അതു നടത്തുമ്പോഴും പൂർണമായ അനുഷ്ഠാനങ്ങളോടു കൂടി വേണം നടത്താൻ. എന്നാൽ തെയ്യത്തെ കുറിച്ചോ അതിന്റെ അനുഷ്ഠാനങ്ങളോ തോറ്റങ്ങളോ ഒന്നുമറിയാത്ത ചിലരാണ് ഇത്തരത്തിൽ സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട് തെയ്യത്തെ വികലമായി അവതരിപ്പിക്കുന്നത്.
ഇതവസാനിപ്പിക്കാൻ തെയ്യാട്ട രംഗത്തുള്ളവരും തെയ്യത്തെ സ്‌നേഹിക്കുന്നവരും ഒറ്റക്കെട്ടായി രംഗത്തു വരണം.


തെയ്യത്തെ കാണാനും അറിയാനും അനുഭവിക്കാനും തെയ്യാട്ട സ്ഥാനങ്ങളിൽ തന്നെ എത്തുകയാണ് മറ്റു ദേശങ്ങളിലുള്ളവർ ചെയ്യേണ്ടത്. തെയ്യമെന്ന പേരിലുള്ള പേക്കൂത്തുകൾ അവതരിപ്പിക്കാൻ തെക്കൻ ജില്ലകളിലുള്ള ക്ഷേത്ര കമ്മിറ്റികളും നാട്ടുകാരും വേദിയൊരുക്കിക്കൊടുക്കരുത്. അത്തരം അവതരണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ നിന്ന് പിൻമാറണം. ഉത്തര കേരള തെയ്യം അനുഷ്ഠാന സംരക്ഷണ സമിതി, തെയ്യക്കാഴ്ചകൾ, മേലേരി കാവുകൂട്ടം എന്നിവയുടെ പ്രതിനിധികളായ ടി.ലക്ഷ്മണൻ, സജീവ് കുറുവാട്ട്, യു.പി.സന്തോഷ്, എം.വി. പ്രകാശൻ, പി.നിവേദ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Latest News