വളപട്ടണം പോലീസ് സ്റ്റേഷനിൽ വാഹനത്തിന് തീയിട്ട കേസ്; ഗുണ്ട ചാണ്ടി ഷമീം അറസ്റ്റിൽ

- പ്രതിയുടെ ആക്രമണത്തിൽ രണ്ടു പോലീസുകാർക്ക് പരുക്ക്

കണ്ണൂർ - വളപട്ടണം പോലീസ് സ്റ്റേഷൻ വളപ്പിൽ വാഹനങ്ങൾ കൂട്ടമായി കത്തിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട ചാണ്ടി ഷമീമിനെ പോലീസ് പിടികൂടി. കുതറി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിയുടെ ആക്രമണത്തിൽ രണ്ടു പോലീസുകാർക്ക് പരിക്കേറ്റു. ചിറക്കൽ പുഴാതിയിലെ ഒരു കെട്ടിടത്തിൽ നിന്നാണ് മയക്കുമരുന്ന് ഗുണ്ടാ കേസുകളിലെ പ്രതിയായ ഷമീമിനെ പിടികൂടിയത്. 
 വിവിധ കേസുകളിലായി വളപട്ടണം സ്റ്റേഷൻ കോമ്പൗണ്ടിൽ പിടിച്ചിട്ട   അഞ്ച് വാഹനങ്ങളാണ് ഇന്ന് പുലർച്ചെ കത്തിച്ചാമ്പലാക്കിയത്. ഒരു ജീപ്പും കാറും ബുള്ളറ്റും പൂർണമായും അഗ്നിക്കിരയായപ്പോൾ ഒരു സ്‌കൂട്ടറും കാറും ഭാഗികമായി കത്തി നശിച്ചു. സ്റ്റേഷനിലെ സി.സി.ടി.വി. ക്യാമറയിലെ ദൃശ്യങ്ങളും മറ്റു സാഹചര്യ തെളിവുകളുമാണ് പ്രതിയിലേക്ക് കാര്യങ്ങളെത്തിച്ചത്. വാഹനങ്ങൾക്ക് മനപ്പൂർവ്വം തീയിട്ടതാണെന്നും ഇതിന് പിന്നിൽ കാപ്പാ കേസ് പ്രതി ചാണ്ടി ഷമീമാണെന്നും പോലീസ് സംശയിച്ചിരുന്നു. 
 ഷമീമിന്റെ സഹോദരൻ ഷംസീനിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ പേരിൽ ഇയാൾ പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കുകയും കയ്യേറ്റ ശ്രമം നടത്തുകയും ചെയ്തിരുന്നു.
 

Latest News