Sorry, you need to enable JavaScript to visit this website.

കാർഷിക കേരളം വെന്തുരുകുന്നു; സർക്കാർ ഇടപെടൽ അനിവാര്യം

കാർഷിക കേരളം വെന്തുരുകുന്നു, വിദേശ യാത്രയിൽ അംഗമാകാൻ കഴിയാതിരുന്ന കൃഷി വകുപ്പിന്റെ തലപ്പത്തിരിക്കുന്നവരുടെ പ്രതിഷേധം കാർഷിക മേഖലയോട്. പ്രതികൂല കാലാവസ്ഥയിൽ മുഖ്യ ഉൽപന്നങ്ങളെ തഴഞ്ഞ് തോട്ടങ്ങളിൽ നിന്നും കർഷകർ പിൻവലിഞ്ഞു. വേനൽ അവസാനിക്കുമ്പോൾ പല സുഗന്ധവ്യഞ്ജന തോട്ടങ്ങളും കരിഞ്ഞ് ഉണങ്ങും. കുരുമുളകിൽ നേരിയ മുന്നേറ്റം. കൊപ്ര സംഭരണത്തിന് കേന്ദ്രം അനുമതി നൽകി. സ്വർണ വിലയിൽ വൻ കുതിപ്പ്.  
രാജ്യത്ത് വേനൽ കടുക്കുകയാണ്. വർഷത്തിന്റെ രണ്ടാം പകുതിയിൽ കാർഷികോൽപാദനം കുറയുമെന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല. കർണാടകയും തമിഴ്‌നാടും ഉഷ്ണ തരംഗത്തിലേയ്ക്ക് വഴുതുമ്പോൾ കേരളം വെന്ത് ഉരുകുമെന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കും. കാർഷിക മേഖലക്ക് മുന്നിലുള്ള വൻ പ്രതിസന്ധിയെ മറികടക്കാൻ യുദ്ധകാലടിസ്ഥാനത്തിൽ ഉണർന്ന് പ്രവർത്തിക്കാൻ സർക്കാർ മുന്നോട്ട് വരേണ്ട സമയാണ്.    
സുഗന്ധവ്യഞ്ജനങ്ങൾ വരൾച്ചയ്ക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ ഏറെ ക്ലേശിക്കേണ്ടിവരും. കാർഷിക മേഖലയ്ക്ക് ആവശ്യമായ ജലസേചന സൗകര്യങ്ങൾ ഒരുക്കാൻ കൃഷി വകുപ്പ് അമാന്തിച്ചു നിന്നാൽ കുരുമുളക്, ഏലം തുടങ്ങി ആഭ്യന്തര വിദേശ വിപണികളിൽ പ്രിയമേറിയ നമ്മുടെ ഉൽപന്നങ്ങൾ കടുത്ത പ്രതിസന്ധിലാവും. അതിൽ നിന്നുള്ള തിരിച്ചുവരവിന് വർഷങ്ങൾ തന്നെയും വേണ്ടിവരാം. 1981-82 കാലയളവിൽ കേരളം അഭിമുഖീകരിച്ച  വരൾച്ചയിലും കനത്തതാവും ഇക്കുറി. എൽനിനോ പ്രതിഭാസം തെക്ക് പടിഞ്ഞാറൻ കാലവർഷത്തിന്റെ രണ്ടാം പകുതിയെ ദുർബലമാക്കാം. രാജ്യത്ത് ഫെബ്രുവരിയിൽ തന്നെ പകൽ താപനില 122 വർഷത്തെ ഉയർന്ന തലം കണ്ടു. വേനൽ മഴ ഇനിയും കടന്നുവന്നിട്ടില്ല. ശ്രീലങ്കൻ തീരത്ത് മഴ മേഘങ്ങളുണ്ടെങ്കിലും അവയും കേരളത്തെ തുണുപ്പിക്കാൻ മാത്രം ശക്തമല്ലെങ്കിലും മാസത്തിന്റെ രണ്ടാം പകുതിയിൽ മഴമേഘങ്ങൾ കേരളത്തിന് മുകളിൽ കുടപിടിക്കാം. 
ഇടുക്കി, വയനാട്, പത്തനംതിട്ട ഭാഗങ്ങളിലേക്ക് കൃഷി വകുപ്പിന്റെ ശ്രദ്ധ പതിയേണ്ട അവസരമാണ്. കുരുമുളകും ഏലവും കാപ്പിയും കൊക്കോയും സമ്മാനിക്കുന്ന ഈ മേഖലയിലെ കർഷകർക്ക് മുന്നിലുള്ള മാസങ്ങളിൽ പിടിച്ചു നിൽക്കണമെങ്കിൽ ജലസേചന സൗകര്യം ഒരുക്കുന്ന കാര്യത്തിൽ ഭരണ യന്ത്രങ്ങൾ തീരുമാനങ്ങൾക്ക് അമാന്തിച്ച് നിൽക്കരുത്. 
പുതുക്കിയ താങ്ങുവിലയ്ക്ക് കൊപ്ര സംഭരണം നടത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് അനുമതി നൽകി. ഇക്കുറി കൊപ്രയുടെ താങ്ങുവില 10,860 രൂപയാണ്. കൊച്ചി വിപണി വിലയാവട്ടെ 8450 രൂപയും. ഉൽപാദകർ സംഭരണ ഏജൻസിക്ക് ചരക്ക് കൈമാറിയാൽ വിപണി വിലയേക്കാൾ ക്വിന്റലിന് 2410 രൂപ അധികം ലഭിക്കും. എന്നാൽ കേന്ദ്ര പ്രഖ്യാപനം പുറത്തു വന്നിട്ടും ഇത് സംബന്ധിച്ച് സംസ്ഥാന കൃഷി വകുപ്പ് കർഷകർക്ക് അനുകൂല നിർദേശങ്ങൾ പുറത്തു വന്നിട്ടില്ല.   
കുരുമുളക് വിലയിൽ നേരിയ ഉണർവ്. അന്തർസംസ്ഥാന വാങ്ങലുകാർ വിപണിയിൽ താൽപര്യം കാണിച്ചതോടെ നിരക്ക് ക്വിന്റലിന് 200 രൂപ വർധിച്ചു. ഉത്തരേന്ത്യയിൽ നിന്നുള്ള കറിമസാല പൗഡർ യൂനിറ്റുകൾ ചരക്ക് ശേഖരിച്ചു. 48,700 ൽ വിൽപന ആരംഭിച്ച അൺ ഗാർബിൾഡ് കുരുമുളക്  വാരാന്ത്യം 48,900 ലാണ്. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ നിരക്ക് ടണ്ണിന്  6450  ഡോളർ. 
സീസൺ അവസാനിച്ചതോടെ ഏലം കർഷകർ തോട്ടങ്ങളിൽ നിന്നും  പിൻമാറിയതിനാൽ ലേലത്തിന് എത്തുന്ന പുതിയ ചരക്ക് വരവ് കുറഞ്ഞു. അടുത്ത സീസണിനായുള്ള കൃഷിപ്പണിയിലേക്ക് കർഷകർ ശ്രദ്ധ തിരിച്ചു. വരൾച്ച രൂക്ഷമായതിനാൽ  ജലസേചന സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങൾ. വാരാന്ത്യം നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ കിലോ 2496 രൂപയിലും ശരാശരി  ഇനങ്ങൾ 1502 രൂപയിലുമാണ്. 
കേരളത്തിൽ സ്വർണ വിലയിൽ ശ്രദ്ധേയമായ ചാഞ്ചാട്ടം. പവൻ 41,480 രൂപയിൽ നിന്നും 40,720 ലേക്ക് വാരമധ്യം ഇടിഞ്ഞു. ഇതിനിടയിൽ രാജ്യാന്തര മാർക്കറ്റിൽ നിക്ഷേപകർ സംഘടിതമായി പിടിമുറുക്കിയതോടെ സംസ്ഥാനത്ത് പവൻ 41,120 ലേയ്ക്കും ശനിയാഴ്ച 600 രൂപ വർധിച്ച് 41,720 രൂപയായും ഉയർന്നു. ഗ്രാമിന് വില 5215 രൂപയായി. 

Latest News