ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കുന്നതിനായി മാലിന്യ സംസ്‌കരണം സുഗമമാക്കാനുള്ള സമഗ്ര കർമ പദ്ധതി അതിവേഗം നടപ്പിലാക്കുമെന്നാണ് മന്ത്രി പി. രാജീവ് പറയുന്നത്. പുതിയ നിയമങ്ങൾ കൊണ്ടുവരുന്നതിന് പകരം നിലവിലുള്ള നിയമങ്ങൾ ശക്തമാക്കിയാണ് കർമ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതെന്നും അത് ലംഘിക്കുന്നവർക്കെതിരെ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് നിയമം, പരിസ്ഥിതി സംരക്ഷണ നിയമം എന്നിവ പ്രകാരമുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നല്ലത്. എന്നാൽ എത്രയോ കാലമായി നിലനിൽക്കുന്ന ഈ പ്രശ്‌നം പരിഹരിക്കാനുള്ള നടപടിയെടുക്കാത്ത ഭരണകൂടത്തിനെതിരെ ശിക്ഷ നടപടിയെടുക്കുമോ എന്ന വിഷയത്തെ കുറിച്ച് അദ്ദേഹം മൗനിയാണ്.
കേരളത്തിലെ പരിസ്ഥിതി പ്രവർത്തകർ എത്രയോ കാലമായി ആവശ്യപ്പെടുന്നതാണ് ഉറവിട മാലിന്യ സംസ്‌കരണം എന്നത്. പല നഗരങ്ങളിലും നടന്ന പ്രക്ഷോഭങ്ങളെ തുടർന്ന് ഭാഗികമായെങ്കിലും അത് നടപ്പാക്കുന്നുണ്ട്. അതിന്റെ ഗുണം കാണുന്നുമുണ്ട്. എന്നാൽ മാലിന്യത്തിൽ നിന്നു വൈദ്യുതി എന്ന, എവിടെയും കാര്യമായി വിജയിക്കാത്ത പദ്ധതി മുന്നോട്ടുവെച്ച് പരമാവധി മാലിന്യം ബ്രഹ്മപുരത്തെത്തിക്കാനുള്ള നടപടികളാണ് കൊച്ചി കോർപറേഷനും മറ്റു അധികാരികളും സ്വീകരിച്ചത്. പ്രസ്തുത പദ്ധതി ഉദ്ഘാടനം ചെയ്തതു തന്നെ മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നാൽ പദ്ധതി വൻ പരാജയമാണെന്നു തെളിഞ്ഞു. മാത്രമല്ല, മാലിന്യ മലക്ക് പലവട്ടം തീപ്പിടിച്ചു. അതിലേറ്റവും വലുതും അവസാനത്തേതുമാണ് ഇപ്പോൾ നടന്നതെന്നു മാത്രം.
എന്തായാലും ഏപ്രിൽ പത്തിനകം മഴുവൻ വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണം ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നാണ് മന്ത്രി പറയുന്നത്. പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ മാലിന്യമുക്തമായി പ്രഖ്യാപിക്കും. ഇതുമായി ബന്ധപ്പെട്ട് മുഴുവൻ വീടുകളിലും നിയമപരമായ നോട്ടീസ് എത്തിക്കും. ബോധവൽക്കരണവും നടത്തും. എത്ര വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണത്തിനുള്ള സൗകര്യമില്ലെന്ന് മാർച്ച് 17 നകം റിപ്പോർട്ട് നൽകണം. ഇവർക്ക് സൗകര്യമൊരുക്കുന്നതിനുള്ള സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ അതാത് തദ്ദേക സ്ഥാപനങ്ങൾ നൽകണം. തൊഴിലുറപ്പ് തൊഴിലാളികളെയും ഇതിനായി ഉപയോഗിക്കാം. കൃത്യമായി നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുന്നതിനായി എൻഫോഴ്സ്മെന്റ് സ്‌ക്വാഡുകളെ നിയോഗിക്കും. ഏപ്രിൽ പത്തിന് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തും. ഏപ്രിൽ 12 മുതൽ 15 വരെ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ ഫീൽഡ് തലത്തിൽ ചെന്ന് പരിശോധന നടത്തും. ഏപ്രിൽ 30 നകം വിജിലൻസ് സ്‌ക്വാഡുകളും പരിശോധന പൂർത്തിയാക്കും. വീഴ്ച വരുത്തുന്നവർക്കെതിരെ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കും. നടപടിയെടുക്കാത്ത പക്ഷം അതാത് തദ്ദേക സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കെതിരെയും നടപടി സ്വീകരിക്കും. ഫ്ളാറ്റ്, ഗേറ്റഡ് കോളനി എന്നിവയെയും പദ്ധതിയുടെ ഭാഗമാക്കുമെന്നാണ് മന്ത്രിയുടെ വിശദീകരണം.
ഓരോ തദ്ദേക സ്ഥാപനങ്ങളിലും ഹരിത കർമ സേനയുടെ പ്രവർത്തനം ഇല്ലാത്ത വാർഡുകളുടെ കണക്കുകൾ ബന്ധപ്പെട്ട അധികൃതർക്ക് നൽകണമെന്നും കുടുംബശ്രീ വഴി ഒഴിവുകൾ നികത്തണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്. മാർച്ച് 26 മുതൽ 30 വരെ അതാത് തദ്ദേക സ്ഥാപനങ്ങൾ ഇവർക്കു വേണ്ട പരിശീലനം നൽകും. മെയ് ഒന്നോടെ 100 ശതമാനം തരംതിരിച്ച മാലിന്യങ്ങളും ഹരിത കർമ സേന വഴി ശേഖരിക്കും. മാലിന്യങ്ങൾ ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനുമുള്ള മെറ്റീരിയൽ കലക്ഷൻ സെന്ററുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ അടിയന്തരമായി സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇത്തരം പ്രദേശങ്ങളിൽ മാർച്ച് 31 നകം താൽക്കാലിക കലക്ഷൻ സെന്ററുകൾ ഒരുക്കും. മാലിന്യങ്ങൾ അളക്കുന്നതിനുള്ള ത്രാസ്, തരംതിരിച്ച് കയറ്റി വിടുന്ന മാലിന്യത്തിന്റെ കൃത്യമായ കണക്ക് രേഖപ്പെടുത്തുന്നതിനായി വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം എന്നിവ സജ്ജമായിരിക്കണം. സ്വകാര്യ സ്ഥാപനങ്ങൾ മാലിന്യങ്ങൾ എവിടേക്ക് കൊണ്ടുപോകുന്നു എന്ന് കൃത്യമായി നിരീക്ഷിക്കും. ശുചിമുറി മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കണം. ഇവ മാലിന്യ സംസ്‌കരണ പ്ലാന്റിൽ തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഇതിന് ഉപയോഗിക്കുന്ന ലോറികളിൽ ജി.പി.എസ് സംവിധാനം ഘടിപ്പിക്കണം. വലിയ തോതിൽ ശുചിമുറി മാലിന്യങ്ങൾക്ക് കാരണമാകുന്ന ഫ്ളാറ്റുകൾ അപ്പാർട്ട്മെന്റുകൾ തുടങ്ങിയവക്ക് മാലിന്യ സംസ്‌കരണത്തിനുള്ള സൗകര്യം ഏർപ്പെടുത്താൻ ജൂൺ 30 വരെ സമയം നൽകിയിട്ടുണ്ടെന്നും മന്ത്രി പറയുന്നു.
പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരിൽ ഒന്നാം സ്ഥാനത്താണല്ലോ മലയാളികൾ. പൊതുസ്ഥലങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് മെയ് ഒന്നു മുതൽ 10 വരെ പ്രത്യേക പദ്ധതി നടപ്പാക്കുമന്നും അതിനായി ഹരിത കർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ, റസിഡന്റ് അസോസിയേഷനുകൾ, യുവജന ക്ലബുകൾ, എന്നിവയുമായി സഹകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തീർച്ചയായും വൈകിവന്ന വിവേകത്തിന്റെ വാക്കുകളാണ് മന്ത്രിയുടേത്. അപ്പോഴും വൻകിട ഹോട്ടലുകൾ, കല്യാണ ഹാളുകൾ, മറ്റു വൻകിട സ്ഥാപനങ്ങൾ തുടങ്ങിയവയിലെ വൻതോതിലുണ്ടാകുന്ന മാലിന്യങ്ങളെ കുറിച്ച് മന്ത്രി വേണ്ടത്ര ഗൗരവത്തോടെ കാണുന്നുണ്ടോ എന്നത് സംശയമാണ്. മാത്രമല്ല, വളരെ പതുക്കെ നീങ്ങുന്ന ബയോ മൈനിംഗും അതിനേക്കാൾ വേഗത്തിൽ ഇപ്പോഴെത്തുന്ന മാലിന്യങ്ങളും ചേരുമ്പോൾ മാലിന്യമലക്ക് കാര്യമായ ഇടിവുണ്ടാകുമെന്നു തോന്നുന്നില്ല. വികേന്ദ്രീകൃതമായ രീതിയിൽ അതാതു ദിവസമെത്തുന്ന മാലിന്യങ്ങൾ വേർതിരിച്ച് സംസ്‌കരിക്കാനോ ആവശ്യക്കാർക്ക് കൊടുക്കാനോ ഉള്ള സംവിധാനങ്ങൾ ഒരുക്കണം. ചുടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമെന്നു പറയുന്ന പോലെ എത്ര ചെറിയ പ്ലാന്റാണെങ്കിലും തദ്ദേശവാസികൾ എതിർക്കുമെന്നുറപ്പാണ്. ജനവിശ്വാസം തിരിച്ചെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. മാതൃകാപരമായ ഒരു പ്ലാന്റൊരുക്കി ജനവിശ്വാസം തിരിച്ചെടുക്കാതെ ഇതൊന്നും നടക്കാൻ പോകുന്നില്ല എന്നതാണ് വസ്തുത. അതിനിടയിൽ പരോക്ഷമായി മാലിന്യമല കത്തുന്നതിനെ പോലും ന്യായീകരിക്കുന്ന മന്ത്രി രാജേഷിനെ പോലുള്ളവർ കുറെ കൂടി ഉത്തരവാദിത്തം കാണിച്ചേ മതിയാകൂ. ഒപ്പം മൗനിയായിരിക്കുന്ന മുഖ്യമന്ത്രിയും.
ജനാധിപത്യത്തിൽ ജനങ്ങളാണല്ലോ അന്തിമ വിധികർത്താക്കൾ. ഈ വിഷയത്തിലും അങ്ങനെ തന്നെ. അതാകട്ടെ രണ്ടു തരത്തിലാണ്. ഒന്ന് സ്വന്തം മാലിന്യം പരമാവധി സ്വയം സംസ്‌കരിക്കുക എന്നതാണത്. കഴിയാത്തതിനു മാത്രം സർക്കാരിനെ ആശ്രയിക്കുക. രണ്ടാമത്തേത് എപ്പോഴും ഭരണകൂട നടപടികൾക്കെതിരെ ജാഗരൂകരാകുക, ആവശ്യമെങ്കിൽ പ്രക്ഷോഭത്തിനു തയാറാകുക എന്നതാണ്. അക്കാര്യത്തിൽ നിരവധി ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. സംസ്ഥാനത്തെ നിരവധി മേഖലകളിൽ അശാസ്ത്രീയമായ മാലിന്യ നിക്ഷേപത്തിനെതിരെ ജനങ്ങൾ നടത്തിയ സമരങ്ങൾ ഒരു പരിധി വരെയെങ്കിലും വിജയം നേടിയിട്ടുണ്ട്. ചുരുങ്ങിയപക്ഷം പ്രശ്‌നത്തിന്റെ രൂക്ഷത ഏറെ കുറഞ്ഞിട്ടെങ്കിലുമുണ്ട്. മറ്റു വഴികൾ കണ്ടെത്താൻ ഭരണകൂടങ്ങൾ നിർബന്ധിതരായിട്ടുണ്ട്. ലാലൂർ, വിളപ്പിൽശാല, വടവാതൂർ, ഞെളിയൻ പറമ്പ്, ചക്കംകണ്ടം, പെട്ടിപ്പാലം, ചെമ്മട്ടം വയൽ, രാമന്തളി, ചെലോറ, പെരിങ്ങമല തുടങ്ങിയവ ഉദാഹരണങ്ങൾ. എന്നാൽ മെട്രോ നഗരമായതിനാലാകാം കൊച്ചിയിൽ ഈ വിഷയത്തിൽ ശക്തമായ ജനകീയ സമരം നടന്നില്ല. അതിന്റെ ദുരന്തം കൂടിയാണ് ഇപ്പോൾ അനുഭവിക്കുന്നത്.






