ജിദ്ദ- പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) ജിദ്ദയുടെ പതിനാലാമത് വാർഷികം 'ഭാരതീയം-2023' വെള്ളിയാഴ്ച ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടക്കും. നൃത്ത നൃത്യങ്ങളും സംഗീത വിരുന്നും ഒരുക്കിയുള്ള വൈവിധ്യമാർന്ന കലാ പരിപാടികളോടെയും അവാർഡ് ദാനത്തോടെയും മാർച്ച് 17ന് വൈകിട്ട് 6.30 മുതൽ പരിപാടി ആരംഭിക്കും.
പ്രമുഖ നൃത്ത അധ്യാപകരായ പുഷ്പ സുരേഷ്, ജയശ്രീ പ്രതാപൻ, ദീപിക സന്തോഷ്, കൃതിക രാജീവ്, റിതീഷ റോയ് എന്നിവർ ചിട്ടപ്പെടുത്തിയ നൃത്ത നൃത്യങ്ങൾ അരങ്ങേറും. പി.ജെ.എസ് അംഗങ്ങളെ കൂടാതെ ജിദ്ദയിലെ പ്രശസ്ത ഗായകർ അവതരിപ്പിക്കുന്ന സംഗീത വിരുന്നും കലാ പരിപാടികളും അരങ്ങേറും.
കൂടാതെ, പ്രശസ്ത നാടക കലാ സംവിധായകനായ സന്തോഷ് കടമ്മനിട്ട സംവിധാനം ചെയ്ത് പി.ജെ.എസ് നാടക സംഘം അണിയിച്ചൊരുക്കുന്ന 'പെരുന്തച്ചൻ' എന്ന നൃത്ത സംഗീത നാടകവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംഘടനയുടെ സജീവ പ്രവർത്തകരായിരിക്കെ മരണപ്പെട്ട ഉല്ലാസ് കുറുപ്പ്, ഷാജി ഗോവിന്ദ് എന്നിവരുടെ സ്മരണാർഥം എല്ലാ വർഷവും നൽകുന്ന അവാർഡുകൾ ഈ വർഷം യഥാക്രമം മുതിർന്ന മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ മുസാഫിറിനും, ആതുര സേവന രംഗത്തു നിന്നുള്ള സാമൂഹിക പ്രവർത്തനങ്ങളെ കണക്കിലെടുത്ത് ഡോ.വിനീത പിള്ളക്കും നൽകും. അംഗങ്ങളുടെ മക്കളിൽ പന്ത്രണ്ടാം ക്ലാസിൽ ഉയർന്ന മാർക്കോടെ വിജയിച്ച അജ്മി സാബുവിന് എഡ്യൂക്കേഷൻ അവാർഡ് സമ്മാനിക്കും. സിനി ആർട്ടിസ്റ്റ് സിയാദ് അബ്ദുല്ല പടുതോടിനേയും, സംഘടനയ്ക്കു നൽകിയ പ്രവർത്തനങ്ങളെ കണക്കിലെടുത്ത് മുൻ പ്രസിഡന്റ് വർഗീസ് ഡാനിയേലിനെയും ചടങ്ങിൽ ആദരിക്കും. സംഘടന നടത്തിയ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചു.
പ്രവേശനം സൗജന്യമെങ്കിലും പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു. പാസ് ലഭിക്കുന്നതിന് https://docs.google.com/forms/d/e/1FAIpQLSf1jJ71Jwj9bShauavUGHfkAYvfvwp3PWc5I5EVin0S2qeOTw/viewform?usp=sharing -എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഖാൻ ചാച്ചാ റെസ്റ്റോറന്റ് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് അലി തേക്കുതോട്, ജനറൽ സെക്രട്ടറി ജോർജ് വർഗീസ് പന്തളം, ഖജാൻജി മനു പ്രസാദ്, വൈസ് പ്രസിഡന്റുമാരായ ജോസഫ് വർഗീസ് വടശ്ശേരിക്കര, സന്തോഷ് കടമ്മനിട്ട, രക്ഷാധികാരി ജയൻ നായർ, പി.ആർ.ഒ അനിൽകുമാർ പത്തനംതിട്ട എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 0505437884, 0530072724, 0538378734 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.