എടപ്പാള്‍ പീഡനം: പോലീസ് തടിയൂരുന്നു; തീയെറ്റര്‍ ഉടമയ്‌ക്കെതിരായ കേസ് പിന്‍വലിക്കും

മലപ്പുറം- എടപ്പാളിലെ തീയെറ്ററില്‍ ബാലിക പീഡനത്തിരയായ സംഭവം പുറത്തു കൊണ്ടു വന്ന തീയെറ്റര്‍ ഉടമക്കെതിരായ കേസ് പിന്‍വലിക്കാന്‍ തീരുമാനം. തീയേറ്റര്‍ ഉടമ സതീശനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണു പോലീസിന്റെ തെറ്റുതിരുത്തല്‍ നീക്കം. വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ ഡയറക്ടറേറ്റ് ഓഫ് പ്രൊസിക്യൂഷന്‍ അഡ്വ. മഞ്ചേരി ശ്രീധരന്‍ നായിരില്‍ നിന്ന് നിയമോപദേശം തേടിയിരുന്നു. സതീശന്‍ തെളിവു നശിപ്പിക്കുകയോ മറച്ചു വയ്ക്കുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ അദ്ദേഹത്തിനെതിരായ കേസ് നിലനില്‍ക്കുന്നില്ലെന്നാണ് പോലീസിനു ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിച്ച് സതീശനെ കേസില്‍ മുഖ്യസാക്ഷിയാക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. 

തീയെറ്ററിലെ സിസിടിവി കാമറയില്‍ കുടുങ്ങിയ പീഡന ദൃശ്യം പോലീസിനെ അറിയിച്ചില്ലെന്ന കുറ്റം ആരോപിച്ചാണ് സതീശനെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. കേസില്‍  ആദ്യമെ കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയതിന് പഴി കേള്‍ക്കുകയും നടപടി നേരിടുകയും ചെയ്ത പോലീസിന്റെ പ്രതികാര നടപടിയായാണ് സതീശന്റെ അറസ്റ്റ് വിലയിരുത്തപ്പെട്ടത്.
 

Latest News