തന്റെ മുഖം കണ്ട് ഇ. ഡി അദാനിയെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടാവുമെന്ന് തേജസ്വി യാദവിന്റെ പരിഹാസം

പറ്റ്‌ന- റെയില്‍വേയിലെ തൊഴില്‍ അഴിമതിയുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തെ പരിഹസരിച്ച് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രംഗത്തെത്തി. തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഇ. ഡി തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

തന്നേയും കുടുംബത്തേയും നശിപ്പിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് ആരോപിച്ച തേജസ്വി യാദവ് അദാനിക്കെതിരെ തെളിവുകള്‍ ലഭിച്ചിട്ടും അന്വേഷണം പ്രഖ്യാപിക്കാന്‍ മോഡി തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തി. നൂറു കോടിയുടെ കണക്ക് പറയുന്നതിന് മുമ്പ് എട്ടായിരം കോടിയുടെ കണക്കാണ് പരിശോധിക്കേണ്ടത്. 2017ലും ഇതേപോലെ പരിശോധനയുമായി ഇവര്‍ രംഗത്തെത്തിയിരുന്നുവെന്നും എന്നിട്ടെന്തായെന്നും അദ്ദേഹം ചോദിച്ചു. തന്റെ വീട്ടില്‍ നിധി കുഴിച്ചിട്ടിട്ടുണ്ടെന്നാണ് പറച്ചില്‍ കേട്ടാല്‍ തോന്നുകയെന്നും അവര്‍ക്ക് വേണ്ടത് അവര്‍ ചെയ്യട്ടെയെന്നും പറഞ്ഞ തേജസ്വി തങ്ങള്‍ക്ക് പറ്റുന്നത് തങ്ങളും ചെയ്യാമെന്നും പറഞ്ഞു. 

തന്റെ മുഖം കണ്ടിട്ട് അവര്‍ അദാനിയാണെന്ന് അവര്‍ തെറ്റിദ്ധരിച്ചെന്നാണ് തോന്നുന്നതെന്ന് തേജസ്വി യാദവ് പരിഹസിച്ചു. തങ്ങള്‍ക്കെതിരെ കള്ളക്കഥകളുണ്ടാക്കി നാടുമുഴുവന്‍ പറഞ്ഞു നടക്കാനാണ് ശ്രമിക്കുന്നത്. തെളിവുകളുണ്ടെങ്കില്‍ കണക്ക് പുറത്തുവിടട്ടെയെന്നും റെയില്‍വേ കഥ എത്ര കാലമായി പറഞ്ഞു നടക്കുന്നുവെന്നും പുതിയ കഥയൊന്നും കയ്യിലില്ലേയെന്നും അദ്ദേഹം ചോദിച്ചു.

Latest News