Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എല്ലാം സഹിച്ച രണ്ടര വർഷം; അനുഭവം വിവരിച്ച് സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാന

ന്യൂദൽഹി- ഹത്രാസിൽ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച് റിപ്പോർട്ട് എഴുതാൻ പോയതിന്റെ പേരിൽ തടങ്കലിലായ സിദ്ദീഖ് കാപ്പന്റെ മോചനത്തിന് കഴിഞ്ഞ രണ്ടര വർഷമായി നിരന്തരം പോരാടുകയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ റൈഹാന. ഈ വർഷമത്രയും റൈഹാന മുട്ടാത്ത വാതിലുകളില്ല. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ഒടുവിൽ സിദ്ദീഖിന്റെ മോചനം സാധ്യമായി. 
സിദ്ദീഖിന്റെ മോചനത്തിന് വേണ്ടി നടത്തിയ പോരാട്ടത്തിന്റെ ഓർമ്മകൾ റൈഹാന സിദ്ദീഖ് പങ്കുവെക്കുന്നു.

പ്രിയപ്പെട്ടവരെ,
രണ്ടര വർഷമായി  കൃത്യമായി പറഞ്ഞാൽ 2020ഒക്ടോബർ 5നു ശേഷം ഞാൻ നിങ്ങളുമായി നിരന്തരം സംസാരിച്ചു കൊണ്ടേ ഇരിക്കുന്നു.. ഒരു സോഷ്യൽ മീഡിയയിലും അതിനു മുന്നേ നിങ്ങളെന്നെ കണ്ടിട്ടുണ്ടാവില്ല. സിദ്ധിഖ് കാപ്പൻ എന്ന ഒരു സാധാരണ മാധ്യമ പ്രവർത്തകൻ, എന്റെ ജീവിത പങ്കാളി യുപി പോലീസിന്റെ കള്ളക്കേസിൽ കുടുങ്ങി ഇരുട്ടറയിൽ തളക്കപ്പെട്ടപ്പോൾ, തീവ്രവാദിയായി മുദ്ര ചാർത്തപ്പെട്ടപ്പോൾ, പലരും അദ്ദേഹത്തെ ഒരു തീവ്രവാദിയാക്കാൻ തിടുക്കം കാണിച്ചപ്പോൾ ഞാൻ പൊതുസമൂഹത്തോട് ഇതിന്റെ സത്യാവസ്ഥ  വിളിച്ചു പറയണം എന്ന് ഉറപ്പിച്ചു. അന്ന് മുതൽ  നിരന്തരം മാധ്യമങ്ങളോടും എല്ലാ രാഷ്ട്രീയ പാർട്ടികളോടും പൊതു സമൂഹത്തോടും കാപ്പന്റെ നിരപരാധിത്വം വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. എന്നെ കേൾക്കാൻ നിങ്ങൾ സമയം കണ്ടെത്തി.. ഞങ്ങൾക്ക് വേണ്ടി നിങ്ങളുടെ വിലപ്പെട്ട സമയങ്ങൾ നിങ്ങൾ നീക്കി വെച്ചു.. നിങ്ങളുടെ വലിയ പ്രതിസന്ധികളും വേദനകളും ദൈവത്തോട് പറയുമ്പോൾ ഞങ്ങൾക്ക് വേണ്ടിയും ആത്മാർത്ഥമായി  പ്രാർത്ഥിക്കാൻ നിങ്ങൾ മറന്നില്ല..
ഇതിന്റെയൊക്കെ ഫലമായി രണ്ടര വർഷങ്ങൾക്ക് ശേഷം ഭാഗീകമായെങ്കിലും നമുക്ക് നീതി കിട്ടി. ദൈവത്തിനു സ്തുതി!!
ഇന്ന് കാപ്പൻ ഞങ്ങളുടെ കൂടെ ഉണ്ട്.
നമുക്കറിയാം ഇന്ത്യയിൽ യു എ പി എ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടാൽ അതിൽ നിന്ന് മോചനം ലഭിക്കാനുള്ള പ്രയാസം, നിരപരാധികൾക്ക് മേൽ കരിനിയമങ്ങൾ ചാർത്തപ്പെട്ടാൽ പെട്ടെന്ന് മോചനം കിട്ടില്ല എന്നും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർക്കറിയാം. എനിക്ക് ഇത് വളരെ ദീർഘമായ സമയമായി തോന്നുമെങ്കിലും നിയമം പഠിച്ചവർക്കറിയാം ഇതൊരു ചെറിയ കാലയളവാണെന്ന്.
ഈ രണ്ടര വർഷം കടന്നു പോയത് വളരെ ദുർഘടമായ  പാതകളിലൂടെയാണ്. എങ്കിലും എനിക്ക് ഉറച്ച കാൽവെപ്പുകളോടെ പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോവാൻ ദൈവം എന്റെ കൈ പിടിച്ചു നടത്തിയിട്ടുണ്ട്.
ദൈവത്തിന്റെ മാലാഖമാരായി ഒരുപാട് മനുഷ്യർ ഞങ്ങൾക്കൊപ്പം ചേർന്ന് നിന്നു. എല്ലാവരുടെയും പേര് എഴുതാൻ കഴിയില്ല, അതിനു ഈ കുറിപ്പ് മതിയാവുകയില്ല.
കാപ്പൻ അറസ്റ്റിലായി എന്നറിഞ്ഞ നിമിഷം മുതൽ അദേഹത്തിന്റെ മോചനത്തിനായി നിയമ പരമായും മറ്റെല്ലാ തരത്തിലും മുന്നിട്ടിറങ്ങിയ ഗഡണഖ യൂണിയൻ. പല സമ്മർദ്ദങ്ങളും അവർക്കുണ്ടായിട്ടുണ്ട് എങ്കിലും അവർ അവരുടെ സുഹൃത്തിനു വേണ്ടി ഉറച്ചു നിന്നു. മണികണ്ഠൻ, പ്രശാന്ത്, ജിഗീഷ്, മിജി, ധനസുമോദ്, അഴിമുഖത്തിലെ ജോസി ജോസഫ്, പ്രസൂൺ, ഡൽഹി, തിരുവനന്തപുരം, കോഴിക്കോട് , മലപ്പുറം യൂണിയൻ അംഗങ്ങൾ അങ്ങനെ ഒരുപാട് മാധ്യമ സുഹൃത്തുക്കൾ..
കാപ്പന്റെ അറസ്റ്റ് വിവരം അറിഞ്ഞ നിമിഷം മുതൽ വീട്ടിൽ വന്നും ഫോണിൽ സംസാരിച്ചും എനിക്ക് ധൈര്യവും സമാധാനവും തന്നു, അദ്ദേഹത്തിന് വേണ്ടി ഐക്യ ദാർഢ്യ സമിതി രൂപീകരിച്ചു, സമരങ്ങൾ നടത്തികൂടെ നിന്ന മനുഷ്യർ..മുതിർന്ന മാധ്യമ പ്രവർത്തകനും കാപ്പനെ നന്നായി അറിയുന്ന   ചെക്കുട്ടി സർ, എന്നെയും കൊണ്ട് തിരുവനന്തപുരം ഉള്ള എല്ലാ നേതാക്കളുമായി കാര്യങ്ങൾ സംസാരിക്കാൻ ഓടി നടന്ന അതിനു വേണ്ടി കുറെ തെറി കേൾക്കേണ്ടി വന്ന ശ്രീജ, സോണിയ ചേച്ചി, എന്റെ നിഴലായി നിന്ന അംബിക ചേച്ചി, ഹരിഹരൻ സഖാവ്, പി എ എം ഹാരിസ് ,കെ പി ഒ റഹ്മത്തുള്ള, റെനി ഐലിൻ..
അങ്ങിനെ കുറെ പേർ.
കാപ്പന്റെ അറസ്റ്റ് മുതൽ ഈ കേസ് ഞാൻ ഏറ്റെടുത്തു കൊള്ളാമെന്നു പറഞ്ഞ് തീർത്തും സൗജന്യമായി കേസ് വാദിച്ച ഇന്ത്യയിലെ ഏറ്റവും മുതിർന്ന വക്കീൽ ബഹു കപിൽ സിബൽ സർ. അറസ്റ്റ് സമയത്തെ പ്രതിസന്ധികൾ ചെറുതല്ലായിരുന്നു. നാൽപത്തി അഞ്ചു ദിവസം കാപ്പൻ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും നിശ്ചയമില്ലാത്ത സമയത്ത് സുപ്രിം കോടതിയിൽ നിന്ന് ഒരു വക്കീൽ ഡൽഹിയിലേക്കും യുപിയിലേക്കും  ഓടിക്കൊണ്ടേ ഇരുന്നു. എന്റെ മനസീക സമ്മർദ്ദങ്ങൾ മുഴുവൻ അറിഞ്ഞ, നിയമ വശങ്ങൾ ക്ഷമയോടെ പറഞ്ഞു തന്ന   അഡ്വ വിൽസ് മാത്യു സർ, ലഖ് നൗ കോടതിയിലേക്ക് കേസ് മാറ്റിയപ്പോൾ അവിടെ ഒരു വക്കീലിനെ കണ്ടെത്താനും അന്വേഷിക്കാനും ബുദ്ധിമുട്ടിയ സമയത്ത്  വക്കീലിനെ ഏർപ്പാട് ചെയ്യാനും കണ്ടെത്താനും സഹായിച്ച മുതിർന്ന മാധ്യമ പ്രവർത്തകയും ചെക്കുട്ടി സാറിന്റെ സുഹൃത്തുമായ മുംബൈ സ്വദേശിനിയായ ഗീത മാഡം, ഡൽഹിയിലുള്ള സാവിന്തി നൈനാൻ, എന്റെ അമ്മയെ പോലെ കൂടെ നിന്ന രമ സുന്ദരി മാഡം.
ലഖ്‌നൗവിൽ സൗജന്യമായി കേസ് വാദിക്കാൻ തയ്യാറായ അവിടത്തെ ഏറ്റവും മുതിർന്ന അറിയപ്പെടുന്ന വക്കീൽ  ഐ.ബി സിംഗ്, അദ്ദേഹത്തിന്റെ മകൻ ഇഷാൻ ഭാഗേൽ, അഡ്വ ഖാലിദ് അടങ്ങിയ വലിയ ഒരു ടീം..
യു.എ.പി.എ കേസിൽ ഹൈകോടതി ജാമ്യം തള്ളി കേസ് വീണ്ടും സുപ്രിം കോടതിയിൽ എത്തി. അഡ്വ ഹാരിസ് ബീരാൻ ആയിരുന്നു കേസ് നോക്കിയിരുന്നത്. കേസിന്റെ ഓരോ ഘട്ടത്തിലും സൂക്ഷ്മത പുലർത്തി സിബൽ സാറുമായുള്ള ബ്രീഫിങ്ങിൽ വരെ എന്നെയും കൂടെ കൂട്ടി..
സിബൽ സാറിന്റെ ഓഫിസിൽ തന്നെയുള്ള   അഡ്വ. കോശി സർ..
ഒന്നര വർഷമായിട്ടും കാപ്പനെ ഒന്ന് കാണാൻ വേണ്ടി  ഞാൻ മുട്ടാത്ത വാതിലുകളില്ല.. ഒരു കണക്കിനും എനിക്ക് കാണാൻ പറ്റാത്ത അവസ്ഥയിൽ നിൽക്കുന്ന സമയത്തു എന്റെ കൂടെ ലഖ്‌നൗ വരെ വന്നു കാപ്പനെ കാണാനും എല്ലാ വക്കീലുമാരുമായും കാര്യങ്ങൾ ചർച്ച ചെയ്ത് കേസ് ഏകോപിപ്പിച്ചു നിർത്താനും സഹായിച്ച എന്റെ കുടുംബാംഗം കൂടിയായ  അഡ്വ. മുഹമ്മദ് ദാനീഷ്..
കാപ്പൻ മധുര ജയിലിൽ കിടക്കുമ്പോൾ വക്കീലിന് പോലും അടുക്കാൻ കഴിയാത്ത സമയം ദൈവദൂതനെ പോലെ കാപ്പന് വേണ്ടി ഭക്ഷണവും വസ്ത്രവും പുസ്തകവും എത്തിച്ചു കൊണ്ടിരുന്ന സ്വാമി നാരായൺ ദാസ്.
ജാമ്യം ലഭിച്ചു, യുപി യിലുള്ള ജാമ്യക്കാരെ തന്നെ വേണമെന്ന കോടതിയുടെ നിർദേശത്തിൽ പല ആളുകളുമായും നിരന്തരം അന്വോഷിച്ചു. പ്രമുഖ മാധ്യമ പ്രവർത്തകൻ  കെ എ ഷാജി, അദ്ദേഹം  വഴി സ്‌നേഹത്തിന്റെ നിറകുടമായ ഒരമ്മയെ ഞങ്ങൾക്ക് ലഭിച്ചു പ്രൊഫസർ രൂപ് രേഘ വർമ്മ.. നദീം ഖാൻ വഴി റിയാസ് ഖാനും അലീ മുള്ള ഖാനും, ഡൽഹി പ്രസ് ക്ലബ് പ്രസിഡന്റ് ഉമാ കാന്ത്, അദ്ദേഹം വഴി ലഖ്‌നൗവിലെ മാധ്യമ പ്രവർത്തകൻ കുമാർ സൗവീർ സാറും ഞങ്ങൾക്കൊപ്പം നിന്നു.
എല്ലാ രാഷ്ട്രീയ പാർട്ടിയിലെ നേതാക്കളുമായും, എംപി മാരുമായും, എം എൽ എ മാരുമായും ഞാൻ സംസാരിച്ചിട്ടുണ്ട്, കത്തെഴുതിയിട്ടുണ്ട്.
അവർ കാപ്പന് വേണ്ടി സംസാരിച്ചിട്ടുണ്ട്. യൂണിയനും ഐക്യ ദാർഢ്യ സമിതിയും നയിച്ച പരിപാടികളിൽ അവർ പങ്കെടുത്തിട്ടുണ്ട്.
കാപ്പന് വേണ്ടി പാർലമെന്റിലും,നിയമസഭയിലും ശബ്ദിച്ചു..
ബഹുമാനപ്പെട്ട പാണക്കാട് മുനവ്വറലി തങ്ങളാണ് അഡ്വ ഹാരിസ് ബീരാൻ സാറെ കേസ് ഏല്പിച്ചത്. ഇ ടി മുഹമ്മദ് ബഷീർ എംപി പല കാര്യങ്ങളിലും കൂടെ നിന്നു. കാപ്പൻ കോവിഡ് ബാധിച്ചു എയിംസ് ഹോസ്പിറ്റലിൽ കിടന്ന സമയത്ത് ഞാനും മോനും ഡൽഹിയിലേക്ക് ഫ്‌ലൈറ്റ് കയറിയപ്പോൾ അപകടകരമായ ഒരു സാഹചര്യമായിരുന്നു.   അന്ന് എംപി അബ്ദുൽ വഹാബ് സാറിന്റെ ഫ്‌ലാറ്റിൽ ആയിരുന്നു  താമസിച്ചിരുന്നത്.
അദ്ദേഹത്തിന്റെ വാഹനത്തിൽ   സുരക്ഷിതമായി ഞങ്ങൾ ഹോസ്പിറ്റലിലേക്കും ഫ്‌ലാറ്റിലേക്കും സഞ്ചരിച്ചു.
ബിനോയ് വിശ്വം സർ എപ്പോഴും എനിക്ക് വിളിച്ചു ധൈര്യം നൽകികൊണ്ടിരുന്നു. കോൺഗ്രസ് ആദ്യം മുതൽ ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ എന്ന് പറഞ്ഞ് ഒപ്പം നിന്നു. കെ പി നൗഷാദ് അലി തുടക്കം മുതൽ ഞങ്ങളെ ചേർത്ത് നിർത്തി. കോൺഗ്രസ് എംപിമാർ എല്ലാവരും കാപ്പന് വേണ്ടി സംസാരിച്ചു. കേ രളത്തിൽ നിന്നുള്ള ഇരുപത് എംപി മാർ ഒപ്പിട്ട  കത്ത് ചീഫ് ജസ്റ്റിസിനു അയച്ചു. ശശി തരൂർ എംപി കേസിന്റെ കാര്യങ്ങൾ കപിൽ സിബൽ സാറുമായി ചർച്ച ചെയ്തു. സി.പി.എം എം.പി മാരും, മുസ്ലിം ലീഗ് എം.പി മാരും അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു.
കോണ്ഗ്രസ് വനിതാ നേതാവ് ഷമ മുഹമ്മദ് ഒരു അനിയത്തിയോടുള്ള സ്‌നേഹത്തോടെ ചേർത്ത് പിടിച്ചു.. ഡൽഹിയിൽ വരുമ്പോൾ ഒക്കെ കാണാൻ വന്നു ധൈര്യം പകർന്നു.
ഇന്ത്യയിലെ പല എംപി മാരും പാർലമെന്റിൽ കാപ്പന് വേണ്ടി സംസാരിച്ചു. തേജസ് പത്രത്തിലെ കാപ്പന്റെ സഹപ്രവർത്തകർ
ഇന്ത്യയിലും, ഇന്ത്യയുടെ പുറത്തുള്ള മാധ്യമങ്ങളും കാപ്പന് വേണ്ടി നിരന്തരം എഴുതികൊണ്ടിരുന്നു. ഒട്ടുമിക്ക മത സംഘടനകളും, എല്ലാ രാഷ്ട്രീയ പാർട്ടിയിലെ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത എല്ലാവരും കൂടെ നിന്നു, കാപ്പന് വേണ്ടി സംസാരിച്ചിട്ടുണ്ട്, പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്..
എന്റെ ഫാമിലി എല്ലാം കൊണ്ടും എനിക്ക് തുണയായി നിന്നു. കാപ്പന്റെ ഫാമിലി, ഞങ്ങളുടെ നാട്ടുകാർ, പ്രത്യേകിച്ച് എടുത്തു പറയേണ്ട എന്റെ അയൽവാസികൾ അവരായിരുന്നു എപ്പോഴും കൂടെ..
എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ. നോമ്പ് നോറ്റും പ്രാർത്ഥിച്ചും ധൈര്യം പകർന്നു. എന്റെ മാതാപിതാക്കൾ. സോഷ്യൽ മീഡിയ വഴി എനിക്ക് കിട്ടിയ സ്‌നേഹിക്കാൻ മാത്രമറിയുന്ന മനുഷ്യർ. എന്റെ എല്ലാ സമ്മർദ്ദങ്ങളും വേദനകളും അനുഭവിച്ചറിഞ്ഞ ഞങ്ങളുടെ മക്കൾ.. ഏത് പ്രതിസന്ധിയും നേരിടാൻ അവരെ പ്രാപ്തരാക്കി എടുത്തു.. ശത്രുക്കൾ പല വ്യാജ പ്രചാരണങ്ങളും നിലക്കാതെ നടത്തികൊണ്ടിരുന്നപ്പോൾ, ഞാൻ സത്യങ്ങൾ മാത്രം പറഞ്ഞു കൊണ്ടിരുന്നു.
ഇനിയും കടമ്പകൾ ഏറെയുണ്ട്. നിയമപരമായി അതിനെ നേരിടും. കോടതിയിൽ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയും വരെ മുന്നോട്ട് തന്നെ പോവണം. ഇത് വരെ ഞങ്ങളുടെ കൂടെ നിന്ന, ഞങ്ങൾക്ക് വേണ്ടി സംസാരിച്ച, പ്രാർത്ഥിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.. ഇനിയും നിങ്ങൾ ഞങ്ങളുടെ കൂടെ ഉണ്ടാവണം. കാപ്പനെ പോലെ ഒരുപാട് നിരപരാധികളായ മനുഷ്യർ ഇരുട്ടറയിൽ ഇപ്പോഴും കിടക്കുന്നുണ്ട്. അവർക്ക് വേണ്ടി ഒരുമിച്ചു നിൽക്കേണ്ടതുണ്ട്. വീണ്ടും പറയുന്നു.. തെറ്റ് ചെയ്തവർക്കുള്ളതാണ് ജയിൽ. നിരപരാധികൾക്കുള്ളതല്ല.
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാതിരിക്കട്ടെ. സ്‌നേഹത്തോടെ
റൈഹാന സിദ്ധിഖ്‌
 

Latest News