തിരുവനന്തപുരം- ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീയണയ്ക്കാൻ പരിശ്രമിച്ച അഗ്‌നിരക്ഷാസേനക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. തീയണയ്ക്കുന്നതിന് കൃത്യമായ മാർഗമാണ് ഉപയോഗിച്ചതെന്നും ഇതിന് പരിശ്രമിച്ച ജീവനക്കാർക്കും അഭിനന്ദനം നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഗ്‌നിരക്ഷാസേനയോടു ചേർന്നു പ്രവർത്തിച്ച ഹോംഗാർഡ്‌സ്, സിവിൽ ഡിഫൻസ് വൊളന്റിയർമാർ എന്നിവരുടെ ത്യാഗപൂർണമായ പ്രവർത്തനം പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. അവരോടൊപ്പം പ്രവർത്തിച്ച ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്‌സ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ബിപിസിഎൽ, സിയാൽ, പെട്രോനെറ്റ് എൽഎൻജി, ജെസിബി പ്രവർത്തിപ്പിച്ച തൊഴിലാളികൾ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്.
വിശ്രമരഹിതമായ ഈ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും വിവിധ വകുപ്പുകളെയും അഭിനന്ദനം അറിയിക്കുന്നു. തുടർപ്രവർത്തനങ്ങൾ കൃത്യമായ ഏകോപനത്തോടെ നടത്തുകയും അവശ്യമായ വിദഗ്‌ധോപദേശം സ്വീകരിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താ കുറിപ്പിൽ അറിയിച്ചു.