കൊച്ചു കൊച്ചു സന്തോഷങ്ങൾ

'ആനയെ കണ്ട് ആട് ശ്വാസം പെരുക്കുന്നതു പോലെ' എന്നു താരതമ്യം പറഞ്ഞാൽ, ഈ ദുനിയാവിൽ ഒരാൾ പോലും യോജിക്കുകയില്ല. വല്യേട്ടൻ പാർട്ടി ആനയും കെ.പി.സി.സി വെറും 'അജ'വുമെന്നോ? നിങ്ങൾക്കു ഭ്രാന്താണ് എന്നു പ്രതികരിക്കാൻ വരട്ടെ,' വായിൽ കൊള്ളാത്ത പദ്ധതികളും ലോകത്തെങ്ങുമില്ലാത്ത ശമ്പളവുമൊക്കെ നൽകി ചിന്ത സ്വപ്നമാരെ കൊണ്ടുനടന്ന പാർട്ടി പിന്നെന്താ കുഴിയാനയാണോ? ഒപ്പത്തിനൊപ്പം നിൽക്കണമല്ലോ! അതിനാണ് മുൻ ദേശീയ പാർട്ടിയും 'ലെവി' സമ്പ്രദായം നടപ്പിലാക്കുന്നത്. പണ്ട് 'നെല്ല്' ആയിരുന്നു ലെവി. കാലം എന്നേ മാറി. കഞ്ഞി കുടിക്കണമെങ്കിൽ അരി ആന്ധ്രയിൽ നിന്നു വരണം. ഇവിടെ പാടത്ത് കോൺക്രീറ്റ് വനങ്ങളും റബർ തോട്ടവും മത്തനും ഏത്ത വാഴയുമാണിപ്പോൾ നാട്ടുനടപ്പ്.


കോൺഗ്രസ് ലെവി നിശ്ചയിച്ചാൽ ആര് പിരിക്കും ആര് കൊടുക്കും എന്ന കാര്യം സമയം പോക്കാൻ ചിന്താവിഷയമാണ്. സംഗതി അടയ്ക്കാത്തവന്റെ കഴുത്തിനു പിടിച്ചു പുറത്താക്കുന്ന ബ്രിട്ടീഷ് സമ്പ്രദായം വല്യേട്ടനു കൊച്ചേട്ടനും കർശനമായി പാലിക്കുന്നതുകൊണ്ട് രണ്ടു മൂന്നു സംസ്ഥാനങ്ങളിലെങ്കിലും ചെങ്കൊടി കൃത്യമായി പൊങ്ങുന്നുണ്ട്. അപ്പോൾ 'ലെവി' എന്നാൽ പഴയ കപ്പം എന്നാണ് സുന്ദര മലയാളം. പക്ഷേ കോൺഗ്രസിന്റെ ലെവി കർശനമാക്കിയാൽ പിന്നെ ആരൊക്കെ ഖദർമുണ്ടും ഷർട്ടും ധരിക്കുമെന്ന കാര്യം കണ്ടറിയണം. മുമ്പ് വീക്ഷണത്തിനും കെ.പി.സി.സി ഭവന നിർമാണത്തിനും എന്തിനേറെ കെ. കരുണാകരൻ സ്മാരകത്തിനു വരെ പിരിച്ച 'ഫണ്ടു'കൾ ഭസ്മമായിപ്പോയ കഥകൾ ഇന്നും പാണന്മാരും പാണിനിമാരും പറഞ്ഞു നെഞ്ചുവിരിച്ചു നടന്ന കാലമുണ്ടായിരുന്നു. ഇന്ന് വിരിക്കുന്നതിനു മുമ്പ് പല തവണ പിന്തിരിഞ്ഞു നോക്കണം; കൂടെ ആരെങ്കിലുമുണ്ടോ എന്നറിയുവാൻ. ഒരു വാർഡ് പോലും പുനഃസംഘടിപ്പിക്കുന്ന കാര്യം പാഴൂരിൽ പോയാലും തിരിയാത്ത അവസ്ഥ. എന്നും തിരുനക്കരെ തന്നെ കിടക്കുന്ന വഞ്ചിയെ എന്തു ചെയ്യണമെന്നു ദില്ലിവാലകൾക്കു പോലും അറിയില്ല. പണ്ട് ഞണ്ടുകൾ കൂട്ടം ചേർന്ന കഥയാണ് ഇന്നും പ്രസക്തം. കാലുകൾ വേണ്ടത്ര ഉണ്ടായിട്ടും വശങ്ങളിലേക്കാണ് നടക്കുന്നതെന്ന് നാട്ടുകാർ പരിഹസിക്കുന്നു. അതുകൊണ്ട് ഇനിമേൽ നാം ഒന്നിച്ചു മുന്നോട്ടു നീങ്ങാൻ തീരുമാനിച്ചിരിക്കുന്നു. യോഗശേഷം എല്ലാ ഞണ്ടുകളും വശങ്ങളിലേക്കു തന്നെ മെല്ലെ നടന്നു! ലോക്കൽ പുനഃസംഘടനയും ലെവിയും പോലെ ഇനിയും ചിരിക്കാനുള്ള വക തന്നു സഹായിക്കണേ എന്നാണ് അഭ്യർഥന.


****                         ****                         ****


എപ്പോഴും പ്രസന്നനാണ് എം.വി. ഗോവിന്ദൻ. കുഞ്ഞുങ്ങളുടേതു പോലെ നിഷ്‌കളങ്കമായി ചിരിക്കുന്ന മുഖം. അതു കണ്ടാൽ അതു കണ്ടാൽ, പാർട്ടിയിലെന്നല്ല, കേരളത്തിൽ പോലും യാതൊരു പ്രശ്‌നങ്ങളും സംഘർഷങ്ങളുമില്ലെന്ന് ആർക്കും തോന്നിപ്പോകും.
സംസ്ഥാനത്തിന്റെ നാലതിരുകളിലും സഖാവിന്റെ വലിയ ഫള്ക്‌സ് ബോർഡ് നാട്ടുന്നത് വലിയൊരു ടൂറിസ്റ്റ് ആകർഷണമായിരിക്കുമെന്ന് നേർബുധ്യാ അഭിപ്രായമുള്ളവരുണ്ട്. ഇന്ത്യയിൽ 'സന്തോഷ'മുള്ള ഒരേയൊരു നാട് കേരളമാണെന്നു കൂടി അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു. ആനന്ദലബ്ധിക്കിനിയെന്തു വേണം! 20 വർഷത്തിനകം കേരളം വികസിത രാജ്യങ്ങൾക്കൊപ്പം എത്തും. അതിന് എൽ.ഡി.എഫ് ഭരിക്കണമെന്നു മാത്രം! സംസ്ഥാനത്തെ ഒരു രാജ്യമായി പ്രഖ്യാപിച്ചു കളയുമോ എന്നും ശങ്കിക്കണം. ലോകത്ത് ഏറ്റവുമധികം 'സന്തോഷം' ഉള്ള രാജ്യം ഫിൻലാൻഡ് ആണെന്ന് യു.എൻ റിപ്പോർട്ടുകൾ. അവിടെ ജനസംഖ്യ ചരുരശ്ര കിലോ മീറ്ററിന് 16.4 ശതമാനം മാത്രം. സ്വന്തം ആവശ്യം കഴിഞ്ഞ് സന്തോഷം മറിച്ചു വിൽക്കാനുളള അധികശേഖരം പോലും ഉണ്ടാകും. കേരളത്തിലാകട്ടെ ച.കി. മീറ്റിന് 859 ആണ്. സന്തോഷം ലോക നിലവാരത്തിലെത്തണമെങ്കിൽ എൽ.ഡി.എഫ് തന്നെ വേണ്ടിവരും. പ്രതിപക്ഷ കക്ഷികളുടെ മുഖഭാവമാണെങ്കിൽ ഓരോ ചെറുകിട തെരഞ്ഞെടുപ്പു കഴിയുന്തോരും 'ഇഞ്ചിതിന്ന കുരങ്ങി'നേക്കാൾ ഒട്ടും ഭേദമല്ലാത്ത നിലയിലും. നിത്യവും ചാനലുകളിൽ കാണുകയാണല്ലോ! ഈ ചാനലുകളെ മൊത്തം നിരോധിക്കണം; അല്ലെങ്കിൽ പ്രതിപക്ഷങ്ങളെ!


എന്നാൽ ഗോവിന്ദൻ മാസ്റ്റർ (ഈയിടെ മാസ്റ്റർ പദവി ഉപേക്ഷിച്ച മട്ടാണ്) പ്രസ്താവന നടത്തിയപ്പോൾ ആലപ്പുഴക്കാരൻ കൃഷിമന്ത്രി പി. പ്രസാദ് സഖാവിന്റെ ശോകം നിറഞ്ഞ മുഖം ഓർത്തില്ല. കൊച്ചേട്ടൻ പാർട്ടിയുടെ ആ മന്ത്രി സഖാവിന്റെ ദുഃഖം ആരെങ്കിലും പകർത്തിക്കാട്ടിയിരുന്നുവെങ്കിൽ വല്യേട്ടന്റെ 'ജനകീയ പ്രതിരോധ ജാഥ'യുടെ പ്രതിഛായ പ്രതിസ്ഥാനത്താകുമായിരുന്നില്ലേ? ഇന്നാട്ടിൽ നിലവും വളവും ഇല്ലാത്തതിനാൽ കൃഷി പഠിക്കാൻ ഇസ്രായലിൽ പോകാനിരുന്ന ആ സഖാവിന്റെ യാത്രയാണ് ആദ്യം മുടക്കിയത്. എന്നിട്ടരിശം പോരാഞ്ഞിട്ടാ പുരയുടെ ചുറ്റും മണ്ടി നടന്നു - എന്ന നമ്പ്യാരാശാന്റെ വരികൾ പോലെ, മന്ത്രിയുടെ നൂറനാട്ടെ വീട്ടിലെ വൈദ്യുതിയുടെ ഫ്യൂസ് ഊരിമാറ്റി പണമടച്ചത് ഉദ്യോഗസ്ഥർ അറിഞ്ഞില്ലത്രേ! ശുദ്ധ നുണ! കുടിശ്ശിക അയൽ സംസ്ഥാനത്തു ചെന്ന് അടച്ചാൽ പോലും സംഗതി 'ഓൺലൈനാണ്. സർക്കാരിനെ താറടിച്ചു കാണിക്കാനുള്ള കാനം സഖാവിന്റെ സൂത്രപ്പണികൾ നിർത്തിവെച്ചിട്ടു കൃത്യം ഒരു കൊല്ലം തികയുന്നു. 
അപ്പോഴാണ് ചിന്ന മന്ത്രിയുടെ കളി! കേരളത്തിന്റെ സന്തോഷം ഉയർത്തുവാൻ വേണ്ടി ഗോവിന്ദൻ സഖാവിന്റെ പിന്നിൽ ആനവണ്ടിയുമായി എത്തിയ ആന്റണി രാജു മന്ത്രിയെ കണ്ടു പഠിക്കണം. ജോലിക്കനുസരിച്ചു കൂലി എന്ന പതിനെട്ടാം നൂറ്റാണ്ടിലെ അതിപുരോഗമന പദ്ധതി പോലും ഉപേക്ഷിച്ചത് (?) സി.ഐ.ടി.യുവിന്റെ സന്തോഷത്തിനു വേണ്ടിയാണ്. ച്ചാൽ, കേരളത്തിന്റെ എന്നർഥം. അങ്ങനെ കേരളത്തെ സന്തോഷം അനുഭവിച്ചുകൊണ്ട് ഗോവിന്ദൻ സഖാവിന്റെ ജാഥ എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം. അങ്ങനെയങ്ങനെ മെല്ലെ മെല്ലെ തലസ്ഥാനത്തെത്തുമ്പോൾ തന്നെ, സംസ്ഥാനം സമ്പൂർണ സന്തോഷം കൈവരിക്കാനാണ് സാധ്യത. 


****                              ****                       ****


ലോക വനിത ദിനത്തിലും സന്ദർഭത്തിനുസരിച്ച് ഇ.പി. ജയരാജൻ സഖാവ് ചിരിക്കാനുളള വക വിളമ്പി. പെൺകുട്ടികൾ ഷർട്ടും കാലുറയും ഇട്ടോണ്ടു സമരം ചെയ്യാൻ പോകരുതെന്ന് അദ്ദേഹത്തിന്റെ ഉപദേശം. പോലീസുകാരുടെ 'കൺട്രോള്' പോകുമെന്നു പറഞ്ഞില്ല. ഭാഗ്യം! മറന്നുപോയതാകണം. ഈയിടെ പല ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്നു പറഞ്ഞിട്ടുണ്ടല്ലോ. അദ്ദേഹം സ്വന്തം പാർട്ടിയുടെ ചാനൽ കാണാറില്ലെന്നു തെളിഞ്ഞു. അന്നേ ദിവസം ഉച്ച കഴിഞ്ഞ് കൃത്യം മൂന്നു മണിക്കാണ് ലോക വനിത ദിനത്തിന്റെ ചരിത്രം കൈകാര്യം ചെയ്യാൻ ഒരു 'പെങ്കൊളന്തെ'യെ അവതരിപ്പിച്ചത്. പ്രേക്ഷകർ ക്ഷമാപൂർവം കണ്ടിരുന്ന് അതൊരു വനിതയാണെന്നു മനസ്സിലാക്കി.


തലമുടി കഴുത്തിനു മുകളിൽ മുറിച്ച് ഷർട്ടും ജീൻസും ധരിച്ച മഹിള. പിന്നിൽ കോപൻഹേഗനിലെ പെൺസമരവും അമേരിക്കയും സുശീല ഗോപാലനുമൊക്കെ മിന്നിമറയുന്നു. വനിതകളുടെ ആ രോമാഞ്ച ചരിത്രം കാണാതെ ഇടതുമുന്നണി കൺവീനർ ഉച്ചയുറക്കത്തിലേക്കു പോയി എങ്കിൽ ഭാഗ്യവാൻ! 'ഏട്ടിലപ്പടി വീട്ടിലിപ്പടി' എന്നൊരു ചൊല്ലുമുണ്ടല്ലോ.
കേന്ദ്ര ഭരണവും കേരള ഭരണത്തിന്റെ സൗഹൃദവും കൈയാളുന്ന ഉള്ളി സുരേന്ദ്രജിയും വെറുതെയിരുന്നില്ല. അദ്ദേഹം ബ്രഹ്മപുരത്തെ വിഷമാലിന്യപ്പുകയെ കയറിപ്പിടിച്ചു. അവിടെ മാലിന്യ നിർമാർജനത്തിന്റെ കരാർ മുൻ ഇടതു കൺവീനർ വൈക്കം വിശ്വന്റെ മകനാണു പോലും! പക്ഷേ, ഉള്ളി ഉപകരാറുകാരന്റെ കഴുത്തിനാണ് പിടികൂടിയത്. അത് ഐ ഗ്രൂപ്പ് നേതാവ് എൻ. വേണുഗോപാലിന്റെ മരുമകനാണത്രേ! നോക്കണേ, മക്കൾ- മരുമക്കൾ മാലിന്യ രാഷ്ട്രീയത്തിന്റെ പോക്ക്!
എന്തു ചെയ്യാം, തന്റെ മരുമകന് ബാംഗ്ലൂരിൽ 'കാപ്പിക്കച്ചവട'മാണെന്ന് വേണുഗോപാൽ തൽക്ഷണം തിരിച്ചടിച്ചു! അവശേഷിക്കുന്നത് കൊച്ചിയിലെ വിഷപ്പുകയും പാവം ജനങ്ങളും! 

Latest News