Sorry, you need to enable JavaScript to visit this website.

ചെങ്കടലിലൂടെ പിരമിഡുകളുടെ നാട്ടിലേക്ക്

ലേഖകൻ 
ജിദ്ദയിൽ യാത്ര പുറപ്പെടുമ്പോഴത്തെ ഊഷ്മള സ്വീകരണം 
ജിദ്ദയിൽ യാത്ര പുറപ്പെടുമ്പോഴത്തെ ഊഷ്മള സ്വീകരണം 

ആഡംബര കപ്പൽ യാത്ര എന്നും ഒരു സ്വപ്നം തന്നെയായിരുന്നു. അത് പോലെ തന്നെ കുട്ടിക്കാലം മുതൽ ഇസ്‌ലാമിക കഥകളിലും സ്‌കൂൾ തലം മുതൽ ചരിത്ര പാഠപുസ്തകങ്ങളിലും കേട്ടുതുടങ്ങിയ ഈജിപ്തിലെ അത്ഭുത കാഴ്ചകളും ലോകാത്ഭുതങ്ങളിൽ പെട്ട പിരമിഡുകളും എല്ലാം എന്നും ഉറക്കം കെടുത്തിയ സ്വപ്നങ്ങളായിരുന്നു.  ഒരു സ്വപ്ന സാക്ഷാത്കാരമെന്നോണം ഇവയെല്ലാം   യാഥാർഥ്യത്തിലേക്ക്. 
2023 ലെ ആദ്യ വിദേശ യാത്ര, സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നും ഇറ്റാലിയൻ ആഡംബര കപ്പൽ കമ്പനിയായ എംഎസ്‌സി ക്രൂയിസ് കമ്പനിയുടെ  എംഎസ്‌സി  സ്പ്ളൻഡിഡ് എന്ന ആഡംബര കപ്പലിലേറി ചെങ്കടലിലൂടെ ഒഴുകി ഒഴുകി മനോഹരമായ പ്രാചീന യാമ്പു നഗരവും കടന്ന് ഈജിപ്തിലെ സോഖ്‌ന തുറമുഖം  വഴി കയ്‌റോയിലെത്തി അവിടെ നിന്നും ലോകത്തെ അത്ഭുതപ്പെടുത്തിയ നിർമിതികളിലൊന്നായ ഗിസയിലെ പിരമിഡുകൾ കണ്ടറിഞ്ഞ് ജിദ്ദയിലേക്ക് മടക്കം. അതാണ് ഈ യാത്രയുടെ റൂട്ട് മാപ്.


ഏകദേശം രണ്ട് വർഷത്തോളമായി ഈ യാത്രക്ക് വിവിധ രൂപത്തിൽ അനുയോജ്യമായ പദ്ധതികൾ ഒരുക്കി കാത്തിരിക്കാൻ തുടങ്ങിയിട്ട്. 2021 നവംബറിലാണ് ആദ്യമായി എംഎസ്‌സി ക്രൂയിസ് കപ്പൽ ജിദ്ദയിൽ നങ്കൂരമിടുന്നെന്ന വാർത്ത മാധ്യമങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞത്. പിന്നീടിങ്ങോട്ട് കൃത്യമായ ഇടവേളകളിൽ കപ്പലിന്റെ ജിദ്ദയിൽ നിന്നുള്ള ഓരോ ട്രിപ്പുകളും തീയതികളും അവരുടെ വെബ്സൈറ്റ് സന്ദർശിച്ച് കുറിച്ചുവെക്കും. വാരാന്ത്യങ്ങളിലെ കമ്പനി ഒഴിവ് ദിനങ്ങൾ ഉപയോഗപ്പെടുത്തി യാത്ര തരപ്പെടുത്താനുള്ള ശ്രമങ്ങളാണ് എന്റെ യാത്രയുടെ ആദ്യ പടി. ഇത്തരം യാത്രകൾക്കുള്ള ഒഴിവുവേളകൾ ഓരോ വർഷത്തിനിടെ വരുന്ന രണ്ട് പെരുന്നാൾ അവധികളോ വാരാന്ത്യങ്ങൾ കൂട്ടിയോജിപ്പിച്ചുള്ള കമ്പനി ഒഴിവുദിനങ്ങളോ ആയിരിക്കും. അതിനായി ഓരോ വർഷവും മുൻകൂട്ടി യാത്ര പ്ലാനുകൾ തയാറാക്കാറാണ് പതിവ്. 


പതിവ് പോലെ ക്രൂയിസ് വെബ്‌സൈറ്റ് സന്ദർശിച്ചപ്പോൾ 22 ഫെബ്രുവരി 2023 ന് ജിദ്ദയിൽ നിന്നും ക്രൂയിസ് പുറപ്പെടുന്നതായി അറിയാൻ കഴിഞ്ഞു. ഫെബ്രുവരി 22 സൗദി ഫൌണ്ടേഷൻ ഡേ പ്രമാണിച്ച് പൊതുഅവധിയാണ്. വെള്ളി, ശനി ദിവസങ്ങൾ സാധാരണ അവധിയും. ഇതിനിടയിയിലുള്ള ഒരു വ്യാഴാഴ്ച അവധിയെടുത്താൽ എന്റെ സ്വപ്ന യാത്രക്കാവശ്യമായ ദിവസങ്ങൾ ആയി.   രണ്ട് ദിവസം കൂടി അധികം ലീവ് കിട്ടിയാൽ ജിദ്ദയിൽ നിന്നും കയറി ഈജിപ്ത്, ജോർദാനൊക്കെ കറങ്ങി ഏഴ് ദിവസം കൊണ്ട് ജിദ്ദയിൽ തന്നെ തിരിച്ചെത്തുന്ന പ്ലാനും ഉണ്ട്. പക്ഷേ റമദാൻ സീസൺ ആയതുകൊണ്ട് അധിക ലീവിന് യാതൊരു സാധ്യതയും ഇല്ലെന്ന് പറഞ്ഞ് മാനേജർ ലീവ് അപേക്ഷ അത് പോലെ തിരിച്ചയച്ചു. എങ്കിലും ഞാൻ ഉള്ള നാല് ദിവസത്തിന് യാത്ര പോവാൻ തീരുമാനിച്ചു. യാത്ര പുറപ്പെടുന്നതിന്റെ ഏകദേശം ഒരു മാസം മുമ്പ്  മാത്രമാണ് കപ്പൽ കമ്പനി വെബ്സൈറ്റിൽ യാത്ര പുറപ്പെടുന്ന ദിവസങ്ങൾ പ്രഖ്യാപിക്കുന്നത്.

ഫെബ്രുവരി 22 ന് കപ്പൽ പുറപ്പെടുമെന്നത് വെബ്സൈറ്റിൽ കണ്ണിൽ പെട്ട ഉടനെ സൈറ്റിൽ കയറി ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചു. എന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തി കുറഞ്ഞ നിരക്കിലുള്ള സീറ്റുകൾ എല്ലാം വിറ്റു തീർന്നിരിക്കുന്നു. എങ്കിലും പ്രതീക്ഷ കൈവിട്ടില്ല. തുടർന്നുള്ള ദിവസങ്ങളിലും ഇടക്കിക്കിടെ വെബ്സൈറ്റ് സന്ദർശിച്ച് സീറ്റ് ചെക്ക് ചെയ്യൽ തുടർന്നു. ഭാഗ്യവശാൽ ഫെബ്രുവരി ആദ്യ വാരത്തിൽ കുറച്ചു ടിക്കറ്റുകൾ സൈറ്റിൽ പ്രത്യക്ഷപ്പെട്ടു.  ഉടൻ തന്നെ ജിദ്ദയിൽ നിന്നും ഈജിപ്തിലെ സൊഖ്‌ന വരെയുള്ള ഒരു ടിക്കറ്റ് ബുക്ക് ചെയ്തു. 800 റിയാലും സർവീസ് ചാർജും അടക്കം മൂന്ന് ദിവസത്തിന് താമസവും ഭക്ഷണവും ഉൾപ്പടെ ഏകദേശം 1000 റിയാൽ ആണ് ടിക്കറ്റ് ചാർജ് ആയി ഒരു ഭാഗത്തേക്ക് എനിക്ക് ചെലവ് വന്നത്. രണ്ട് പേർക്ക് ഒന്നിച്ച് താമസിക്കാവുന്ന കപ്പലിന്റെ ഉൾവശത്തുള്ള റൂം ആയിരുന്നു അത്. ഇതാണ് കപ്പലിലെ ഏറ്റവും കുറഞ്ഞ നിരക്ക്. ബാൽക്കണിയിലും പുറം കടൽ കാഴ്ചയും ഒക്കെയുള്ള ഡീലക്‌സ് റൂമുകൾക്ക് അയ്യായിരവും പതിനായിരവും റിയാൽ വരെയുള്ള ടിക്കറ്റുകൾ ലഭ്യമാണ്. എന്നെ സംബന്ധിച്ച് ആഡംബര കപ്പലിൽ ഒരു യാത്ര പോവുന്നതിനപ്പുറം ഒരു മോഹങ്ങളും ആ സമയത്തില്ലാതിരുന്നതിനാൽ എവിടെ കിടന്നാലും ഉറക്കം വരും എന്ന പ്രതീതിയായിരുന്നു. 


ഈജിപ്തിലേക്കായതുകൊണ്ട് ഇന്ത്യൻ വംശജർക്ക് ടൂറിസ്റ്റ് വിസ ആവശ്യമാണ്.  ഈജിപ്ത് ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കുക എന്നുള്ളതാണ് അടുത്ത കടമ്പ. അതിനായി ഈജിപ്ത് ഗവൺമെന്റിന്റെ വെബ്സൈറ്റിൽ ഓൺലൈൻ ഇ - വിസക്ക് അപേക്ഷിച്ചു. വിസക്കായി 25 യുഎസ് ഡോളർ ആണ് ഓൺലൈൻ പെയ്‌മെന്റ് വഴി അടയ്‌ക്കേണ്ടത്. അപേക്ഷിച്ച് മൂന്ന് ദിവസത്തിനുള്ളിൽ വിസ കിട്ടി. വിമാന യാത്രക്കെന്ന പോലെ രാജ്യം കടന്ന് മറ്റൊരു രാജ്യത്ത് പ്രവേശിക്കുന്നതിനാൽ സൗദി എമിഗ്രേഷൻ വിഭാഗത്തിന്റെ എല്ലാ പരിശോധനകൾക്കും വെരിഫിക്കേഷനും വിധേയമാവണം. അത് കൊണ്ട് സ്വദേശികൾ അല്ലാത്തവർ എക്‌സിറ്റ് റീ എൻട്രി വിസയും വാക്‌സിനേഷൻ സർട്ടിഫിക്കറ്റും  നിർബന്ധമായും പ്രിന്റ് കൈയിൽ കരുതണം. എല്ലാ ഉദ്യോഗസ്ഥരും സോഫ്റ്റ് കോപ്പി മൊബൈലിൽ കാണിച്ച് കൊടുത്താൽ സ്വീകരിക്കണമെന്നില്ല. യാത്ര രേഖകളെല്ലാം ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ ഓരോന്നോരോന്ന് ശരിയായി കിട്ടി. 

22 ഫെബ്രുവരി 2023 ബുധൻ

കാത്തിരിപ്പിനൊടുവിൽ യാത്ര ചെയ്യേണ്ട ദിവസമെത്തി. ഇന്ന് സൗദി ഫൗണ്ടേഷൻ ഡേ ആയി ആഘോഷിക്കപ്പെടുന്നു. പൊതു അവധിയായതിനാൽ ഓഫീസ് ഡ്യൂട്ടി ഇല്ല. കപ്പൽ പുറപ്പെടുന്ന സമയം വൈകുന്നേരം ആണെങ്കിലും ഞാൻ രാവിലെ മുതൽ തയാറെടുപ്പുകൾ തുടങ്ങിയിരുന്നു. 
ഈജിപ്ത് ടൂറിസ്റ്റ് വിസ, എക്‌സിറ്റ് റീ എൻട്രി വിസ, കോവിഡ്  19 വാക്സിനേഷൻ സർട്ടിഫിക്കറ്റ്, ക്രൂയിസ് ടിക്കറ്റ്, ഈജിപ്തിൽ നിന്നും ജിദ്ദയിലേക്കുള്ള റിട്ടേൺ ഫ്‌ളൈറ്റ് ടിക്കറ്റ്, പാസ്‌പോർട്ട് തുടങ്ങി ആവശ്യമായ രേഖകൾ എല്ലാം പ്രിന്റുകൾ എടുത്ത് ഫയലിലാക്കി ബാക്ക് പാക്ക് ബാഗിൽ കരുതി. പാസ്‌പോര്ട്ട് എപ്പോഴും ബാക്ക് പാക്കിൽ തന്നെയാണ് ഉണ്ടാവാറുള്ളത്. കാരണം വർഷങ്ങളായി എന്റെ യാത്രകളിൽ കൂടെയുള്ളൊരാൾ എന്റെ ബാക്ക് പാക്ക് ബാഗ് മാത്രമാണ്. മൂന്ന് ദിവസത്തിനാവശ്യമായ വസ്ത്രങ്ങളും പ്രാഥമിക ആവശ്യങ്ങൾക്കുള്ള കുറച്ചു സാധനങ്ങളും ബാഗിൽ കരുതി. ക്രൂയിസ് യാത്രക്കുള്ള തയാറെടുപ്പുകളുടെ തുടക്കത്തിലേ മനസ്സിലെപ്പോഴും കടന്നു വന്നിരുന്നത് ടൈറ്റാനിക് സിനിമയും അതിലെ എക്കാലവും എന്നെ ചിരിപ്പിച്ച കുറെ രംഗങ്ങളും ആയിരുന്നു. ഇത് വരെ ധരിക്കാത്ത ഏറ്റവും പുതിയ മൂന്ന് ജോഡി എക്‌സിക്യൂട്ടീവ് വസ്ത്രങ്ങളും ഒരു കോട്ടും ബാഗിൽ കരുതി. സിനിമയിൽ കണ്ട പോലെ അത്തരം ഒരു അവസ്ഥ യഥാർത്ഥ കപ്പലിൽ ഉണ്ടെങ്കിൽ ആ അവസ്ഥ തരണം ചെയ്യാനായി കരുതിയിരുന്നവയായിരുന്നു അവ. വസ്ത്രങ്ങൾ ബാഗിലാക്കുന്നതിനിടെ വരുംവരായ്കകൾ ഓരോന്ന് ആലോചിച്ച് ഉള്ളു നിറഞ്ഞ് ചിരിച്ചുകൊണ്ടിരുന്നു. കാരണം ഒരു വിഐപി സംഘവും അവരുടെ ആവാസ വ്യവസ്ഥയിലും ജീവിത ചുറ്റുപാടിലും എത്തിപ്പെടാനോ എത്തി നോക്കാനോ ഇത് വരെ ആഗ്രഹിക്കുകയോ ശ്രമിക്കുകയോ ചെയ്തിരുന്നില്ല. യാത്രകളിലെപ്പോഴും ഹാഫ് ട്രൗസറും ടിഷർട്ടും തന്നെയാണ് സൗകര്യപ്രദമായ വേഷം എന്ന അഭിപ്രായമാണെനിക്കുള്ളത്. അതാണിഷ്ടപ്പെടുന്നതും. 


ജിദ്ദ ഇസ്‌ലാമിക് പോർട്ടിൽ നിന്നാണ് കപ്പൽ പുറപ്പെടുന്നത്. റൂമിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ചെക്ക് ഇൻ സമയം ഒന്ന് കൂടി നോക്കി ഉറപ്പ് വരുത്തി. പുറപ്പെടുന്ന സമയം രാത്രി 11 മണിയാണ് രേഖപ്പെടുത്തിയിട്ടുള്ളത് എങ്കിലും ചെക്ക് ഇൻ വൈകുന്നേരം 3 മണിക്ക് മുമ്പ് ചെയ്യണം. അത് ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കാരണം വൈകുന്നേരം 4 മണിക്ക് ശേഷം പോർട്ടിലേക്ക് പ്രവേശനമില്ല. അത് പ്രത്യേകം ശ്രദ്ധിക്കണം. കപ്പലിൽ കുറച്ചു നേരത്തെ കയറിയാലും കന്നി യാത്രക്കാർക്ക് അത് നഷ്ടമാവില്ല. 


ഉച്ച തിരിഞ്ഞ് ഒരു മണിക്ക് റൂമിൽ നിന്ന് ഇറങ്ങി. പ്രവാസ ലോകത്തെ അടുത്ത സുഹൃത്തും പഴയ റൂംമേറ്റും സഹപ്രവർത്തകനുമായ ജംഷാദിനെ വിളിച്ചു പോർട്ടിലേക്ക് ആക്കിത്തരാൻ പറഞ്ഞു. മുൻകൂട്ടി ബുക്ക് ചെയ്തിരുന്നില്ലെങ്കിലും സുമനസ്സാലെ  എന്റെ അഭ്യർത്ഥന  അദ്ദേഹം സ്വീകരിച്ചു. കൃത്യസമയത്ത് ജിദ്ദ ഇസ്‌ലാമിക് പോർട്ടിലെത്തി. സൗദി പാരമ്പര്യ വസ്ത്രധാരണത്തിലുള്ള സൗദി യുവാക്കളും എക്‌സിക്യൂട്ടീവ് വേഷധാരിണികളായ നാലഞ്ചു യുവതികളും യാത്രക്കാരെ സ്വീകരിക്കാനായി സജ്ജമായി കവാടത്തിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. സൗദികളുടെ വിശേഷങ്ങളിലെ പാരമ്പര്യ പാനീയമായ ഗാവയും ഈത്തപ്പഴവും നൽകി അവർ എന്നെയും സ്വീകരിച്ചു. തുറമുഖവും കപ്പൽ യാത്രയുമൊക്കെ ആദ്യാനുഭവം ആയത് കൊണ്ട് അവരോടൊപ്പം നിന്ന് ജംഷാദിനെക്കൊണ്ട് ഓരോ ഫോട്ടോയെടുപ്പിച്ചു. നേരത്തെ എത്തിയതുകൊണ്ട് കുറച്ചു നേരം റിലാക്‌സ് ആയിട്ട് പോയാൽ മതി. മൂന്ന് മണിക്കുള്ളിൽ ചെക്ക് ഇൻ ചെയ്യണം. ഏകദേശം അര മണിക്കൂർ കൂടി ബാക്കിയുണ്ട്. രണ്ട് പേരും ഒന്നിച്ചിരുന്ന് ഗാവയൊക്കെ കുടിച്ചു കുറച്ചു നേരം വർത്തമാനം പറഞ്ഞു പോർട്ടിന് പുറത്തു നിന്നു. എന്തേലും ആവശ്യങ്ങളുണ്ടെങ്കിൽ വിളിക്കണം എന്നും പറഞ്ഞ് ജംഷാദ് റൂമിലേക്ക് തിരിച്ചു. ഞാൻ കുറച്ചു നേരം കൂടി തുറമുഖത്തിന്റെ പരിസരം വീക്ഷിച്ച് പുറത്തു തന്നെ നിന്നു. സിഗരറ്റ് വലിക്കാനായി വെള്ളക്കാരായ രണ്ട് കപ്പൽ ജീവനക്കാർ സ്‌മോക് പിറ്റിലെത്തിയത് (പുക വലിക്കാർക്കായി പ്രത്യേകം തയാറാക്കിയ സ്ഥലം) എന്റെ കണ്ണുകളിലുടക്കി. ബാഗിൽ നിന്നും ഒരു സിഗരെറ്റെടുത്ത് കത്തിച്ച് ഞാനും അവരോടൊപ്പം ചേർന്നു. സിഗരറ്റ് വലിക്കുന്നതിലേറെ അവരോട് സംസാരിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. സിഗരറ്റ് കത്തിത്തീരുന്നതിനിടെ കുറച്ചു കുശലാന്വേഷണങ്ങൾ പറഞ്ഞ് അവർ തിരിച്ചുപോയി. ഞാൻ നേരെ ഡിപ്പാർച്ചർ ടെർമിനലിലേക്ക് നടന്നു. വർഷങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു സ്വപ്ന സാക്ഷാത്കാരത്തിലേക്ക് ഇനി ഏതാനും ചുവടുകൾ മാത്രം ബാക്കി. ഡിപ്പാർച്ചർ ടെർമിനലിലേക്ക് നടക്കുമ്പോൾ മനസ്സ് മുഴുവനും സിനിമയിൽ കണ്ട പഴയകാല ടൈറ്റാനിക്കിലെ കാഴ്ചകളായിരുന്നു. ഒട്ടേറെ ആകാംക്ഷയും ഉദ്യോഗവും നിറഞ്ഞതായിരുന്നു  ഈ യാത്ര. 

 

 

Latest News