ന്യൂദൽഹി - ലോക്സഭയിലേക്കും നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം.പി. തന്റെ അഭിപ്രായങ്ങൾ പാർട്ടി ശരിയായ രീതിയിലല്ല വിലയിരുത്തുന്നതെന്നു വ്യക്തമാക്കിയ അദ്ദേഹം പാർട്ടിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നും അറിയിച്ചു. രാജ്യ തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ സേവനം വേണോ വേണ്ടയോ എന്ന് പാർട്ടിക്ക് തീരുമാനിക്കാം. മത്സരിക്കാൻ ഇല്ലെന്ന് തന്നെ വന്നു കണ്ട നേതാക്കളെയും പ്രവർത്തകരെയും അറിയിച്ചിട്ടുണ്ട്. ബോധപൂർവം തന്നെ അപമാനിക്കാനാണ് നേതൃത്വം കത്ത് നൽകിയത്. തെരഞ്ഞെടുപ്പ് പടിവാതിൽക്കലിലെത്തി നിൽക്കെ രണ്ട് എം.പിമാരെ പിണക്കിയത് നല്ലതിനല്ല. നോട്ടീസ് നൽകും മുമ്പ് തന്നോട് നേരിട്ട് സംസാരിക്കാമായിരുന്നുവെന്നും മുരളീധരൻ വ്യക്തമാക്കി.
നേതൃ വിമർശത്തെ തുടർന്ന് കോഴിക്കോട് എം.പി എം.കെ. രാഘവന് താക്കീതും കെ മുരളീധരന് മുന്നറിയിപ്പും നൽകി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ കത്ത് നൽകിയിരുന്നു. പാർട്ടിയെ മോശമായി ചിത്രീകരിക്കുന്ന പരസ്യ പ്രസ്താവനകൾ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാർട്ടിയിൽ സംഭവിക്കുന്നതെന്നും മിണ്ടാതിരിക്കുന്നവർക്കും സ്തുതി പാഠകർക്കുമാണ് പാർട്ടിയിൽ സ്ഥാനമെന്നും കോഴിക്കോട്ട് നടന്ന കോൺഗ്രസിന്റെ ഒരു അവാർഡ് സമർപ്പണ ചടങ്ങിനിടെ എം.കെ രാഘവൻ വിമർശിച്ചിരുന്നു. ഇതിനെ പിന്തുണച്ച് മിണ്ടാതിരിക്കുന്നവർക്ക് പാർട്ടിയിൽ ഗ്രേസ് മാർക്ക് കൂടുമെന്ന് കെ മുരളീധരനും പ്രതികരിച്ചിരുന്നു.






