Sorry, you need to enable JavaScript to visit this website.
Wednesday , March   22, 2023
Wednesday , March   22, 2023

ഓഹരി ഇൻഡക്‌സുകൾ അടുത്ത തകർച്ചയുടെ വക്കിലെന്ന് ആശങ്ക

ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ അടുത്ത തകർച്ചക്കുള്ള ഒരുക്കത്തിലോയെന്ന ആശങ്കയിലാണ് നിക്ഷേപകർ. നിഫ്റ്റിക്ക് പിന്നിട്ട രണ്ടാഴ്ചകളിൽ സൂചിപ്പിച്ച 17,255 പോയന്റിലെ താങ്ങ് നിലനിർത്തുന്നതിൽ സംഭവിച്ച വീഴ്ച വിരൽ ചൂണ്ടുന്നതും ബുൾ ഇടപാടുകരുടെ ആത്മവിശ്വാസത്തിന് മങ്ങലേറ്റുവെന്നാണ്. അവസരം നേട്ടമാക്കി മാറ്റാനാവുമെന്ന പ്രതീക്ഷയിലാണ് വിൽപനക്കാർ. നിഫ്റ്റി 181 പോയന്റും സെൻസെക്‌സ് 673 പോയന്റും കഴിഞ്ഞ വാരം ഇടിഞ്ഞു. നിഫ്റ്റി രണ്ട് ശതമാനത്തിന് തളർന്നു. 
സാമ്പത്തിക വർഷാന്ത്യമായതിനാൽ  ബാധ്യതകൾ കുറക്കാൻ ഒരു വിഭാഗം ഓപറേറ്റർമാർ തിടുക്കം കാണിക്കാം. മാർച്ച് ആദ്യവാരം നിഫ്റ്റിക്ക് 17,600 ന് മുകളിൽ ഇടം കണ്ടത്താനാവാതിരുന്നത് ദുർബലാവസ്ഥക്ക് ഇടയാക്കുമെന്ന് പോയ വാരത്തിലെ വിലയിരുത്തൽ ശരിവെക്കുന്ന കാഴ്ചകളാണ് പിന്നീട് കണ്ടത്. 17,594 ൽ നിന്നും ആഭ്യന്തര വിദേശ ഫണ്ടുകളുടെ കരുത്തിൽ 17,800 ലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾക്ക് അൽപായുസ്സ് മാത്രമായിരുന്നു. വാരത്തിന്റെ രണ്ടാം പകുതിയിലെ വിൽപന തരംഗം നിഫ്റ്റി 17,324 വരെ തളർത്തി, വ്യാപാരം അവസാനിക്കുമ്പോൾ സൂചിക 17,412 ലാണ്. നിഫ്റ്റിക്ക് ഈ വാരം 17,224 പോയന്റും 17,036 പോയന്റും നിർണായകം. മാർക്കറ്റ് ക്ലോസിങിൽ ഈ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 16,850 ലേക്ക് ദുർബലമാകാം. സൂചികയുടെ മറ്റു സാങ്കേതിക ചലനങ്ങളും ദുർബലാവസ്ഥയിലാണ്.
സെൻസെക്‌സ് തുടക്കത്തിൽ 59,800 ൽ നിന്നും 60,500 നെ ലക്ഷ്യമാക്കി നടത്തിയ മുന്നേറ്റം പ്രദേശിക നിക്ഷേപകരെ വാങ്ങലുകാരാക്കി. മുൻവാരം സൂചന നൽകിയതാണ് പ്രദേശിക ഇടപാടുകാരെ വലയിലാക്കാൻ വിദേശ ഓപറേറ്റർമാർ അനുകൂല ചുവടുവെപ്പുകൾ നടത്താൻ ഇടയുണ്ടെന്ന കാര്യം. എന്തായാലും ഉണർവിനിടയിൽ വിദേശ ഫണ്ടുകൾ കളം മാറി ചവിട്ടിയതോടെ സൂചിക 58,884 ലേക്ക് തളർന്ന ശേഷം ക്ലോസിങിൽ 59,135 പോയന്റിലാണ്. ഈ വാരം സെൻസെക്‌സ് 58,516 ലെ ആദ്യ സപ്പോർട്ട് നിലനിർത്തി 61,122 ലേക്ക് തിരിച്ചുവരവിനുള്ള ശ്രമം പരാജയപ്പെട്ടാൽ സ്വാഭാവികമായും 57,897 റേഞ്ചിലേക്ക് സൂചിക സഞ്ചരിക്കാൻ നിർബന്ധിതമാകും.   
മുൻനിര ബാങ്കിംഗ് ഓഹരികളായ എസ് ബി ഐ, ഇൻഡസ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവക്ക് തിരിച്ചടി നേരിട്ടു. ഇൻഫോസീസ്, വിപ്രോ, റ്റി സി എസ്, എച്ച് സി എൽ ടെക്, എച്ച് യു എൽ, ആർ ഐ എൽ തുടങ്ങിവക്കും തളർച്ച. 
അമേരിക്കയിൽ സിലിക്കൺവാലി ബാങ്കിന്റെ പാപ്പരത്തത്തെക്കുറിച്ചുള്ള വാർത്തകൾ ഇന്ത്യൻ മാർക്കറ്റിനെ പ്രകമ്പനം കൊള്ളിച്ചു. ബാങ്കിംഗ് ഓഹരികളെയാണ് ഇത് ബാധിച്ചത്. അമേരിക്ക, യൂറോപ്യൻ മാർക്കറ്റുകളെ സിലിക്കൺവാലി ബാങ്കിംഗ് തകർച്ച വൻ ആഘാതം സൃഷ്ടിക്കും. വിനിമയ വിപണിയിൽ  രൂപക്ക് ചാഞ്ചാട്ടം. ഡോളറിന് മുന്നിൽ രൂപ 81.97 ൽ നിന്നും 82.29 ലേയ്ക്ക് തളർന്ന ശേഷം 81.57 ൽ ശക്തി പ്രാപിച്ചെങ്കിലും വാരാന്ത്യം 82.03 ലാണ്. രണ്ടാഴ്ചയായി 82.63 പ്രതിരോധം സൃഷ്ടിച്ച് രൂപ ശക്തി കൈവരിക്കുകയാണ്. 
ഇന്ത്യൻ രൂപയിൽ വിദേശ വ്യാപാരം സുഗമമാക്കാൻ എട്ട് രാജ്യങ്ങൾ പ്രത്യേക റുപ്പി വോസ്‌ട്രോ അക്കൗണ്ട് തുറന്നു. സെപ്റ്റംബറോടെ ഇവ സജീവമാകും. ഡോളറിനെ ഒഴിവാക്കി ഇന്ത്യയുമായി രൂപയിൽ വ്യാപാരങ്ങൾക്ക് കൂടുതൽ രാജ്യങ്ങൾ താൽപര്യം കാണിച്ചാൽ ദീർഘ കാലയവിൽ രൂപ 75 ലേക്ക് ശക്തി പ്രാപിക്കാം. 
ക്രൂഡ് ഓയിൽ ബാരലിന് 80 ഡോളറിൽ നിന്നും 74.90 ലേക്ക് തളർന്ന ശേഷം 76.63 ഡോളറിലാണ്.    സ്വർണത്തിൽ ഉടലെടുത്ത നിക്ഷേപ താൽപര്യം ഔൺസിന് 1857 ഡോളറിൽ നിന്നും 1868 ലേക്ക് ഉയർത്തി. സാങ്കേതികമായി വീക്ഷിച്ചാൽ 1871 ലെ തടസ്സം പ്രതിരോധം തകർത്താൽ 1885-1904 ഡോളർ വരെ മുന്നേറാം. അമേരിക്കൻ ബാങ്കിംഗ് മേഖലയിലെ തകർച്ചയാണ് സ്വർണത്തിന് കരുത്ത് പകർന്നത്. 

Latest News