Sorry, you need to enable JavaScript to visit this website.

പെട്ടെന്നുള്ള ദേഷ്യത്തിന് വിവാഹമോചനത്തിന് അപേക്ഷ നൽകി സൗദി യുവതി, ഭർത്താവ് എത്തിയത് സമ്മാനങ്ങളുമായി

റിയാദ്- ഭർത്താവിനോട് പെട്ടെന്ന് തോന്നിയ ദേഷ്യത്തിന്റെ പേരിൽ വിവാഹമോചനത്തിന് അപേക്ഷ നൽകി പൊല്ലാപ്പിലായ യുവതിയുടെ കഥ പറയുകയാണ് അഭിഭാഷകൻ സഅദ് അൽ കൽസൂം. ചെറിയ സൗന്ദര്യപിണക്കത്തെ തുടർന്ന് ഭർത്താവുമായുള്ള ബന്ധം വേർപിരിയണമെന്ന് ആവശ്യപ്പെട്ട് സൗദി യുവതി സർക്കാറിന്റെ നാജിസ് പ്ലാറ്റ്‌ഫോമിൽ ഓൺലൈനായി അപേക്ഷ നൽകുകയായിരുന്നു. പിണങ്ങി വീട്ടിൽനിന്ന് ഭർത്താവു പുറത്തുപോയ ഉടൻ യുവതി നാജിസ് ഓൺൈലനിലൂടെ അപേക്ഷ നൽകുകയായിരുന്നു. ഭർത്താവിൽ  നിന്ന് അടിയന്തിരമായി വിവാഹമോചനം ആവശ്യപ്പെട്ടാണ് നാജിസ് വഴി സൗദി വിവാഹകോടതിയിൽ കേസ് ഫയൽ ചെയ്തത്. എന്നാൽ വീട്ടിൽ നിന്നും പുറത്ത് പോയ ഭർത്താവ് തിരിച്ചെത്തിയത് യുവതിക്കുള്ള സമ്മാനങ്ങളുമായിട്ടായിരുന്നു. ഇരുവർക്കുമിടയിലെ പ്രശ്‌നം രഞ്ജിപ്പിലെത്തിയതോടെ താൻ നൽകിയ വിവാഹമോചന കേസ് പിൻവലിക്കുന്നതെങ്ങനെയെന്നറിയാൻ യുവതി തന്നെ ബന്ധപ്പെടുകയായിരുന്നുവെന്ന് സൗദി വക്കീൽ സഅദ് അൽ കൽസൂം ടിക് ടോക് വീഡിയോയിൽ വിശദീകരിച്ചു. കോടതി ഫയലിൽ സ്വീകരിച്ച കേസ് ഓൺലൈനായി പിൻവലിക്കാൻ പറ്റില്ലെന്നും കോടതി വിളിപ്പിക്കുന്ന സമയത്ത് ഹാജരായി ഇരുവരും വിവാഹ ബന്ധം തുടരാനുള്ള സന്നദ്ധത അറിയിച്ചാൽ കേസ് കോടതി തന്നെ അവസാനിപ്പിക്കുമെന്നും സഅദ് അൽ കൽസൂം ഉപദേശം നൽകി. എന്നാൽ  താൻ നൽകിയ കേസ്  ഭർത്താവ് അറിയാനിടയായാൽ വിവാഹമോചന ആവശ്യം ഭർത്താവ് നടപ്പാക്കുമോ എന്ന ആശങ്കയിലാണ് യുവതി.വിവാഹവും വിവാഹമോചനവുമൊന്നും ഒരു നിമിഷത്തിൽ ചാടിയെടുക്കേണ്ട തീരുമാനമല്ലെന്നും വിവാഹ ബന്ധം ദൃഢമായി നിലനിൽക്കാൻ ക്ഷമയും വിവേകവും ആവശ്യമാണെന്നും അൽകൽസൂം യുവതിയെ ഉപദേശിച്ചു.


 

Latest News