VIDEO ഓസ്‌കര്‍ വേദിയില്‍ ചൊറിയുന്ന ചോദ്യം, ഉത്തരം മനോഹരമാക്കി മലാല

ലോസ് ആഞ്ചലസ്-  ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങിനിടെ അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്‍ ജിമ്മി കിമ്മലിന്റെ വിചിത്രമായ ചോദ്യം നേരിട്ട് നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായി. ചോദ്യം അപ്രതീക്ഷിതവും വിചിത്രവുമായിരുന്നെങ്കിലും മനോഹരമായ മറുപടി നല്‍കിയ മലാലക്ക് എല്ലാ കോണുകളില്‍നിന്നും അഭിനന്ദനങ്ങള്‍.
ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 'സ്‌ട്രേഞ്ചര്‍ അറ്റ് ദ ഗേറ്റ്' ന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്ന നിലയിലാണ് മലാല അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തത്.
ചടങ്ങിനിടെ കിമ്മല്‍ മലാല യൂസഫ്‌സായിയെ സമീപിച്ച് 'ജോവാന്‍' എന്ന ആരാധകന്റെ ചോദ്യം വായിക്കുകയായിരുന്നു. ഗായകന്‍ ഹാരി സ്‌റ്റൈല്‍സിന്റെയും ഹോളിവുഡ് താരം ക്രിസ് പൈന്റെയും 2022 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നടന്ന സ്പിറ്റ്‌ഗേറ്റ്' സംഭവത്തെക്കുറിച്ചായിരുന്നു ചോദ്യം.
മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള മലാലയുടെ  പ്രവര്‍ത്തനങ്ങള്‍ പ്രചോദനമാണെന്ന മുഖവുരയോടെയായിരുന്നു ചോദ്യം.   ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നോബല്‍ സമ്മാന ജേതാവ് എന്ന നിലയില്‍, ഹാരി സ്‌റ്റൈല്‍സ് ക്രിസ് പൈനിനെ തുപ്പിയതായി നിങ്ങള്‍ കരുതുന്നുണ്ടോ? കിമ്മല്‍ ചോദിച്ചു.
ഞാന്‍ സമാധാനത്തെക്കുറിച്ചു മാത്രമേ സംസാരിക്കൂ- പ്രത്യക്ഷത്തില്‍ അസ്വസ്ഥയായി കാണപ്പെട്ട മലാല  യൂസഫ്‌സായി പ്രതികരിച്ചു.
ഇതാണ് ഏറ്റവും മഹത്തായ ഉത്തരമെന്നും അതുകൊണ്ടാണ് നിങ്ങള്‍ മലാലയതെന്നുമായിരുന്നു തുടര്‍ന്ന് കിമ്മലിന്റെ പ്രതികരണം. സംഭവത്തെക്കുറിച്ചുള്ള വീഡിയോ മലാല യൂസഫ്‌സായി പിന്നീട് തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പങ്കിട്ടു. ആളുകളോട് ദയയോടെ പെരുമാറുകയെന്നാണ്  25കാരി വീഡിയോക്ക് അടിക്കുറിപ്പ് നല്‍കിയത്. ഇതിനു പിന്നാലെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കിമ്മലിനെ വിമര്‍ശിച്ചു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്ന മലാല 2012 ഒക്‌ടോബറില്‍ താലിബാന്‍ നടത്തിയ വെടിവെപ്പില്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

 

Latest News