ജിഷമോള്‍ പറഞ്ഞ കളരിയാശാന്‍ വാളയാറില്‍ പോലീസ് പിടിയിലായതായി സൂചന, ചോദ്യം ചെയ്യുന്നു

ആലപ്പുഴ : എടത്വയിലെ കൃഷി ഓഫീസര്‍ എം.ജിഷമോള്‍ അറസ്റ്റിലായ കള്ളനോട്ട് കേസിലെ പ്രധാന കണ്ണിയെന്ന് കരുതുന്ന കളരിയാശാന്‍ പിടിയിലായതായി സൂചന. വാളയാര്‍ ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. എന്നാല്‍ ഇത് സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും തന്നെ പോലീസ് പുറത്ത് വിട്ടിട്ടില്ല. രണ്ടു ദിവസം മുന്‍പാണ് കൃഷി ഓഫീസറായ എം.ജിഷമോള്‍ മറ്റൊരാള്‍ വഴി ബാങ്കില്‍ നല്‍കിയ 500 രൂപയുടെ ഏഴ് കള്ള നോട്ടുകള്‍ പോലീസ് പിടിച്ചെടുത്ത്. ജിഷമോളെ അറസ്റ്റ് ചെയ്ത റിമാന്‍ഡ് ചെയ്തിരുന്നു. ഇവര്‍ നല്‍കിയ സൂചനകളുടെ അടിസ്ഥനത്തിലാണ് സൂഹൃത്തായ കളരിയാശാനിലേക്ക് അന്വേഷണം എത്തിയത്. ഇയാള്‍ക്ക് കള്ളനോട്ട് സംഘവുമായുള്ള ബന്ധമുണ്ടെന്നതിന്റെ സൂചനകള്‍ ജിഷ മോള്‍ അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു.

വളരെ വിദഗ്ധമായി നിര്‍മ്മിച്ച പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റാത്ത കള്ളനോട്ടുകളാണ് പിടികൂടിയിരുന്നത്.  കറന്‍സികളെക്കുറിച്ച് കൃത്യമായ അറിവുള്ളവര്‍ക്ക് സൂക്ഷ്മ പരിശോധനയിലൂടെ മാത്രമെ ഇത് കള്ളനോട്ടാണെന്ന് കണ്ടെത്താന്‍ കഴിയൂ. അതുകൊണ്ട് തന്നെ ഏതെങ്കിലും വന്‍ കള്ളനോട്ട് സംഘങ്ങള്‍ നിര്‍മ്മിച്ച കള്ളനോട്ടാണ് ഇതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ജിഷമോള്‍ അതിന്റെ ഭാഗമായിരിക്കാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. കേസ് കൂടുതല്‍ അന്വേഷണത്തിനായി സംസ്ഥാന പോലീസിന് കീഴിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് കൈമാറാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
കൂടുതല്‍ പരിശോധനയ്ക്കായി കള്ളനോട്ടുകള്‍ ഇപ്പോള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.
ജിഷമോള്‍ നല്‍കിയ 500 രൂപയുടെ ഏഴ് കള്ളനോട്ടുകള്‍ മറ്റൊരാള്‍ കഴിഞ്ഞ ദിവസം ബാങ്കില്‍ നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. വ്യാജനോട്ടുകളാണ് താന്‍ നല്‍കിയതെന്ന് ജിഷമോള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റും റിമാന്‍ഡും. മാനസിക അസ്വസ്ഥതകള്‍ കാണിച്ചതിനാല്‍ പൊലീസിന് കൂടുതല്‍ ചോദ്യം ചെയ്യാനായില്ല. ഇവരെ കോടതി ഉത്തരവനുസരിച്ച് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ജയിലില്‍ വെച്ച് ഇവര്‍ അസ്വാഭാവികമായി പെരുമാറിയിരുന്നു. മൂന്ന് വര്‍ഷമായി ജിഷമോള്‍ മാനസിക പ്രശ്നങ്ങള്‍ക്ക് മരുന്നുകഴിക്കുന്നയാളാണെന്നും ചികിത്സ വേണമെന്നും ഇവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് പത്ത് ദിവസത്തേക്ക് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശം നല്‍കിയത്.മോഡലിംഗ് രംഗത്ത് സജീവമാണ് ജിഷമോള്‍. ഈ രംഗത്തുള്ള മാറ്റാര്‍ക്കെങ്കിലും കള്ളനോട്ടു കേസുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

Latest News