Sorry, you need to enable JavaScript to visit this website.

പെരിന്തല്‍മണ്ണയിലെ തപാല്‍ ബാലറ്റ് കാണാതായത് ട്രഷറി ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് റിപ്പോര്‍ട്ട്

പെരിന്തല്‍മണ്ണ-നിയമസഭാ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത തപാല്‍ വോട്ടുകള്‍ കാണാതായ സംഭവത്തില്‍ ട്രഷറി ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തി വകുപ്പു തല അന്വേഷണ റിപ്പോര്‍ട്ട്. മലപ്പുറം കലക്ടറേറ്റിലെ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റിയ തപാല്‍പെട്ടി കാണാതായത് വലിയ വിവാദമായിരുന്നു.തെരഞ്ഞെടുപ്പിന് ശേഷം പെട്ടികള്‍ സൂക്ഷിച്ച പെരിന്തല്‍മണ്ണ ട്രഷറില്‍ നിന്ന് മലപ്പുറത്തേക്ക് കൈമാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് വന്ന പിഴവാണ് പ്രശ്്‌നങ്ങള്‍ക്ക് കാരണമായി കണ്ടെത്തിയിരുന്നത്.
സംഭവത്തില്‍ ട്രഷറി ഉദ്യോഗസ്ഥരുടെ വീഴ്ച സ്ഥിരീകരിച്ചാണ് ട്രഷറി ജോയിന്റ് ഡയറക്ടര്‍ ജോണ്‍ ജോസഫ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.പെരിന്തല്‍മണ്ണ സബ് ട്രഷറി ഓഫീസര്‍ എന്‍.സതീഷ് കുമാര്‍,സീനിയര്‍ അക്കൗണ്ടന്റ് എസ്.രാജീവ് എന്നിവര്‍ക്ക് വീഴ്ച സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.റിപ്പോര്‍ട്ട് സംസ്ഥാന ട്രഷറി ഡയറക്ടര്‍ക്ക് കൈമാറി.സതീഷ് കുമാറും സജീവും സസ്‌പെന്‍ഷനിലാണ്.നേരത്തെ മധ്യമേഖലാ ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍ പി.സുരേഷ് നടത്തിയ പ്രാഥമിക അന്വേഷണത്തിലും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി പറഞ്ഞിരുന്നു.പെരിന്തല്‍മണ്ണ സബ്ട്രഷറിയില്‍ നിന്ന് മലപ്പുറത്തേക്ക് പെട്ടികള്‍ കൊണ്ടു പോയപ്പോള്‍ പെട്ടികളുടെ ക്രമനമ്പരുകള്‍ മാറിയതാണ് പ്രശ്്‌നത്തിന് കാരണമായത്.പെരിന്തമണ്ണ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ 21-ാം നമ്പര്‍ പെട്ടിയിലാണ് സൂക്ഷിച്ചിരുന്നത്.പെരിന്തല്‍മണ്ണ ബ്ലോക്ക് തെരഞ്ഞെടുപ്പിന്റേത് 121-ാം നമ്പര്‍ പെട്ടിയിലും.ഈ പെട്ടികള്‍ പരസ്പരം മാറുകയായിരുന്നെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
പെരിന്തല്‍മണ്ണയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന ഇടതുസ്വതന്ത്രന്‍ കെ.പി മുസ്തഫ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചപ്പോഴാണ് വോട്ടുപെട്ടി കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്.തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത 348 തപാല്‍വോട്ടുകള്‍ ചട്ടംപാലിച്ചുള്ളവയല്ലെന്ന് ചൂണ്ടിക്കാട്ടി വരണാധികാരി എണ്ണാതെ മാറ്റിവെച്ചിരുന്നു.ഈ വോട്ടുകള്‍ കൂടി എണ്ണണമെന്നാവശ്യപ്പെട്ടാണ് കെ.പി.മുസ്തഫ പ്രധാനമായും കോടതിയെ സമീപിച്ചത്.പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
38 വോട്ടുകള്‍ക്കാണ് പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരം വിജയിച്ചത്.കെ.പി.മുസ്തഫയുടെ പരാതി പരിഗണിക്കരുതെന്നാവശ്യപ്പെട്ട് നജീബും കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈക്കോടതി ഈ ഹരജി തള്ളിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News